ADVERTISEMENT

2019ൽ ബിരുദം പൂർത്തിയാക്കി തുടർപഠനത്തിനു നിൽക്കാതെ അരവിന്ദ് പോയതു സിവിൽ സർവീസ് കോച്ചിങ്ങിനായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ മോഹമായിരുന്നു മകൻ സർക്കാർ സർവീസിൽ ഉയർന്നൊരു ജോലി നേടണമെന്നത്. അച്ഛനമ്മമാരുടെ ആഗ്രഹത്തിന്റെ തണലിൽ സിവിൽ സർവീസ് സ്വപ്നം കണ്ട അരവിന്ദിനു പക്ഷേ, പരിശീലനത്തിൽ ചുവടുറപ്പിക്കും മുൻപേ കാലിടറി. കോവിഡിന്റെ വരവോടെ സിവിൽ സർവീസ് കോച്ചിങ് പാതിവഴിയിൽ മുടങ്ങി. കൂലിപ്പണിയിൽ നിന്നുള്ള അച്ഛന്റെ വരുമാനവും നിലച്ചു. അമ്മയും പണിക്കു പോകാതെയായി. വീട്ടുചെലവുകളും അനുജന്റെ പഠനവും ഉൾപ്പെടുന്ന ഭാരിച്ച ഉത്തരവാദിത്തം ചുമലിലായതോടെ സിവിൽ സർവീസ് എന്ന മോഹം അരവിന്ദിന് ഉപേക്ഷിക്കേണ്ടി വന്നു. സ്ഥിരവരുമാനമുള്ള ഏതെങ്കിലുമൊരു സർക്കാർ ജോലി എത്രയും വേഗം സ്വന്തമാക്കണമെന്നതായി പിന്നീടുള്ള ലക്ഷ്യവും പ്രയത്നവും. രണ്ടു വർഷത്തെ ചിട്ടയായ തയാറെടുപ്പിൽ ഒട്ടേറെ പിഎസ്‌സി പരീക്ഷകളിൽ മികച്ച വിജയം കുറിച്ച എസ്. അരവിന്ദ് ഇപ്പോൾ പിഎസ്‌സിയുടെ ആസ്ഥാന ഓഫിസിൽ അസിസ്റ്റന്റാണ്. നാഷനൽ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ പരീക്ഷയിൽ 5–ാം റാങ്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ 31–ാം റാങ്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 73–ാം റാങ്ക്, എൽഡി ക്ലാർക്ക് പരീക്ഷയിൽ 183–ാം റാങ്ക് തുടങ്ങി എഴുതിയ എല്ലാ പിഎസ്‌സി പരീക്ഷകളിലും ഉയർന്ന റാങ്കിന്റെ തിളക്കം സ്വന്തമാക്കിയാണീ തിരുവനന്തപുരം സ്വദേശിയുടെ വിജയയാത്ര.

മറക്കാതിരിക്കാൻ എഴുതിപ്പഠിച്ചു
എൽഡി ക്ലാർക്ക് പരീക്ഷയ്ക്കു വേണ്ടിയാണ് അരവിന്ദ് പിഎസ്‌സി പരിശീലനം തുടങ്ങിയത്. ലോക്‌ഡൗൺ ആയതിനാൽ കോച്ചിങ് ക്ലാസുകളില്ലായിരുന്നു. സ്വന്തം നിലയ്ക്കുള്ള പഠനമായിരുന്നു ശരണം. മുൻവർഷ ചോദ്യ പേപ്പറുകൾ തേടിപ്പിടിച്ചു പരീക്ഷയെക്കുറിച്ചു ധാരണയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. സിലബസ് മനസ്സിലാക്കി പഠനം ക്രമീകരിച്ചു. കംബൈൻഡ് സ്റ്റഡിക്കു രണ്ടു കൂട്ടുകാർകൂടി വന്നതോടെ പഠനം ഉഷാറായി. 

ഓരോ വിഷയത്തിലും കൂടുതൽ ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾക്ക് ഊന്നൽ നൽകി പഠിച്ചു. ഒരു വർഷത്തെ സിവിൽ സർവീസ് പരിശീലനം പിഎസ്‌സി പരീക്ഷാ തയാറെടുപ്പിനും ആത്മവിശ്വാസം പകർന്നു.സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പിന്റെ ഭാഗമായിരുന്ന പത്രവായനയും പത്രത്തിലൂടെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ നോട്ട് ബുക്കിൽ കുറിച്ചുവയ്ക്കുന്ന ശീലവും പിഎസ്‌സി പരീക്ഷകളിലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങൾക്കു നല്ല മാർക്ക് നേടാൻ സഹായകമായി. 

പഠനത്തിനു കൃത്യമായ ടൈംടേബിൾ ഇല്ലായിരുന്നെങ്കിലും മിക്ക ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ പരിശീലനത്തിനു കണ്ടെത്താൻ ശ്രദ്ധിച്ചു. കുത്തിയിരുന്നു വായിക്കുന്ന ശീലമില്ലായിരുന്നതിനാൽ, തോന്നുമ്പോൾ മാത്രമായിരുന്നു പഠനം. പ്രധാനപ്പെട്ട ഭാഗങ്ങൾക്കു നോട്ടുകൾ തയാറാക്കിയുള്ള ‘എഴുതിപ്പഠനം’ മറവിയെ തോൽപിക്കാൻ സഹായകമായി. ഭരണഘടന, സാമ്പത്തികശാസ്ത്രം തുടങ്ങി അരവിന്ദിന് എളുപ്പമുള്ള വിഷയങ്ങൾക്കു പരമാവധി സ്കോർ ഉറപ്പാക്കുംവിധം പഠിച്ചത് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. പ്രയാസമേറിയ കേരള ഭരണരംഗം, സുപ്രധാന നിയമങ്ങൾ എന്നിവ കൂടുതൽ തവണ ആവർത്തിച്ചുപഠിച്ച് മികച്ച മാർക്ക് ഉറപ്പിച്ചു.

ഞാൻ അനുഭവിച്ച കഷ്ടപ്പാടാണ് എനിക്കു പഠിക്കാനുള്ള ഊർജം തന്നത്. പലരും പരിഹസിച്ചു. പക്ഷേ, ഞാൻ ആത്മവിശ്വാസത്തോടെ ആത്മാർഥമായി പഠിച്ചു. എന്റെ സ്വപ്നങ്ങൾക്ക് കട്ട് ഓഫ് ഇല്ലായിരുന്നു. തൊഴിൽവീഥിയുൾപ്പെടെ എന്റെ പരിശീലന വഴിയിൽ നിർണായക സ്വാധീനമായി. വായിച്ചുള്ള പഠനത്തിനു പുറമേ പരീക്ഷകൾ എഴുതി പരിശീലിച്ചത് മികച്ച സ്കോർ ഉറപ്പാക്കുന്നതിനു സഹായിച്ചിട്ടുണ്ട്. പരമാവധി മാതൃകാപരീക്ഷകൾ എഴുതിത്തന്നെ പഠിച്ചതു നിർണായകമായി.

ടൈം–സ്കോർ മാനേജ്മെന്റ്
പരീക്ഷയുടെ സിലബസ് ഏറെക്കുറെ കവർ ചെയ്തെന്നു തോന്നിയപ്പോൾ ‘വായിച്ചുപഠനം’ മതിയാക്കി മോക് ടെസ്റ്റുകളിലേക്ക് ശ്രദ്ധ തിരിച്ചു. പരമാവധി മാതൃകാപരീക്ഷകൾ എഴുതി പരിശീലിച്ചതായിരുന്നു തയാറെടുപ്പിലെ വഴിത്തിരിവ്. എത്രയേറെ വായിച്ചുപഠിച്ചാലും പരീക്ഷ എഴുതി പരിശീലിച്ചില്ലെങ്കിൽ പരീക്ഷാഹാളിൽ വെള്ളം കുടിക്കുമെന്ന് അരവിന്ദ് തന്റെ ആദ്യകാല അനുഭവങ്ങളിൽനിന്നു പറയുന്നു. ഓരോ മാതൃകാപരീക്ഷയും എഴുതി മാർക്ക് വിലയിരുത്തി. തെറ്റുപറ്റിയ ചോദ്യങ്ങളുടെ ശരിയുത്തരവും അനുബന്ധവിവരങ്ങളും അന്നുതന്നെ പഠിച്ചെടുത്തു. ഒരിക്കൽ തെറ്റിച്ച ചോദ്യങ്ങൾ വീണ്ടും തെറ്റിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പരീക്ഷയുടെ ടൈം–സ്കോർ മാനേജ്മെന്റിന് അരവിന്ദിനെ സഹായിച്ചത് ഈ മോക്ടെസ്റ്റ് പ്രാക്ടീസ് ആയിരുന്നു. ക്രമേണ മോക് ടെസ്റ്റുകൾക്ക് ഉയർന്ന സ്കോർ നേടാനായി. പരീക്ഷ യെഴുതി പൂർത്തിയാക്കാനെടുക്കുന്ന സമയം കുറയുകയും ചെയ്തു. കംബൈൻഡ് സ്റ്റഡിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു കൂട്ടുകാർക്കും ഇപ്പോൾ സർക്കാർ ജോലിയായി. ഒരാൾ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മറ്റൊരാൾ സബ് ഇൻസപെക്ടർ. എറണാകുളം ഏജീസ് ഓഫിസിലായിരുന്നു അരവിന്ദിന്റെ ആദ്യ നിയമനം. ജോലി ലഭിച്ചെങ്കിലും പഠനം തുടരുന്ന അരവിന്ദിന്റെ അടുത്ത ലക്ഷ്യം യുപിഎസ്‌സി പരീക്ഷയാണ്. പിഎസ്‌സി പരിശീലനത്തിനു വേണ്ടി മടക്കിവച്ച സിവിൽ സർവീസ് മോഹം ഇപ്പോഴും അരവിന്ദിന്റെ മനസ്സിൽ മായാതെ ബാക്കിയുണ്ട്.

English Summary:

From Dreams to Duty: Arvind's Journey from Civil Services Aspirant to PSC Top Scorer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com