ADVERTISEMENT

എസ്എസ്എൽസി പരീക്ഷാഫലം അറിയൽ, പോയകാലത്ത് അതു പരീക്ഷയെഴുതിയ വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മാത്രം കാര്യമായിരുന്നില്ല. കുട്ടികൾ പത്തിലേക്കു പ്രവേശിക്കുന്ന അധ്വയന വർഷാരംഭം മുതലേ ഉപദേശവും നി‍ർദേശവും പരീക്ഷയെഴുത്തിന്റെ  രീതിയും ഒക്കെയായി അടുപ്പക്കാരും നാട്ടുകാരും ‌ ഒപ്പം കൂടും. കംപ്യൂട്ടറെസ്ഡ് ടാബുലേഷൻ ജോലികളിലേക്കു മാറു‌ം മുൻപ് മാർച്ചിൽ പരീക്ഷ നടന്നാൽ മേയ് നാലാം വാരം (കൂടുതലും മേയ് 27ന്) ഔദ്യോഗിക ഫലപ്രഖ്യാപനം. മാറ്റമില്ലാതെ ഈ കീഴ്‌വഴക്കം തുടർന്നു. എന്നാൽ അതിനും രണ്ടാഴ്ച മുൻപു പൂജപ്പുരയിലെ പരീക്ഷാ കേന്ദ്രത്തിൽ റിസൽറ്റിന്റെ അവസാനവട്ട മിനുക്കു പണികൾ നടക്കുന്ന സമയത്തു തന്നെ തലസ്ഥന നഗരയിൽ ബന്ധുക്കളോ പരിചയക്കാരോ ഉള്ളവർ രഹസ്യമായി ഫലം അറിഞ്ഞു തുടങ്ങും. ഫലം അറിഞ്ഞാലും ഞാൻ ഒന്നും അറിഞ്ഞ മട്ടു കാണിക്കാതെയാവും ഇവരുടെ  പെരുമാറ്റം. പരീക്ഷാഫലം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലം മുതൽ അതിന്റെ തലേദിവസം പത്രം ഓഫിസുകളുടെ പരിസരം ചെറു പൂരപ്പറമ്പായി മാറിയിരുന്നു. പരിചയക്കാരുള്ളവർ പത്ര ഓഫിസുകളിൽ നിന്നും നേരത്തെ ഫലം അറിയും. ഒരു മിനിറ്റ് നേരത്തെ എങ്കിൽ അത്രയും എന്നതായിരുന്നു പൊതുരീതി. 

പത്രം ഏജന്റിന്റെ വില നാട്ടുകാർ അറിയുന്ന ദിവസം കൂടിയായിരുന്നു നാട്ടുമ്പുറങ്ങളിൽ എസ്എസ്എൽസി ഫലം പത്രങ്ങളിൽ‌ വരുന്നതിന്റെ തലേനാൾ. വണ്ടിക്കൂലിയും ചെലവു കാശും കൊടുത്ത് ഏജന്റുമാരെ പത്രം ഓഫിസുകളിലേക്ക് അയച്ചിട്ടു ടെലിഫോൺ ഉള്ള വീടുകളിൽ ഇരിക്കപ്പെറുതി കിട്ടാതെ ഇരിക്കും. ഇടയ്ക്കു മറ്റാരെങ്കിലും വിളിച്ചാലും പ്രതീക്ഷയോടെ ഓടിച്ചെല്ലും. റാങ്കുകാരുടെ ചിരിക്കുന്ന ചിത്രങ്ങൾ പത്രങ്ങളുടെ ഒന്നാംപേജിന്റെ  മുകൾ ഭാഗത്തു കറുപ്പിലും വെളുപ്പിലും അച്ചടിച്ചു തുടങ്ങിയതോടെ റിസൽറ്റിന്റെ മാർക്കറ്റ് വാല്യു വീണ്ടും വല്ലാതെ അങ്ങ് ഉയർന്നു. ഉൾപേജുകളിൽ തങ്ങളുടെ നമ്പർ തിരയുമ്പോഴും അസൂയ കാരണം ചിലരെങ്കിലും ഒന്നാംപേജിനെ ബോധപൂർവ്വം അവഗണിച്ചു.

ഒന്നു മുതൽ മൂന്നുവരെയായിരുന്ന റാങ്കിന്റെ ശ്രേണി 15 ലേക്കു  വളർന്നതോടെ മറ്റു 12 പേർ കൂടി പത്രങ്ങളുടെ അകം പുറങ്ങളിലെ ചിത്രങ്ങളിലുടെ ചിരിച്ചു. പട്ടികജാതി പട്ടിക വർഗത്തിൽ നിന്നും കൂടുതൽ മാർക്കു നേടുന്നയാളും ചിത്രക്കളത്തിലേക്കു കടന്നു. 80 ശതമാനവും അതിനു മുകളിലും ഡിസങ്ഷനും 60 മുതൽ 80 ശതമാനം വരെ ഫസ്റ്റ്ക്ലാസും 50 മുതൽ 60 ശതമാനം വരെ രണ്ടാം ക്ലാസും ബാക്കി 210 മാർക്കു വരെയുള്ളവർ മൂന്നാം ക്ലാസുകാരും ആയി.  ലാംഗ്വേജിന് 250ൽ 90ഉം സബ്ജക്റ്റിന് 350ൽ 120 മാർക്കും നേടുന്നവരെല്ലാം വിജയകളായി. ആദ്യ കാലത്ത് ഓരോന്നിനും നിശ്ചിത ശതമാനം മാർക്കുണ്ടാവണമെന്ന നിബന്ധനയാണു പിന്നീട് ഇങ്ങനെ മാറ്റം വരുത്തിയത്. ഇതിനിടെ മൊത്തം മാർക്ക് 600 ൽ നിന്നും1200 ലേക്ക് ഇടയ്ക്കൊന്നു മാറിയെങ്കിലും ഈ പരിഷ്ക്കാരത്തിന് ആയുസ് കുറവായിരുന്നു.

സമാന്തര വിദ്യാഭ്യാസ രംഗം വല്ലാതെ വേരോടിയതോടെ പത്തിലെ ഫലം അറിയാനുള്ള ഓട്ടപ്പാച്ചിൽ പുത്തൻ കഥകൾ രചിച്ചു. റിസൽറ്റിനു പോകുക എന്നൊരു ഏർപ്പാടു വൈകാതെ ബലപ്പെട്ടു. സമാന്തരക്കാർ( ട്യൂട്ടോറിയലുകാർ) തമ്മിലുള്ള കിടമത്സരം ട്വന്റി ട്വന്റി ആവേശത്തിലേക്കു വഴിമാറുന്ന ദിനമായിരുന്നു റിസൽറ്റ് പ്രഖ്യാപന ദിവസം, കാശിനു വഴിയുള്ള ട്യൂട്ടോറിയൽ ഉടമകൾ അധ്യാപകസംഘവുമായി കാറിൽ അതിരാവിലെ തിരുവനന്തപുരത്ത് എത്തും. റിസൽറ്റ് 11– 11.30 ഓടെ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും മുൻപ് അച്ചടി നിലച്ചതോ, പ്രചാരത്തിൽ കുറവുള്ളതോ ആയ പത്രത്തിന്റെ ലേഖകനെ വലയിലാക്കുകയാണ് ആദ്യകടമ്പ. ഇതിനും മുന്നോടിയായി മറ്റു ചില ക്രമീകരണങ്ങളുണ്ട്. റിസൽ‌റ്റ് പ്രഖ്യാപിക്കുന്ന കേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള എസ്ടി‍ഡി, ഐഎസ്ഡി ബൂത്ത് റിസൽറ്റ് കൈവശം ലഭിക്കുന്നതു മുതൽ ഒന്നു രണ്ടു മണിക്കൂർ തങ്ങൾക്കു മാത്രമായി ബുക്ക് ചെയ്യണം. 

നാട്ടിലെ തങ്ങളുടെ സ്ഥാപനത്തിൽ ഫോണിലൂടെ വിളിച്ചു പറയുന്ന ഫലം വേഗം കേട്ടെഴുതാൻ ശേഷിയുള്ള സഹപ്രവർത്തകരെയും ഒരുക്കണം, അങ്ങനെ നീളും ക്രമീകരണം. റിസൽറ്റു പ്രഖ്യാപിക്കുന്ന ആദ്യമണിക്കൂറിൽ ഫലം അടങ്ങിയ ബുക്കിന്റെ കോപ്പിവില വാണം പോലെ ഉയരും. 5000 വരെ എത്തിയ സമയങ്ങളേറെ. കോപ്പി സംഘടിപ്പിച്ചാൽ 30 സെക്കൻഡിന് ഒരു കോൾ എന്ന റേറ്റ് ഒന്നും നോക്കാതെ വിളി തുടങ്ങും. പലപ്പോഴും ഫോൺബില്ല് 5000– 6000 കടക്കും. ഫോട്ടോസ്റ്റാറ്റിന്റെയും ഫാക്സിന്റെയും വരവോടെയാണ് ഈ ചെലവിൽ ഗണ്യമായ കുറവു വന്നത്. ഫോട്ടോകോപ്പിയെടുക്കുന്ന റിസൽറ്റ് ഫാക്സുവഴി നാട്ടിലേക്കു പറന്നു. എന്നാൽ മറ്റുചിലരാവട്ടെ റിസൽറ്റിന്റെ പകർപ്പു ലഭിച്ചാൽ മറ്റൊന്നിനും കാക്കാതെ കാറുകളിൽ നാട്ടിലേക്കു പിടിച്ചു. ഫ്ലക്സുകൾ ജീവിതത്തിൽ നിന്നും ഇളക്കിമാറ്റാനാവാത്ത പുതിയ കാലത്തിനും മുൻ‌പ്  താരങ്ങളായിരുന്ന നോട്ടീസും പോസ്റ്ററുകളും ഇറക്കിയുള്ള പോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി . 

തങ്ങളുടെ സ്ഥാപനങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസറ്റുകൾ സ്ഥാപനങ്ങൾ മതിലുകളിൽ നിരത്തും. നോട്ടീസുകളുമായി  അനൗൺസ്മെന്റ് വാഹനങ്ങൾ പ്രധാനവഴികളും ഇടറോഡുകളും താണ്ടും. പുതിയ കുട്ടികൾക്കൊപ്പം പരാജിതരിലും കണ്ണുവച്ചാണ് ഈ പങ്കപ്പാടെല്ലാം. ബുധനാഴ്ചകളിൽ  തുടങ്ങുന്ന സെഷൻ ക്ലാസുകളിലേക്കു പരാജിതരെ ക്ഷണിച്ചു അനൗണ്സ്മെന്റ് വാഹനങ്ങൾ മടങ്ങും. അടി ഭയന്നു സെഷൻ ക്ലാസുകളിലേക്കു പോകാതെ ഒളിച്ചവരെ വീടുകളിലെത്തി തേടിപ്പിടിക്കലാണ് ഇനി. രണ്ടാംവട്ടവും പരാജയപ്പെട്ടവരെ ഇക്കുറി എങ്ങനെയും ജയിപ്പിച്ചെടുക്കുമെന്ന പ്രലോഭനച്ചൂണ്ടയിൽ രക്ഷിതാക്കൾ വീഴും. കാലം മാറിയതോടെ ഈ വക രീതികൾ എല്ലാം മാറി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കുളുകളുടെ വേരോട്ടം പത്തിലെ റിസൽറ്റിന്റെ പകിട്ടു തെല്ലൊന്നു കുറച്ചെങ്കിലും വല്ലാതെ മാറിയത് 2005ൽ ഗ്രേഡിങ് വന്നതോടെ. റിസൽറ്റ് ഓൺലൈനിൽ അറിയുന്ന നിലവന്നതോടെ പഴയ ഓട്ടവും കാത്തിരിപ്പും എല്ലാം പഴങ്കഥയായി. എങ്കിലും പത്താം ക്ലാസാണ് ഓർമ വേണമെന്ന ഉപദേശം മാത്രം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com