ADVERTISEMENT

ഈ ഹോസ്റ്റലിൽ ഫീസു വേണ്ടെന്നു മാത്രമല്ല, താമസിച്ചാൽ മാസം 280 രൂപ പോക്കറ്റ് മണി കിട്ടും. വർഷത്തിൽ 4000 രൂപ വേറെയും കിട്ടും. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങി വീട്ടിലെ സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ടുതാനും. താമസക്കാർ വിദ്യാർഥികളായിരിക്കണം എന്നു മാത്രം. മലയാറ്റൂരിലെ ഗവൺമെൻറ് പ്രീ-മെട്രിക് ഹോസ്റ്റലാണ് സൗകര്യങ്ങൾ പുതുക്കി വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. 

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ ഹോസ്റ്റൽ ഒരുക്കങ്ങൾ ഒരു മാസം മുമ്പേ പൂർത്തിയാക്കി. പട്ടികജാതി വകുപ്പിന്റെ കീഴിൽ 2005ലാണ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാർഥികൾക്കാണു പ്രവേശനം. ഇവിടെ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളുടെ മുഴുവൻ പഠനച്ചെലും വകുപ്പാണു വഹിക്കുന്നത്. ഭക്ഷണം പൂർണമായും സൗജന്യമാണ്. തുണി കഴുകാൻ വാഷിങ് മെഷീൻ ഉൾപ്പടെയുള്ള സൗകര്യങ്ങളുമുണ്ട്. വിദ്യാർഥികൾക്ക് എണ്ണ, സോപ്പ് തുടങ്ങിയവ വാങ്ങുന്നതിനായി മാസം 280 രൂപ പോക്കറ്റ് മണിയായി നൽകും. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ 4000 രൂപ വേറെയും നൽകും. പഠനത്തിനാവശ്യമായ ബാഗ്, പുസ്തകങ്ങൾ, യൂണിഫോം എന്നിവ വാങ്ങുന്നതിനാണിത്.  

രാത്രി പഠനത്തിനായി മേശയും കസേരയും ഓരോ വിദ്യാർഥിക്കും ഒരുക്കിയിട്ടുണ്ട്. ട്യൂഷൻ ആവശ്യമുള്ളവർക്ക് ട്യൂഷൻ മാസ്റ്ററുടെ സേവനവും ലഭിക്കും. മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് അടുത്തു തന്നെയാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. നിലവിൽ 12 വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിക്കുന്നുണ്ട്. 28 പേർക്ക് കൂടി അഡ്മിഷൻ ലഭിക്കുമെന്നു ഹോസ്റ്റൽ വാർഡൻ സജീവൻ പറഞ്ഞു. പഠനത്തിൽ സഹായം വേണ്ട വിദ്യാർഥികൾക്ക് നൈറ്റ് ട്യൂട്ടർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 4 മുതൽ 6 വരെ ട്യൂഷൻ അധ്യാപകരും പഠിപ്പിക്കാൻ എത്തും.

മക്കളുടെ പഠിപ്പിന്റെ ചിലവ് കൂടി വരുന്ന കാലഘട്ടത്തിൽ രക്ഷാകർത്താക്കൾക്ക് ഏറെ അനുഗ്രഹമാണ് ഈ ഹോസ്റ്റൽ. പട്ടികജാതി വിഭാഗക്കാരായ ആൺകുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. എസ്ടി, ഒബിസി, ജനറൽ വിഭാഗത്തിൽ പെടുന്നവർക്ക് ഓരോ സീറ്റ് ലഭിക്കും. അങ്കമാലി ബ്ലോക്ക് ഓഫീസിലെ പട്ടികജാതി വികസന ഓഫീസിൽ നിന്നു പ്രവേശനത്തിനുള്ള അപേക്ഷ ഫോം ലഭിക്കും. വിശദ വിവരങ്ങൾക്ക് എസ്.സി പ്രമോട്ടർമാരെയോ, അങ്കമാലി ബ്ലോക്ക് ഓഫീസുമായോ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com