ADVERTISEMENT

ഐഐടികളിലെ ബിരുദ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മഹാരാഷ്ട്രയിലെ ബല്ലാർപുരിൽനിന്നുള്ള കാർത്തികേയ് ചന്ദ്രേഷ് ഗുപ്തയ്ക്ക് ഒന്നാം റാങ്ക് (372ൽ 346 മാർക്ക്). 

ജാർഖണ്ഡിൽ നിന്നെത്തി കോട്ടയം ജവാഹർ നവോദയ വിദ്യാലയത്തിൽ പഠിച്ച അക്വിബ് നവാസ് ആണു കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമൻ; 275 മാർക്കോടെ ദേശീയതലത്തിൽ 77–ാം റാങ്ക്. ഒബിസി വിഭാഗത്തിൽ ദേശീയതലത്തിൽ ഏഴാം റാങ്കുമുണ്ട്. കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ചിരുന്നു. 

കോട്ടയം മാന്നാനം കെഇ സ്കൂളിൽ പഠിച്ച വിഷ്ണു വിനോദാണു മലയാളികളിൽ ഒന്നാമത്; 272 മാർക്കോടെ ദേശീയ തലത്തിൽ 90 ാം റാങ്ക്. ഇടുക്കി അണക്കര ശങ്കരമംഗലത്തിൽ വിനോദ്കുമാറിന്റെയും ചാന്ദ്നിയുടെയും മകനാണ്. എൻഐടികളിലേക്കും മറ്റു പ്രവേശനത്തിനുള്ള ജെഇഇ മെയിൻ, കേരള എൻജിനീയറിങ് എൻട്രൻസ് എന്നിവയിലും വിഷ്ണു ആയിരുന്നു കേരളത്തിൽ ഒന്നാമൻ. 

രാജ്യത്ത് 1,61,319 പേർ പരീക്ഷ എഴുതിയതിൽ 5,356 പെൺകുട്ടികളടക്കം 38,705 പേരാണു യോഗ്യത നേടിയത്. ഫലം വെബ്സൈറ്റിൽ (jeeadv.ac.in) ലഭ്യമാണ്. 23 ഐഐടികളിലെ 11,279 സീറ്റുകൾക്കു പുറമെ ബെംഗളൂരു ഐഐഎസ്‌സി, തിരുവനന്തപുരത്തുൾപ്പെടെയുള്ള ഐസർ ക്യാംപസുകൾ, തിരുവനന്തപുരം ഐഐഎസ്ടി, റായ്ബറേലിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി എന്നിവിടങ്ങളിലും ജെഇഇ അഡ്വാൻസ്ഡ് വഴി പ്രവേശനം ലഭിക്കും. ഐഐടി റൂർക്കിക്കായിരുന്നു പരീക്ഷാച്ചുമതല. ഓൺലൈൻ കൗൺസലിങ് ആരംഭിക്കുന്ന വിവരം ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ (josaa.nic.in) അറിയിക്കും. 

ഐഐടി ബി ആർക്: അപേക്ഷ ഇന്ന് 5 വരെ

റൂർക്കി, ഖരഗ്പുർ ഐഐടികളിലെ ബി ആർക് കോഴ്സിൽ പ്രവേശനം ലഭിക്കുന്നതിനുള്ള ജെഇഇ അഡ്വാൻസ്ഡ് ആർക്കിടെക്ചർ അഭിരുചി പരീക്ഷ (എഎടി) റജിസ്ട്രേഷൻ ആരംഭിച്ചു; jeeadv.ac.in. ഇന്ന് 5 വരെയാണു സമയം. ബോംബെ, ഡൽഹി, ഗുവാഹത്തി, കാൻപുർ, ഖരഗ്പുർ, ഹൈദരാബാദ്, റൂർക്കി ഐഐടികളാണ് പരീക്ഷാകേന്ദ്രങ്ങൾ. ജെഇഇ അഡ്വാൻസ്ഡ് പാസായവർക്കു മാത്രമേ അപേക്ഷിക്കാനാവൂ.

17നു നടത്തുന്ന പരീക്ഷയുടെ ഫലം 21ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com