ADVERTISEMENT

നാട്ടിലിപ്പോൾ പരീക്ഷാ വിജയാഘോഷങ്ങളുടെ കാലമാണ്. ഫുൾ എ പ്ലസും റാങ്കുമൊക്കെ നേടിയ മക്കളെ സെലിബ്രിറ്റികളാക്കി കൊണ്ടു ഫ്ലക്സും ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി കളം നിറയുകയാണ് പല മാതാപിതാക്കളും. എന്നാൽ ഇത്തരത്തിൽ ഉന്നത വിജയവും മാർക്കും ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തുന്നതു മാർക്കു കുറഞ്ഞു പോയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഡിപ്രഷൻ സൃഷ്ടിക്കുമെന്ന് എം ജി രാജമാണിക്യം ഐഎഎസ് അഭിപ്രായപ്പെടുന്നു. ഇതേ കാരണം കൊണ്ട് യുകെ പോലുള്ള വിദേശ രാജ്യങ്ങളിൽ മാർക്ക് നോട്ടീസ് ബോർഡുകളിൽ പോലും പ്രസിദ്ധീകരിക്കാതെ വ്യക്തിഗത മെയിലുകളിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നു രാജമാണിക്യം പറയുന്നു.

തങ്ങളുടെ മക്കൾക്കു മാർക്കു കുറഞ്ഞു പോയെന്നു കരുതുന്ന മാതാപിതാക്കളോടു രാജമാണിക്യത്തിനു പറയാനുള്ളത് ഇവയാണ്:-

1. ദയവായി നിങ്ങളുടെ അയൽക്കാരുടെയോ കൂട്ടുകാരുടെയോ മക്കളുമായി നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്യരുത്.

2. നിങ്ങളുടെ കുട്ടികളുടെ ഭാവി അവരെ നിങ്ങൾ ഇപ്പം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

3. മാർക്കു കുറഞ്ഞു പോയി എന്നതു കൊണ്ടു തങ്ങൾക്ക് സങ്കടമൊന്നുമില്ലെന്നു പറഞ്ഞും അവരുടെ പ്രയത്നത്തെ അഭിനന്ദിച്ചും കുട്ടികൾക്ക് ആത്മവിശ്വാസം പകരണം.

എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ ഇതാണ് തന്റെ പിതാവ് ചെയ്തതെന്നും ഇന്നു താൻ നേടിയതെല്ലാം അന്നു പിതാവ് പറഞ്ഞ ആ വാക്കുകൾ മൂലമാണെന്നും ഈ ഐഎഎസുകാരൻ പറയുന്നു.

മാർക്കു കുറഞ്ഞു പോയ കുട്ടികൾ നിരാശരാകരുതെന്നും മാർക്കുകൾ മാത്രമല്ല ജീവിത വിജയത്തിന്റെ മാനദണ്ഡമെന്നും രാജമാണിക്യം ഓർമ്മിപ്പിക്കുന്നു. നിർഭാഗ്യവശാൽ ഇന്ത്യൻ വിദ്യാഭ്യാസം മാർക്ക് അടിസ്ഥാനമാക്കിയ രീതി തുടരുന്നതിനാൽ നമ്മളെല്ലാവരും സ്വർണ്ണക്കൂട്ടിൽ അടച്ചിട്ട പാവകളെ പോലെയായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

വിജയത്തിനുള്ള ഫോർമുലയും രാജമാണിക്യം വിദ്യാർഥികളോടു പങ്കു വയ്ക്കുന്നു. വിജയത്തിന്റെ അളവു നിങ്ങളുടെ മാർക്കല്ല മറിച്ചു നിങ്ങളുടെ ലക്ഷ്യവും മൂല്യങ്ങളും മനോഭാവവുമാണ് നിർണ്ണയിക്കുന്നത്.  അതിനാൽ ഒരു ലക്ഷ്യമുണ്ടാക്കിയെടുത്ത്, മൂല്യങ്ങൾ പരിപോഷിപ്പിച്ച്, പോസിറ്റീവായ മനോഭാവം വളർത്തിയാൽ വിജയം സുനിശ്ചിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com