ADVERTISEMENT

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് സുപ്രീം കോടതി ഉത്തരവുപ്രകാരം മറ്റു സംസ്ഥാനങ്ങളിൽനിന്ന് അപേക്ഷിച്ചത് 7300 വിദ്യാർഥികൾ. രാജസ്ഥാനിൽ നിന്നാണ് കൂടുതൽ അപേക്ഷകർ–1900; തമിഴ്നാട്ടിൽ നിന്ന് 1000 പേർ. മധ്യപ്രദേശ്, യുപി, ബിഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽനിന്നും അപേക്ഷകരുണ്ട്. 

എന്നാൽ റാങ്ക്‌ലിസ്റ്റ് പ്രകാരം യോഗ്യത നേടുന്ന ഇതര സംസ്ഥാനക്കാരുടെ പ്രവേശനം എങ്ങനെ നടത്തണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് എൻട്രൻസ് കമ്മിഷണറേറ്റ്. ഇതര സംസ്ഥാന അപേക്ഷകർക്ക് ഏതു വിഭാഗം സീറ്റിലേക്കാണു പ്രവേശനം നൽകേണ്ടതെന്നോ എത്ര ശതമാനം നീക്കിവയ്ക്കണമെന്നോ കോടതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴത്തെ വിധിയുമായി മുന്നോട്ടുപോയാൽ പ്രവേശന നടപടികളെ ബാധിക്കും. 

നിയമപരമായ പ്രശ്നമായതിനാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കണമെന്നു 12ന് എൻട്രൻസ് കമ്മിഷണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സ്വാശ്രയ കോളജുകളിൽ ഇവിടത്തെ വിദ്യാർഥികൾക്കു മാത്രം പ്രവേശനം നൽകണമെന്ന കേരളത്തിന്റെ വാദം തള്ളിയാണ് ഉത്തരവു വന്നത്. അതിനാൽ അപ്പീൽ നിലനിൽക്കില്ലെന്നാണു വിലയിരുത്തൽ. എങ്കിലും അപ്പീലിന്റെ സാധ്യത പരിശോധിക്കുന്നതിനോ പ്രവേശനത്തിനുണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ആരോഗ്യവകുപ്പ് നടപടികൾ  ഊർ‍ജിതമാക്കിയിട്ടില്ല. കേസ് ഇനി ഓഗസ്റ്റ് 20നേ പരിഗണിക്കൂ എങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ഉത്തരവിലുണ്ട്. ജൂൺ 25 മുതൽ ജൂലൈ 5 വരെയാണു ആദ്യഘട്ട കൗൺസലിങ്. 25നു മുൻപു തീരുമാനം ഉണ്ടായില്ലെങ്കിൽ മെഡിക്കൽ പ്രവേശനത്തെയാകെ ബാധിക്കും. 

ഇതേ സമയം, ‌ഇതര സംസ്ഥാന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഇനിയും സമയം നൽകണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com