ADVERTISEMENT

 അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്തെ നൂറോളം എയ്ഡഡ് സ്കൂളുകളിലെ പ്ലസ്‍വൺ കമ്യൂണിറ്റി ക്വോട്ട പ്രവേശനം അനിശ്ചിതത്വത്തിൽ. ന്യൂനപക്ഷ പദവി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ ഈ സ്കൂളുകളിലെ പ്രവേശന നടപടികൾ വിദ്യാഭ്യാസവകുപ്പ് തടഞ്ഞു. വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച സ്കൂളുകൾക്ക് അവ ഇതുവരെ ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റിന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഹൈസ്കൂളിൽ‌നിന്ന് ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ട ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ ഭൂരിഭാഗവും അതതു ഹൈസ്കൂളിനു ലഭിച്ച ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശന അനുമതിക്കായി ഇതുവരെ ഹാജരാക്കിയിരുന്നത്. എന്നാൽ, ഇത്തവണ ഹയർസെക്കൻഡറി സ്കൂളുകൾക്കു പ്രത്യേകമായി ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റുകൾ വേണമെന്നാണു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നിബന്ധന. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണു മാനേജ്മെന്റുകൾ പറയുന്നത്. 

ഈ വർഷം കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികളുടെ വിവരങ്ങൾ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോഴാണു പുതിയ മാനദണ്ഡം അറിയുന്നത്. ഹൈസ്കൂളിനു ലഭിച്ച ന്യൂനപക്ഷ പദവി അതേ സ്കൂൾ ഹയർ സെക്കൻഡറി ആയി ഉയർത്തുമ്പോഴും നിലനിൽക്കുമെന്നാണു മാനേജ്മെന്റുകളുടെ വാദം.

ന്യൂനപക്ഷ പദവിയുള്ള ഹയർ സെക്കൻഡറികളിൽ ഓരോ കോംബിനേഷനിലും 20% സീറ്റാണ് കമ്യൂണിറ്റി ക്വോട്ടയിലേക്കു മാറ്റിവയ്ക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്നത് സ്കൂളുകളാണെങ്കിലും ഡയറക്ടറേറ്റ് പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. കമ്യൂണിറ്റി ക്വോട്ട ഇല്ലാതാക്കി ആ സീറ്റുകൾ പൊതു മെറിറ്റിലേക്കു മാറ്റാനാണു സർക്കാർ നീക്കമെന്നു വാദമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com