ADVERTISEMENT

ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് കോഴ്സുകൾ പഠിച്ചാൽ ജോലിസാധ്യത എത്രത്തോളമുണ്ട്? 

എസ്.പ്രേമാദേവി, കണ്ണൂർ 

ഏറെ ആകർഷകമായ മേഖലയാണിത്. വരുംകാലങ്ങളിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും. ജനങ്ങൾ ഉപയോഗിക്കുന്ന പാകപ്പെടുത്തിയ ഭക്ഷണത്തിന്റെ (പ്രോസസ്ഡ് ഫുഡ്) ശതമാനം സമ്പദ്‌വികസനത്തെ സൂചിപ്പിക്കും. ഇത് വികസിതരാജ്യങ്ങളിലേതിന്റെ ഏഴിലൊന്നോളം മാത്രമാണ് ഇന്ത്യയിൽ. ഇവിടെ പഴം–പച്ചക്കറി പ്രോസസിങ് ഏഴു ശതമാനത്തോളം മാത്രം. സമ്പദ്പുരോഗതി കൈവരിക്കുന്തോറും പ്രകൃതിയിൽ നിന്ന‌ു കിട്ടുന്ന വസ്തുക്കൾ അതേപടി കഴിക്കുന്ന രീതി കുറഞ്ഞ്, പാകപ്പെടുത്തി വിപണിയിൽ കിട്ടുന്ന ആഹാരപദാർഥങ്ങൾ ഉപയോഗിക്കുന്ന ശീലം കൂടിവരും. 

പാകപ്പെടുത്തുന്നതിലൂടെ ഭക്ഷ്യവസ്തുക്കൾക്കു മൂല്യവർധനയുണ്ടാകുന്നു. പഴങ്ങൾ അതേപടി കഴിക്കുന്നതും അവ ജ്യൂസോ ജാമോ മറ്റോ ആക്കി കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം നോക്കുക. വർഷത്തിൽ ഏതാനും മാസം മാത്രം ഉണ്ടാകുന്ന ഫലങ്ങൾ വേണ്ടവിധം പാകപ്പെടുത്തി സൂക്ഷിച്ചാൽ വർഷം മുഴുവനും കഴിക്കാനാവും. വിളവെടുപ്പുകാലത്ത് വെറുതെ ചീഞ്ഞുനശിച്ചുപോയേക്കാവുന്നവയിലെ ബാക്റ്റീരിയാ പ്രവർത്തനം തടഞ്ഞു സൂക്ഷിക്കാൻ വഴി പലതുമുണ്ട്. കരിമ്പ് ഒടിച്ചു ചവയ്ക്കുന്നതും വർഷം മുഴുവൻ പഞ്ചസാര ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. കരിമ്പും കൊക്കോയും വാനിലയും ചേർത്തു ചോക്കലേറ്റ് എത്രയോ രൂപത്തിൽ നാം ഉണ്ടാക്കുന്നു.

ജാം, മാർമലേഡ്, ബിസ്കറ്റ്, കേക്ക്, അച്ചാർ, ധാന്യപ്പൊടി, മത്സ്യോൽപന്നങ്ങൾ, പാൽ മുതലായവയുടെ ഉപയോഗം പോലും ഇവിടെ കുറവാണല്ലോ. ഈ മേഖലയിൽ പരിശീലനം കിട്ടിയവരുടെ സേവനം വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന വ്യവസായശാലകളിൽ ആവശ്യമുണ്ട്. വൻ ഹോട്ടലുകളിലും ആശുപത്രികളിലും മറ്റും ആഹാരപദാർഥങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനും വിദഗ്ധർ വേണ്ടിവരും. ഡിസ്റ്റിലറികൾ, സോഫ്റ്റ് ഡ്രിങ്ക് ഉൽപാദനകേന്ദ്രങ്ങൾ, വലിയ ഫ്ലവർ മില്ലുകൾ, കാർഷികോൽപന്ന കയറ്റുമതിരംഗം എന്നിവയിലും അവസരമുണ്ട്. ഇന്ത്യയിലെ ഫുഡ് പ്രോസസിങ് വ്യവസായം കുതിച്ചു മുന്നേറുന്നുണ്ട്.

പല പ്രോഗ്രാമുകളിലും പാഠ്യക്രമം പല തരത്തിലായിരിക്കും. ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയളോജിക്കൽ ഗുണങ്ങൾ, പുളിപ്പിക്കൽ (ഫെർമന്റേഷൻ), ഡെയറി പ്രവർത്തനങ്ങൾ, പാകപ്പെടുത്തൽ രീതികൾ, ധാന്യങ്ങൾ സൂക്ഷിക്കൽ, ഭക്ഷ്യശുചിത്വം, ഭക്ഷ്യസുരക്ഷ, ഗുണനിയന്ത്രണം, പാക്കേജിങ്, വിപണനം, ഗവേഷണം മുതലായവ.

ഈ മേഖലയിലെ ഏതാനും പഠനകേന്ദ്രങ്ങൾ സംബന്ധിച്ച സൂചനകൾ: 

1. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ (എംഎസ്‌സി ഫുഡ് ടെക്നോളജി)

2. കേരള എൻജിനീയറിങ് എൻട്രൻസ്‌ വഴി കാർഷിക/ഫിഷറീസ്/വെറ്ററിനറി സർവകലാശാലകളിലും എൻജിനീയറിങ് കോളജുകളിലും ബിടെക്

3. ബിഎസ്‌സി ഫുഡ് സയൻസ്/ടെക്നോളജി; എംഎസ്‌‍സി ഫുഡ് സയൻസ്/ടെക്നോളജി മുതലായവ കേ‌രളത്തിലെ പല കോളജുകളിലും 

4. NIFTEM: National Institute of Food Technology, Entrepreneurship, and Management, Kundli, Haryana. ഈ രംഗത്തെ ശ്രേഷ്ഠസ്ഥാപനം. (ബിടെക്, എംടെക്, പിഎച്ച്ഡി)

5. Indian Institute of Crop Processing Technology, Thanjavur (ബിടെക്, എംടെക്, പിഎച്ച്ഡി)

6. Tamilnadu Agricultural University, Coimbatore (ബിടെക്)

7. IGNOU, ന്യൂഡൽഹി (പിജി ഡിപ്ലോമ–ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ്)

വിശദാംശങ്ങൾക്കു ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ നോക്കുക. 

വിദൂരമല്ല, ഉന്നതപഠനം 

പ്ലസ് വണ്ണിൽ പ്രവേശനം കിട്ടാത്തവർക്ക് സ്കോൾ–കേരള ഹയർ സെക്കൻഡറി യോഗ്യത നേടാൻ കഴിയുമെന്നു കേൾക്കുന്നത് ശരിയാണോ?

ആർ.എസ്.ശങ്കർ, കിളിമാനൂർ 

ശരിയാണ്. ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി/ തുല്യ യോഗ്യത നേടിയെങ്കിലും 11–ാം ക്ലാസ് പ്രവേശനം വഴി റഗുലർ ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതെപോയവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ് ടു നേടാൻ സൗകര്യം നൽകുന്ന  സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള. (SCOLE-KERALA: State Council For Open and Lifelong Education-Kerala, Vidyabhavan, Poojappura, Thiruvananthapuram-695 012; Ph: 0471 2342271, e-mail: scolekerala@gmail.com, www.scolekerala.org).

സയൻസ്,‌ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളെടുത്തു പഠിച്ച് സാധാരണ ഹയർ സെക്കൻഡറി പരീക്ഷയെഴുതി, അതിന്റെ സർട്ടിഫിക്കറ്റിനു തുല്യമായ യോഗ്യത നേടാം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചേർന്നതടക്കമുള്ള കോംബിനേഷനുകൾ. മിതമായ ഫീസ്. തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിദിനങ്ങളിൽ സമ്പർക്ക ക്ലാസുകളും പ്രാക്ടിക്കലും നടത്തും. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഇതര സംസ്ഥാന ബോർഡ് ഇവയിലേതിലെങ്കിലും നിന്ന് ഒന്നാം വർഷം പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിനു മാത്രമായും റജിസ്റ്റർ ചെയ്യാം. ആവശ്യമുള്ളവർക്കു സമാന്തരമായി ഡിസിഎയ്ക്കും (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) പഠിക്കാം . ഇതു പിഎസ്‍സി വഴി നിയമനത്തിനും ഉപകരിക്കും.

കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ പ്രോസ്പെക്റ്റസും വിജ്ഞാപനവും നോക്കുക.  

കടലിലിറങ്ങി പഠിക്കാം 

 മത്സ്യബന്ധന ബോട്ടുകളിലെ ജോലികൾക്കു പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനം കേരളത്തിലുണ്ടോ? കോഴ്സുകൾ ഏതൊക്കെയാണ്? 

സി.വി.ധനേഷ്, കൊടുങ്ങല്ലൂർ 

നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനം കൊച്ചിയിലുണ്ട്. സിഫ്നെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്), ഫൈൻ ആർട്സ് അവന്യു, കൊച്ചി-682 016, ഫോൺ: 0484–2351493. 

മാത്‌സിനും സയൻസിനും 40% വീതമെങ്കിലും മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന രണ്ടു ട്രേഡ് കോഴ്സുകൾ അവിടെയുണ്ട്–വെസ്സൽ നാവിഗേറ്റർ കോഴ്‌സും മറൈൻ ഫിറ്റർ കോഴ്‌സും. രണ്ടു വർഷം വീതമാണു കോഴ്സ് ദൈർഘ്യം. കടലിൽ പോയുള്ള പ്രായോഗിക പരിശീലനം കോഴ്സിന്റെ മുഖ്യഭാഗമാണ്. ഐടിഐ കോഴ്സുകളുടെതന്നെ രീതിയിൽ ‘നാഷനൽ കൗൺസിൽ ഓഫ് വൊക്കേഷനൽ ട്രെയിനിങ്’ നിയന്ത്രിക്കുന്ന ക്രാഫ്റ്റ്സ്മെൻ ട്രെയിനിങ് പദ്ധതിയിൽ പെടുന്ന കോഴ്സുകളാണിവ. 

ഇതേ കോഴ്സുകൾ ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിലുമുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പൊതു എൻട്രൻസ് പരീക്ഷ വഴിയാണു സിലക്‌ഷൻ. വിദ്യാർഥികൾക്കെല്ലാം 1500 ‌രൂപ പ്രതിമാസ സ്റ്റൈപെൻഡ് കിട്ടും..വെബ്സൈറ്റ്: www.cifnet.gov.in 

ദ്വീപുകളുടേതുൾപ്പെടെ 7500 കിലോമീറ്ററിലേറെ കടൽത്തീരമുള്ള ഇന്ത്യയിൽ മീൻപിടിത്ത വ്യവസായത്തിനു വൻ സാധ്യതകളുണ്ട്. കടൽജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളേറെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com