ADVERTISEMENT

‘ലോകത്തെ എല്ലാ മലയാളികൾക്കും നല്ലതു വരട്ടെ!’

മലപ്പുറം ജില്ലയിലെ മണിമൂളി സ്കൂളിൽനിന്ന് പ്രളയദുരിതാശ്വാസമായി കിട്ടിയ ബാഗിൽ, ‘ഈ ബാഗ് കിട്ടുന്ന ആർക്കാണെങ്കിലും നല്ലതു വരട്ടെ’ എന്ന ആശംസ വായിച്ചപ്പോൾ ഒൻപതാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ ചുണ്ടിൽ ചില്ലുവെയിൽ പോൽ തെളിഞ്ഞത് ആ പ്രാർഥനയാണ്. 

ഒരിക്കലും കണ്ടിട്ടില്ലാത്ത ഏതോ ഒരു കൂട്ടുകാരിക്ക്, അല്ലെങ്കിൽ കൂട്ടുകാരനു വേണ്ടി ആ ബാഗ് അയച്ചത് ബെംഗളൂരിൽനിന്നു മൂന്നു മലയാളിക്കുട്ടികൾ ചേർന്നാണ്; അനാലിയ, തസ്മിൻ, എയ്ഞ്ചെല. പ്രവാസികളുടെ മക്കളെ മലയാളം പഠിപ്പിക്കാനുള്ള മലയാളം മിഷൻ ക്ലാസ് മുറിയിലാണ് അവർ കൂട്ടുകാരാവുന്നത്. പ്രളയത്തിൽപെട്ട കുട്ടികളെ സഹായിക്കാൻ ബെംഗളൂരു മലയാളം അസോസിയേഷൻ, മലയാളം മിഷൻ വിദ്യാർഥികളിൽനിന്ന് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും ശേഖരിക്കുന്നത് അറിഞ്ഞ് അതിൽ പങ്കാളികളായി. ഒടുവിൽ, ബാഗും പുസ്തകങ്ങളും ഒപ്പം തങ്ങളെഴുതിയ കുഞ്ഞുകത്തും കിട്ടിയ കുട്ടിയുടെ പിതാവ് കത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അത് പി.വി.അൻവർ എംഎൽഎ ഷെയർ ചെയ്തു. അങ്ങനെ അവർ കൊടുത്ത ബാഗ് സ്നേഹത്തിന്റെ ‘ഇമ്മിണി വല്യ ബാഗ്’ ആയി.

നോട്ടുപുസ്തകത്തിന്റെ ഒരു പേജ് കീറിയെടുത്ത് അതിലെഴുതിയ നാലുവരിക്കത്ത് ഇങ്ങനെ...

പ്രിയപ്പെട്ട സുഹൃത്തേ,

ഈ ബാഗ് ആർക്കാണ് കിട്ടുന്നതെന്ന് അറിയില്ല. ഇത് നിന്നെ സഹായിക്കാൻ വേണ്ടിയാണ്. ഞങ്ങൾക്ക് വിഷമമുണ്ട് ഈ സ്ഥിതി കണ്ടിട്ട്. ഈ ബാഗ് കിട്ടുന്ന ആർക്കാണെങ്കിലും നല്ലതു വരട്ടെ.

എന്ന് സ്നേഹപൂർവം

എയ്ഞ്ചെല (ഒപ്പ്)

അനാലിയാ (ഒപ്പ്)

angela-tasmin-analia
എയ്ഞ്ചെല, അനാലിയാ, തസ്മിൻ

തസ്മിൻ (ഒപ്പ്)

കത്ത് കിട്ടുന്നത് ആൺകുട്ടിക്കായാലും പെൺകുട്ടിക്കായാലും സ്വീകരിക്കാവുന്ന അഭിസംബോധന. സൂക്ഷിച്ചുനോക്കിയാൽ ഒന്നോ രണ്ടോ അക്ഷരത്തെറ്റു കാണാമെങ്കിലും വളച്ചുകെട്ടുകളേതുമില്ലാത്ത തനിമലയാളം. എഴുത്തിനു താഴെ ഒരു ചിത്രവുമുണ്ട്, അൽപമകലെ നിൽക്കുന്ന കുട്ടിക്കു നേരെ കുട നീട്ടുന്ന മറ്റൊരു കുട്ടി. മറുനാട്ടിലാണെങ്കിലും ആഴ്ചയിലൊരിക്കൽ ഒരു മണിക്കൂർ മലയാളം പഠിച്ച് സ്വരുക്കൂട്ടിയെടുത്തതാണ് ആ അക്ഷരങ്ങൾ. ബെംഗളൂരു മല്ലേശപാളയയിലെ നാഷനൽ സെന്റർ ഫോർ എക്സലൻസിൽ ആറാംക്ലാസുകാരിയാണ് അനാലിയ. ഇന്ദിരാനഗർ ക്രിസ്ത്യൻ പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് തസ്മിൻ. പത്താംക്ലാസുകാരി എയ്ഞ്ചെലയാണ് കൂട്ടത്തിലെ ചേച്ചി. ബ്രൂക്ഫീൽഡ് റയാൻ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി. 

∙ ബാഗ് നിറയെ സ്നേഹം

പ്രളയത്തിൽ വീട് തകർന്ന മുഹമ്മദ് ഫായിസും 2 സഹോദരങ്ങളും ഉപ്പയും ഉമ്മയും വല്യുപ്പയും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. നിലമ്പൂർ എടക്കര മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്കൂളിലെ അധ്യാപിക ഡോൺസിയാണ് ഫായിസിന് ബാഗുൾപ്പെടെ ഒരു സെറ്റ് പഠനോപകണങ്ങൾ നൽകിയത്. ഒരു മാസത്തെ വാടകയായി 6000 രൂപയും നൽകി. താമസസ്ഥലത്തെത്തി ബാഗ് നോക്കിയപ്പോഴാണ് ഒരു കുറിപ്പ് കണ്ടത്. എവിടെനിന്നാണ് ബാഗ് വന്നതെന്ന് അന്വേഷിക്കുന്നതിൽ കാര്യമില്ലെങ്കിലും ബാഗിലെ കത്തിനെക്കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചു, ഫായിസിന്റെ പിതാവ് നൗഷാദ്. 

 ലോഡ് വന്ന വഴി അന്വേഷണം താഴേക്കു പോയപ്പോൾ, സാധനങ്ങൾ വന്നത് ബെംഗളൂരു മലയാളം അസോസിയേഷൻ വഴിയാണെന്നു മനസ്സിലായി.  അസോസിയേഷൻ ഭാരവാഹി ജെയ്സൺ ലൂക്കോസ് വഴി അന്വേഷണം വിജ്ഞാൻ നഗർ ചാരിറ്റബിൾ എജ്യുക്കേഷൻ ട്രസ്റ്റിലെത്തി നിന്നു. അവിടെ മലയാളം മിഷൻ പഠനകേന്ദ്രത്തിലെ അധ്യാപിക സിന്ധുവാണ് മൂന്നു കൂട്ടുകാരെ കണ്ടെത്തിയത്.

∙ കാണാം, കാണണം കൂട്ടുകാരാ

‘ അടുത്ത അവധിക്കു നാട്ടിൽ പോകണം. പറഞ്ഞു മാത്രം കേട്ടിട്ടുള്ള നിലമ്പൂർ കാണണം. വെള്ളപ്പൊക്കത്തിൽ പ്രയാസപ്പെട്ട അവരെയോർത്ത് ഞങ്ങൾ എത്ര വിഷമിച്ചിരുന്നെന്ന് അവരോടു പറയണം. ’ – അനാലിയ പറഞ്ഞു.   കാണാത്ത നഗരത്തിൽനിന്ന് ബാഗ് അയച്ച സുഹൃത്തുക്കളെ കാണാൻ കാത്തിരിക്കുകയാണ് ഫായിസും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com