ADVERTISEMENT

കേരളത്തിൽ പ്രവർത്തിക്കുന്ന 129 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 2 വർഷ FDGT (ഫാഷൻ ഡിസൈനിങ്  & ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാമിൽ പ്രവേശനത്തിന് അവസരം. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും 87 എണ്ണം സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്.

സർക്കാർ സ്ഥാപനങ്ങൾ
42 ഗവൺമെന്റ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് 10-ാം ക്ലാസ് ജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. 25% വരെ സീറ്റുകളിൽ ആൺകുട്ടികളെ പ്രവേശിപ്പിക്കാം. അർഹതയുള്ള സമുദായങ്ങളിൽപ്പെട്ടവർക്ക് സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്. ബോധനം മലയാളത്തിൽ.

പ്രായോഗിക ക‍ൃത്യങ്ങളിലൂന്നിയുള്ള പാഠ്യക്രമത്തിൽ പാറ്റേൺ മേക്കിങ്, അപ്പാരൽ പ്രൊഡക്‌ഷൻ, ഫാഷൻ ബിസിനസ്, കംപ്യൂട്ടർ–എയ്ഡഡ് ഗാർമെന്റ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. വസ്ത്ര രൂപകല്പന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടാം. പാഠ്യക്രമത്തിന്റെ ഭാഗമായുള്ള വ്യവസായ ഇന്റേൺഷിപ്‌ വഴി പ്രായോഗിക പ്രശ്നങ്ങളെ നേരിടാൻ പരിശീലനം ലഭിക്കും.

ഒന്നും രണ്ടും വർഷങ്ങളിലെ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും. സ്വയം തൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികളിലും അവസരം ലഭിക്കും.

അപേക്ഷ
www.sitttrkerala.ac.in എന്ന വെബ്സൈറ്റിലെ ‘ലേറ്റസ്റ്റ് ന്യൂസ്’ ലിങ്കിൽ സ്ഥാപനങ്ങളുടെയും കൺട്രോളിങ് ഓഫിസർമാരുടെയും വിലാസവും ഫോൺ നമ്പറുമടക്കം പൂർണ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസുണ്ട്. അക്കാദമിക് ലിങ്കിൽ സിലബസും മാതൃകാ ചോദ്യക്കടലാസുകളും കൊടുത്തിരിക്കുന്നു.

ഏതെങ്കിലും സ്ഥാപനത്തിലോ കൺട്രോളിങ് ഓഫിസിലോ നിന്ന് ജൂൺ 22 വരെ 25 രൂപയ്ക്കു ഫോം വാങ്ങാം. ഇതു പൂരിപ്പിച്ച് രേഖകൾ സഹിതം 25ന് അകം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം. 

10ാം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് നോക്കി, സംവരണക്രമം പാലിച്ചാണ് സിലക്‌ഷൻ. 29നു ലിസ്റ്റിടും. 

സ്വകാര്യസ്ഥാപനങ്ങൾ
സർക്കാർ അംഗീകാരത്തോടെ സ്വകാര്യമേഖലയിൽ 87 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നു. പാഠ്യക്രമവും പരീക്ഷയും കെജിടിഇ സർട്ടിഫിക്കറ്റും എല്ലാം സർക്കാർ സ്ഥാപനങ്ങളുടേതു തന്നെ. പക്ഷേ, ഫീസ് കൂടും. എന്നാൽ, പട്ടികജാതി വികസന വകുപ്പിന്റെ കൂടി അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പട്ടികവിഭാഗക്കാർ ഫീസ് കൊടുക്കേണ്ട; പുറമേ സ്റ്റൈപ്പൻഡുമുണ്ട്. പ്രവേശനത്തിന് അതത് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com