ADVERTISEMENT

കുട്ടികൾ സ്കൂൾ വിട്ടു വന്നാലുടനെ ബാഗു തുറന്നു ചോറ്റു പാത്രവും ടിഫിൻ ബോക്സുമൊക്കെ പരിശോധിക്കുന്ന അമ്മമാരുണ്ട്. കൊടുത്തുവിട്ടതെല്ലാം ഒരു തരിപോലും ബാക്കി വയ്ക്കാതെ കുട്ടി കഴിച്ചിട്ടുണ്ടെങ്കിൽ ബഹുസന്തോഷം. എന്തെങ്കിലും ബാക്കി വച്ചിട്ടുണ്ടെങ്കിലോ? വല്ലാത്ത സങ്കടവും. അമ്മമാർ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. കൂടുതൽ കഴിക്കുന്നതിലല്ല, കൃത്യമായി കഴിക്കുന്നതിലാണു കാര്യം. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ സമയകൃത്യതയും കാലറിയും മാതാപിതാക്കൾ ഉറപ്പാക്കണം. ആഹാരത്തിന്റെ അളവിലല്ല (വോള്യം) അതിൽ നിന്നു ലഭിക്കുന്ന കാലറിയാണ് പ്രധാനം. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസം 2800 കാലറി മതിയാകും. എന്നാൽ പഠിക്കുന്ന ഒരു കുട്ടിക്ക് 4,000 കാലറിയെങ്കിലും ഊർജം വേണം. 

ഓരോ ആഹാരപദാർഥത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവു വ്യത്യസ്തമാണ്. ഒരു പ്ലേറ്റ് ചോറിൽ 400 കാലറി ഊർജമുണ്ട്. അതേ സമയം ഒരു കശുവണ്ടിപ്പരിപ്പ് തിന്നാൽ ഒരു പ്ലേറ്റ് ചോറുണ്ടതിനു തുല്യമാണ്. ഒരു ചെറിയ കപ്പ് ഐസ്ക്രീമിൽ 900 കാലറിയുണ്ട്. വലിയ കപ്പിൽ 1600 കാലറിയും. കുട്ടികൾക്കു കാലറി നോക്കി വേണം ആഹാരം നൽകേണ്ടത്. മുതിർന്നവർ മൂന്നു നേരമാണ് പ്രധാനമായും കഴിക്കുന്നത്. ഇത് കുട്ടികളുടെ കാര്യത്തിൽ ശരിയാകില്ല. വയറു നിറഞ്ഞാലുടനെ അവർക്ക് ഉറക്കം വരും. സ്കൂളിലിരുന്ന് കുട്ടി ഉറങ്ങിപ്പോകാൻ ഇടയാകരുത്. 600 കാലറി ഊർജം ലഭിക്കുന്ന വിധം ആറോ എട്ടോ തവണയായി കുട്ടികൾക്ക് ആഹാരം നൽകുന്നതാണ് ഉത്തമം. കുട്ടികൾ ആഹാരം കഴിക്കുന്ന രീതിയും പ്രധാനപ്പെട്ടതു തന്നെ. 

ചിട്ടയായും വൃത്തിയായും ഭക്ഷണം കഴിക്കുന്നത് ഒരു കലയാണ്. പാശ്ചാത്യർ ഭക്ഷണരീതി സംസ്കാരത്തിന്റെ ഭാഗമായാണു കാണുന്നത്. ഈ സംസ്കാരം വീട്ടിലെ ആഹാര മേശയിൽ നിന്നു തന്നെ തുടങ്ങണം. ഇന്റർവ്യൂവിലും മറ്റും ഇന്നു ചായയോ സ്നാക്സോ ഒക്കെ നൽകി ഉദ്യോഗാർഥിയുടെ ഭക്ഷണ സംസ്കാരം മനസ്സിലാക്കുന്നത് ഇവിടെയും സാധാരണമായിരിക്കുന്നു. കുട്ടികൾക്ക് അനുവർത്തിക്കാവുന്ന മികച്ച അഞ്ചു ശീലങ്ങൾ ഭാരതത്തിലെ ഋഷീശ്വരന്മാർ നിർദേശിക്കുന്നു. അൽപാഹാരം, ജീർണവസ്ത്രം, കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര എന്നിവ ആഹാരവേളയിൽ പാതി വയർ മാത്രം നിറയ്ക്കുന്നതാണു അൽപാഹാരം. ആവശ്യമുള്ള ഭക്ഷണം ആറോ എട്ടോ തവണയായി നൽകാം. 

കുട്ടിക്ക് അമിതമായ ഫാഷൻ ഭ്രമം ഉണ്ടാകരുത്. അതിനാണ് ജീർണവസ്ത്രം. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ മികവു കൊണ്ടല്ല തലച്ചോറിന്റെ കഴിവുകൊണ്ടു വേണം അറിയപ്പെടേണ്ടത്. പണ്ഡിതന്മാരും പ്രതിഭാശാലികളും വേഷത്തിൽ ഭ്രമിച്ചിരുന്നവരല്ല. ആർക്കമിഡീസ് വലിയ കണ്ടുപിടിത്തം നടത്തിയപ്പോൾ പൂർണ നഗ്നനായി ‘യൂറേക്കാ’ എന്നു വിളിച്ചു കൊണ്ട് റോഡിലൂടെ ഓടിയതു കേട്ടിട്ടില്ലേ? സൂക്ഷ്മദൃഷ്ടിയാണ് കാകദൃഷ്ടി. ഒരു കല്ലെടുത്താലുടനെ കാക്ക പറന്നകലും കല്ലെടുക്കുന്നത് തന്നെ എറിയാനാണെന്നു കാക്കയ്ക്കറിയാം. എന്നാൽ കോഴി അവിടത്തെന്നെ നിൽക്കും. ഏറു കിട്ടിയശേഷമേ അതിന് കാര്യം മനസ്സിലാകൂ. ‘കാക്ക കണ്ടറിയും കോഴി കൊണ്ടറിയും’ എന്നാണു പഴമൊഴി. ബകം എന്നാൽ കൊക്ക്. ഉറങ്ങുമ്പോൾ പോലും ഒരു കാല് മേൽപ്പോട്ടാക്കി ജാഗ്രതയോടെയാണു കൊക്കിന്റെ നിൽപ്പ്. ചെറിയൊരു ചലനമുണ്ടായാൽ മതി കാൽ വലിച്ചെടുത്തു കൊക്കു പറന്നുയരും. ഇനി ശ്വാന നിദ്ര, പട്ടി ഉറങ്ങിക്കിടക്കുമ്പോൾ പോലും ചെറിയ ശബ്ദം കേട്ടാലുടനെ ഉണർന്ന കുരയ്ക്കും. മനുഷ്യനു 20,000 ‍ഡെസിബൽ വരെ കേൾക്കാൻ കഴിവുണ്ട്. പട്ടിക്ക് ഇതിന്റെ ഒന്നര ഇരട്ടി ഡെസിബൽ വരെ കേൾക്കാനാകും. കൊക്കിന്റെയും പട്ടിയുടെയും ഏകാഗ്രതയും ജാഗ്രതയും സൂക്ഷ്മതയും കണ്ടു പഠിക്കണം.  

തയാറാക്കിയത്: ടി.ബി. ലാൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com