ADVERTISEMENT

‘എന്റെ മുന്നിൽ ഇരിക്കുന്ന പകുതിപ്പേരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാലപീഡനത്തിന് ഇരയായവരാണ്. അതു തിരിച്ചറിയാൻ കഴിയാതായിപ്പോയെന്നതാണു സത്യം’ ഡൽഹി ലേഡി ശ്രീറാം കോളജിലെ സംവാദത്തിനിടെയാണ് ഹരീഷ് അയ്യർ എന്ന ഈക്വൽ റൈറ്റ്സ് ആക്ടിവിസ്റ്റ് അങ്ങനെ പറഞ്ഞത്. അതു കേട്ടു കുനിഞ്ഞ ശിരസ്സുകൾക്കിടയിൽ ഒരു കോട്ടയം സ്വദേശിനിയുമുണ്ടായിരുന്നു; മറിയം റൗഫ് എന്ന 19 വയസ്സുകാരി. 

തനിക്കറിവില്ലാതിരുന്ന പ്രായത്തിൽ മോശമായി പെരുമാറിയവരുടെ മുന്നിൽ അവൾ വീണ്ടും ചെന്നു, ഉറച്ച ശബ്ദത്തിൽ പറഞ്ഞു: ‘‘ അന്നത്തെ നിങ്ങളുെട പെരുമാറ്റം എത്ര ചീത്തയായിരുന്നു എന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്. മേലിൽ ആരോടും ഇത് ആവർത്തിക്കരുത്, ഒരു കുട്ടിക്കും നിങ്ങളിൽ നിന്ന് ഇനി ഇതു സംഭവിക്കരുത്.’’ അതുകേട്ടവരിൽ ഡോക്ടറും തയ്യൽകാരനും കുടുംബസുഹൃത്തും  ഉണ്ടായിരുന്നു. ഡൽഹിയിലെ പഠനശേഷം കോട്ടയത്തു മടങ്ങിയെത്തി അതു പറയുമ്പോൾ മറിയത്തിനു പ്രായം 23. 

നല്ലതും ചീത്തയും തിരിച്ചറിയാൻ കുട്ടികൾക്കു പരിശീലനം നൽകാനുറച്ചാണു മറിയം ഡൽഹി എൻജിഒയിലെ ജോലി രാജി വച്ചതും നാട്ടിലെത്തിയതും. ബന്ധുക്കൾക്കും സ്നേഹിതർക്കും ദിവസവും ഇടപെടുന്ന നൂറുകണക്കിനാളുകൾക്കും ഇടയിൽ ചിരിയുടെ മുഖം മൂടിയണിഞ്ഞും അല്ലാതെയും എത്തുന്ന പീഡകരെ തിരിച്ചറിയുന്നത് എങ്ങനെ?പ്ലേക്ലാസിലെ കുരുന്നുകൾ മുതൽ മുതിർന്നവർക്കു വരെ ഇതു പറഞ്ഞുകൊടുക്കുക എന്നതായിരുന്നു  ആദ്യവെല്ലുവിളി. 

കുഞ്ഞുങ്ങളോട് അവരുടെ കുഞ്ഞുഭാഷയിൽ തന്നെ സംസാരിച്ചു. ഡാൻസിലൂടെയും ആക്‌ഷൻ സോങ്ങിലൂടെയും പറഞ്ഞുകൊടുത്തു. വലിയവർക്ക് അവരുടെ ശൈലിയിലും. ഓരോ കൂട്ടായ്മയ്ക്കു ശേഷവും ഒട്ടേറെ ആളുകൾ ‘എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്’ എന്നു മറിയത്തോടു പറഞ്ഞു. തുടർന്ന്, ‘പഴ്സനൽ സേഫ്റ്റി എജ്യുക്കേഷൻ ആൻഡ് ലൈഫ് സ്കിൽസ്’ എന്ന വിഷയത്തിൽ വർഷത്തിൽ 5 ക്ലാസ് പിരീഡുകളിൽ അവസാനിക്കുന്ന സ്കൂൾ പരിശീലന പദ്ധതിക്കുള്ള പ്രോജക്ട് മറിയം തയാറാക്കി. വിദ്യാഭ്യാസ മന്ത്രിക്ക് ഇതു കത്തായും ഇമെയിലായും പല വട്ടം അയച്ചു. പക്ഷേ 'നോ റിപ്ലേ'.

ഇപ്പോൾ മറിയം മറ്റൊരു പരിശ്രമത്തിലാണ്. change.org ൽ Make Personal Safety Education (PSE) Compulsory in Kerala Govt Schools #TeachKidsSafety എന്ന പെറ്റിഷൻ ആരംഭിച്ചിരിക്കുന്നു.  KeSCPCR (Kerala State Commission for Protection of Child Rights), വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ എന്നിവരെയാണ് ഇതിന്റെ ഡിസിഷൻ മേക്കേഴ്സ് ആയി ചേർത്തിട്ടുള്ളത്. 

ഇവരെടുക്കുന്ന തീരുമാനം ഒരു വലിയ മാറ്റത്തിനു കാരണമാകും എന്ന വിശ്വാസത്തിൽ 40,000ൽ ഏറെ ആളുകൾ പെറ്റിഷനിൽ ഒപ്പിട്ടു കഴിഞ്ഞു. 

മാർച്ച് 10 നു മറിയത്തിന്റെ ജന്മദിനമായിരുന്നു.  അന്നു തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടുമൊക്കെ ആവശ്യപ്പെട്ടത് ഒരേയൊരു സമ്മാനം; ഇൗ പെറ്റിഷനിൽ ഒപ്പിടുക. കേരളത്തിലെ കുരുന്നുകൾ തിരിച്ചറിവോടെ, കരുത്തോടെ വളരട്ടെ. 

എന്താണ്   change.org

2007ൽ യുഎസിൽ ആരംഭിച്ച ഓൺ ലൈൻ പ്രസ്ഥാനം.

ഒട്ടേറെ രാജ്യങ്ങളിലെ പ്രശ്നങ്ങൾ ഇതിൽ പെറ്റിഷനായി അവതരിപ്പിക്കപെടുന്നു.

സമാന ചിന്താഗതിക്കാരായ ആളുകൾ പെറ്റിഷനിൽ ഒപ്പിടുന്നു.

ഡിസിഷൻ മേക്കേഴ്സിനു മുൻപിൽ ആളുകളുടെ കൂട്ടായ്മയുടെ ശക്തി വെളിപ്പെടുത്തി പ്രശ്ന പരിഹാരമുണ്ടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com