ADVERTISEMENT

വിദ്യാർഥികള്‍ക്കു ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പരിശീലനം നല്‍കുന്നതിന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) യങ് സയന്റിസ്റ്റ് പ്രോഗ്രാം അവതരിപ്പിച്ചു. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 100 വിദ്യാർഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. വിദ്യാർഥികളില്‍ ബഹിരാകാശ സംബന്ധിയായ താത്പര്യവും അഭിനിവേശവും വളര്‍ത്തുകയാണു ലക്ഷ്യം. 

ഓരോ സംസ്ഥാനത്തു നിന്നും സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസുകളില്‍ പഠിക്കുന്ന ഓരോ വിദ്യാർഥിയെ വീതം ഇതിനായി തിരഞ്ഞെടുക്കും. ഇതിനു വേണ്ടി ഐഎസ്ആര്‍ഒ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ സമീപിച്ചിട്ടുണ്ട്. 

രണ്ടാഴ്ച നീളുന്ന യങ് സയന്റിസ്റ്റ് റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി വേനലവധിക്കാലത്താണു നടക്കുക. എട്ടാം ക്ലാസില്‍ നിന്ന് ഒന്‍പതിലേക്കു വിജയിച്ച വിദ്യാർഥികളെ അവരുടെ അക്കാദമിക മികവിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാർഥികള്‍ക്ക് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കും. 

ഐഎസ്ആര്‍ഒയുടെ ഗവേഷണ, വികസന സംവിധാനങ്ങളിലും പ്രവേശിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കും. സ്വന്തമായി ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാനും വിദ്യാർഥികളെ പരിശീലന പരിപാടിയിലൂടെ ഐഎസ്ആര്‍ഒ പ്രോത്സാഹിപ്പിക്കും. യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാ ചെലവുകളും ഐഎസ്ആര്‍ഒ നല്‍കും. മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പട്ടിക പുറത്തു വിടും. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കു തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണന നല്‍കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com