ADVERTISEMENT

മുന്‍പൊക്കെ കുട്ടികള്‍ക്കായി സ്‌കൂള്‍ അന്വേഷിക്കുമ്പോള്‍ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു മാതാപിതാക്കള്‍ക്ക്. സിബിഎസ്ഇ ആണോ സ്റ്റേറ്റ് സിലബസാണോ, ഇംഗ്ലീഷ് മീഡിയമാണോ മലയാളം മീഡിയമാണോ, സര്‍ക്കാര്‍ സ്‌കൂളാണോ സ്വകാര്യ സ്‌കൂളാണോ എന്നിങ്ങനെ വളരെ കുറച്ചു കാര്യങ്ങള്‍. എന്നാല്‍ ഇന്നു സിലബസിലും പഠനമാധ്യമങ്ങളിലും അടക്കം നിരവധി തിരഞ്ഞെടുപ്പുകള്‍ സാധ്യമായിരിക്കേ മാതാപിതാക്കള്‍ക്കു ചോയ്‌സുകള്‍ക്കൊപ്പം ആശയക്കുഴപ്പവും ഏറെയാണ്. 

വ്യക്തിത്വവികാസത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടി തന്റെ ഭൂരിപക്ഷം സമയം ചെലവിടുന്നതു സ്‌കൂളുകളിലാണ്. അതു കൊണ്ടു കുട്ടിക്ക് അനുയോജ്യമായ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതു വളരെ പ്രധാനമാണ്. കുട്ടികളെ ചേര്‍ക്കാന്‍ സ്‌കൂള്‍ തിരയുമ്പോള്‍ ഈ അഞ്ചു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധ വയ്ക്കണം.

1. വീട്ടില്‍ നിന്നുള്ള ദൂരം
പ്രധാന പരിഗണന നല്‍കേണ്ടതു നിങ്ങളുടെ വീട്ടില്‍ നിന്നു സ്‌കൂളിലേക്കുള്ള ദൂരത്തിനാണ്. സ്‌കൂളില്‍ നിന്നു യാത്രാ സമയം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലത്. സ്‌കൂളിലേക്കുള്ള ദൈര്‍ഘ്യമേറിയ യാത്രകള്‍ കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇതു വ്യക്തിഗത, അക്കാദമിക മികവിനു ദോഷം ചെയ്യുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടിയുടെ സുരക്ഷ നോക്കിയാലും അടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കുന്നതാണു നല്ലത്. 

2. പാഠ്യപദ്ധതി
പാഠ്യപദ്ധതിയെ സംബന്ധിച്ചാണെങ്കില്‍ നിരവധി ഓപ്ഷനുകളാണു മുന്നിലുള്ളത്. രാജ്യമെങ്ങും ട്രാന്‍സ്ഫര്‍ ഉണ്ടാകുന്ന തരം ജോലിയാണു നിങ്ങളുടേതെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സിബിഎസ്ഇ) ബോര്‍ഡിന്റെ സിലബസ് തിരഞ്ഞെടുക്കാം. കേന്ദ്ര അംഗീകാരമുള്ള ബോര്‍ഡാണ് സിബിഎസ്ഇ. പത്താം ക്ലാസ് വിദ്യാർഥികള്‍ക്കായി നടത്തുന്ന ഓള്‍ ഇന്ത്യ സെക്കന്‍ഡറി സ്‌കൂള്‍ എക്‌സാമിനേഷന്‍, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികള്‍ക്കായുള്ള ഓള്‍ ഇന്ത്യ സീനിയര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ എന്നിവയാണ് സിബിഎസ്ഇ നടത്തുന്ന രണ്ട് പ്രധാന പരീക്ഷകള്‍. 

ഇനി വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡുകളുടെ അംഗീകാരമുള്ള സിലബസുകളുണ്ട്. കേരളത്തിലാണെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങാണ് (എസ്‌സിഇആര്‍ടി) സിലബസ് തയ്യാറാക്കുന്നത്. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന സ്വകാര്യ, ഗവണ്‍മെന്റ് ഇതര ബോര്‍ഡാണ് കൗണ്‍സില്‍ ഫോര്‍ ദ് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍. ഈ കൗണ്‍സിലാണ് ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(ഐസിഎസ്ഇ- പത്താം ക്ലാസ്), ദ് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്(ഐഎസ്‌സി-ക്ലാസ് 12), സര്‍ട്ടിഫിക്കറ്റ് ഇന്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍(ക്ലാസ് പന്ത്രണ്ട്) എന്നീ പരീക്ഷകള്‍ നടത്തുന്നത്. 

ഇനി വിദേശത്ത് പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അടിത്തറ നല്‍കുന്ന മറ്റൊരു സിലബസാണ് ഇന്റര്‍നാഷണല്‍ ബാക്കലോറിയറ്റ്(ഐബി). ഭാഷകള്‍ക്കും ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കും ഐബിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. 

3. വിദ്യാർഥി-അധ്യാപക അനുപാതം
മികച്ച അധ്യാപകരാണോ സ്‌കൂളിലുള്ളത് എന്നത് നോക്കുന്നത് പോലെ പ്രധാനമാണ് ആവശ്യത്തിന് എണ്ണം അധ്യാപകരുണ്ടോ എന്നതും. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നത് വിദ്യാർഥി-അധ്യാപക അനുപാതം പ്രൈമറി ക്ലാസുകളില്‍ 30:1 ഉം അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ 35:1 ഉം ആകണമെന്നാണ്. സെക്കന്‍ഡറി തലത്തിലാകട്ടെ ഇത് 30:1 ആണ്. ഈ അനുപാതം മക്കളെ ചേര്‍ക്കാന്‍ പോകുന്ന സ്‌കൂള്‍ പാലിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. തിങ്ങി നിറഞ്ഞിരിക്കുന്ന ക്ലാസ്മുറികളില്‍ ഓരോ വിദ്യാർഥിക്കും അധ്യാപകന്റെ ശ്രദ്ധ ലഭിച്ചെന്നു വരില്ല.

4. അടിസ്ഥാന സൗകര്യങ്ങള്‍
നല്ല കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. ലൈബ്രറി, കളിക്കാനുള്ള സൗകര്യം, വൃത്തിയുള്ള ശുചിമുറികള്‍, കളിക്കാനുള്ള ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ സൗകര്യങ്ങള്‍, മറ്റു ലാബുകള്‍ എന്നിവയെല്ലാം പരിശോധിച്ച് തൃപ്തി വരുത്തണം. കെട്ടിടം സുരക്ഷിതമാണോ, മതിലും മറ്റുമായി അടച്ചുറപ്പുള്ള ചുറ്റുപാടുകളാണോ എന്നതും നോക്കണം. 

5. അക്രഡിറ്റേഷനും യോഗ്യതകളും
മുക്കിലും മൂലയിലും സ്‌കൂളുകള്‍ കൂണു പോലെ മുളയ്ക്കുമ്പോള്‍ അവയില്‍ എല്ലാം മികവുള്ളതാകണമെന്നില്ല. അതു കൊണ്ടു മക്കളെ ചേര്‍ക്കുന്നതിനു മുന്‍പു സ്‌കൂളിനെ കുറിച്ചു അറിയാവുന്ന വിവരങ്ങളെല്ലാം ചോദിച്ചറിയണം. പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചും അധ്യാപന രീതിയെ കുറിച്ചും സ്‌കൂളിനുള്ള അക്രഡിറ്റേഷനെ കുറിച്ചുമെല്ലാം മാനേജ്‌മെന്റിനോടു ചോദിച്ചു മനസ്സിലാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com