ADVERTISEMENT

ജീവിതത്തിന്റെ ഓരോ പടവിലും അച്ഛൻ മനോഹരനാണ് ഐശ്വര്യയുടെ കൂട്ട്. പരീക്ഷാദിനങ്ങളിൽ ഹാളിലേക്കു പ്രവേശിക്കും മുൻപേ ഐശ്വര്യ ഒന്നു തിരിഞ്ഞു നോക്കും. ‘മിടുക്കിയായി പരീക്ഷയെഴുതി വാ മക്കളേ...’ എന്ന് അച്ഛൻ ആത്മവിശ്വാസമേകും. പരീക്ഷ തീരുംവരെ പുറത്തു കാത്തിരിക്കും. മകൾ ബിരുദാനന്തര ബിരുദക്കാരിയായപ്പോൾ, കൂലിപ്പണിക്കാരനായ അച്ഛന്റെ മനസ്സു നിറയെ സർക്കാർ ജോലി എന്ന സ്വപ്നമായിരുന്നു. അച്ഛന്റെ തണലിൽ ജോലി തേടി പരീക്ഷയ്ക്കു പോകുന്നതിന്റെ പേരിൽ ചില പരിഹാസങ്ങളും ഐശ്വര്യ കേട്ടു. പിജിവരെ പഠിച്ചിട്ടും സ്ഥിരവരുമാനമുള്ളൊരു ജോലി നേടാൻ കഴിയാത്തതിൽ നിരാശ തോന്നുകയും ചെയ്തിരുന്നു.

പക്ഷേ, എല്ലാത്തിനും മറുപടിയായി പിഎസ്‌സി പരീക്ഷയിൽ സംസ്ഥാനതല അഞ്ചാം റാങ്കിന്റെ തിളക്കത്തോടെ നിയമനത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി എം.എസ്.ഐശ്വര്യ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൽഡി ടൈപ്പിസ്റ്റ് പരീക്ഷയിലെ അഞ്ചാം റാങ്കുകാരി ക്ലാർക്ക് ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ് വിവിധം, ടൈപ്പിസ്റ്റ് ഗ്രേഡ് 2 വിവിധം തുടങ്ങിയ തസ്തികകളുടെ റാങ്ക്‌ ലിസ്റ്റിലും മികച്ച വിജയത്തോടെ ഇടംപിടിച്ചിട്ടുണ്ട്.

‘‘പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ മോക് ടെസ്റ്റുകളാണ് ഏറ്റവും പ്രധാനം. പരമാവധി മാതൃകാ പരീക്ഷകൾക്ക് ഉത്തരമെഴുതി പരിശീലിക്കുന്നത് ഏറെ പ്രയോജനം ചെയ്യും. തൊഴിൽ വീഥിയിലെ മോക് ടെസ്റ്റ് പേജുകൾ ഞാൻ വെട്ടിയെടുത്തു സൂക്ഷിച്ചിരുന്നു. ഒഎംആർ മാതൃകയിൽ ഉത്തരങ്ങൾ മാർക്ക് ചെയ്തതുവഴിടൈം മാനേജ്മെന്റും എളുപ്പമായി. ഓരോ വിഷയത്തിനും എത്ര സമയം നീക്കിവയ്ക്കണം എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാൻ ഇത് സഹായിച്ചു. കറന്റ് അഫയേഴ്സ്, ഇംഗ്ലിഷ് വിഭാഗങ്ങളിലെ ചോദ്യങ്ങൾക്കും തൊഴിൽവീഥിയെയാണ്പ്രധാനമായിആശ്രയിച്ചത്’’.

സ്ലോ & സ്റ്റെഡി സക്സസ്!
2019ൽ എംഎസ്‌സി മാത്‌സ് പൂർത്തിയാക്കിയ ശേഷമാണ് ഐശ്വര്യ സർക്കാർ ജോലി കണക്കുകൂട്ടിത്തുടങ്ങിയത്. പക്ഷേ, കോവിഡിന്റെ പ്രഹരത്തിൽ കോച്ചിങ് സ്വപ്നം ലോക്ഡൗണിലായി. ട്യൂഷൻ ടീച്ചറുടെ‌റോളിൽ ഉപജീവന മാർഗം തുടങ്ങി. ട്യൂഷനുവേണ്ടി ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ പാഠപുസ്തകങ്ങൾ വീണ്ടും മറിക്കുമ്പോൾ ഐശ്വര്യ കരുതിയില്ല, പിഎസ്‌സി പരീക്ഷകൾക്കുള്ള അടിസ്ഥാന സിലബസിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന്. കോവിഡ് മാറി കാലം ‘പോസിറ്റീവ്’ ആയതോടെ ഐശ്വര്യ പോത്തൻകോട് ദിശ പിഎസ്‌സി കോച്ചിങ് സെന്ററിൽ പരിശീലനത്തിനു ചേർന്നു. സിലബസ് ഉൾപ്പെടെ പരീക്ഷയെക്കുറിച്ച് കൃത്യമായ ഒരു ധാരണ യുണ്ടാക്കാൻ കോച്ചിങ് ഉപകരിച്ചു. പകൽ മുഴുവൻ വിദ്യാർഥി. വൈകുന്നേരങ്ങളിൽ ട്യൂഷൻ അധ്യാപിക. രാത്രി വൈകുംവരെ പിഎസ്‌സിക്കും ട്യൂഷനും വേണ്ട തയാറെടുപ്പ്. ഏതാനും മണിക്കൂർ മാത്രം ഉറക്കം. ഏവരും പിന്തുടരുന്ന കംബൈൻഡ് സ്റ്റഡി പക്ഷേ, ഐശ്വര്യ സ്വീകരിച്ചില്ല. ഉച്ചത്തിൽ വായിക്കുന്നതും ചർച്ചകൾ നടത്തുന്നതും പഠനത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നാണ‌് ഐശ്വര്യയുടെ പക്ഷം. മറ്റുള്ളവരുടെ വേഗത്തിൽ പഠിക്കാൻ കഴിയാത്തത് അപകർഷതാബോധം ഉണ്ടാക്കുമോ എന്നും ഭയപ്പെട്ടു. ഓരോ വിഷയവും സമയമെടുത്തു സാവധാനം പിന്തുടർന്ന ‘സെൽഫ് സ്റ്റഡി’ യാണു ഐശ്വര്യ തിരഞ്ഞെടുത്തത്.

വിജയത്തിന്റെ ‘ഡബിൾ ഇഫക്ട്’ 
മറവിയുടെ വെല്ലുവിളി മറികടക്കാൻ എല്ലാ ദിവസവും റിവിഷനു സമയം കണ്ടെത്തി. പഠിച്ചത് എവിടംവരെയായി എന്നറിയാനുള്ള ‘സെൽഫ് ടെസ്റ്റ്’ കൂടി നടത്തിയശേഷമായിരുന്നു ഉറക്കം. ഓരോ ദിവസവും പഠിച്ച കാര്യങ്ങൾ അന്നുതന്നെ സ്വയമൊരു പരീക്ഷപോലെ എഴുതി എല്ലാം പഠിച്ചെന്നുറപ്പാക്കിയ ആ ‘ഗുഡ്നൈറ്റു’കൾ ജോലി സ്വപ്നത്തിന്റെ ആത്മവിശ്വാസം പാകി. മുറിയിൽ ഒട്ടിച്ചുവച്ച പരീക്ഷാ സിലബസ് ആയിരുന്നു എന്നും ഐശ്വര്യയുടെ കണി. ഇനി എത്ര പഠിച്ചുതീർക്കാനുണ്ടെന്ന ബോധ്യത്തോടെയാണ് ഓരോ ദിവസവും കണ്ണുതുറക്കുക. മടിയും മടുപ്പും കൂടാതെ സമയബന്ധിതമായി പരിശീലനം തുടരാൻ കഴിഞ്ഞതിനു പിന്നിലെ രഹസ്യം ഇതായിരുന്നു. കണക്കിൽ ‘മാസ്റ്റർ’ ആയതിനാൽ ചരിത്രം, ഇംഗ്ലിഷ്, കറന്റ് അഫയേഴ്സ് വിഷയങ്ങൾക്കു പ്രത്യേകം ഊന്നൽ നൽകി. ആവർത്തിച്ചു ചോദിക്കുന്ന ചരിത്രസംഭവങ്ങളും വർഷങ്ങളുമെല്ലാം പല നിറങ്ങളിലെ പോസ്റ്ററുകളായി ചുമരിൽ പതിച്ചു. എല്ലാ വിഷയങ്ങളിലെയും പരമാവധി ചോദ്യങ്ങൾ നോട്ട്ബുക്കിൽ പകർത്തിയെഴുതാൻ ശ്രദ്ധിച്ചു. തെറ്റിപ്പോകുന്ന ചോദ്യങ്ങൾ നോട്ട് ബുക്കിൽ എഴുതിപ്പഠിച്ചു. സ്വന്തം കൈപ്പടയിൽ എഴുതി വായിക്കുന്നത് ‘ഡബിൾ ഇഫക്ട്’ ഉണ്ടാക്കുമെന്നു ഐശ്വര്യ പറയുന്നു. സർക്കാർ സർവീസിലെ ആദ്യ ദിനത്തിനായുള്ള തയാറെടുപ്പിലാണ് ഐശ്വര്യ. അച്ഛനാകട്ടെ ആ ദിവസവും ‘കൂട്ട്’ പോകാനുള്ള കാത്തിരിപ്പിലും.

Content Summary :

How Aishwarya Secured a Top Government Job Amidst Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com