ADVERTISEMENT

കുട്ടികളോട് ഏറ്റവും മികവുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരാണ് ഏറ്റവും മികച്ച അധ്യാപകർ ഗുരുമുഖത്തു നിന്നാണു കുട്ടികൾ ഏറ്റവുമധികം അറിവുകൾ സ്വായത്തമാക്കുന്നത്. ഗുരുവിൽ നിന്നുള്ള വിജ്ഞാനം വളരെ രസകരമായി കുട്ടി ഗ്രഹിക്കണം. 

അതിനായി ആ അധ്യാപകൻ ടീച്ചിങ്സ് ടെക്നിക്കുകൾ അറിഞ്ഞിരിക്കണം. കുട്ടിയുടെ താൽപര്യം എന്തെന്നു മനസ്സിലാക്കി അതിനനുസരിച്ച് കുട്ടികൾക്കു വിദ്യ പകർന്നു കൊടുക്കണം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാധീനിച്ച അധ്യാപകൻ യേശുക്രിസ്തു ആണെന്നു പറയാം. 228 കോടി ആളുകൾ അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളെ പിന്തുടരുന്നു. യേശുക്രിസ്തു മികച്ച അധ്യാപകൻ ആയതെങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട്. ‘ജീസസ് ദ് ടീച്ചർ’ എന്നാണ് ആ കൃതിയുടെ പേര്. 

യേശുക്രിസ്തു ആശയവിനിമയത്തിനായി 24 ടെക്നിക്കുകൾ ഫലപ്രദമായി ഉപയോഗിച്ചുവെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. ‘വിളക്കുകൾ കത്തിച്ച് ആരെങ്കിലും പറയുടെ അടിയിൽ വയ്ക്കാറുണ്ടോ’ എന്നൊരു പ്രയോഗം ഉണ്ട്. പറയോ വിളക്കോ കണ്ടിട്ടുള്ള ഒരു കുട്ടിക്ക് ഈ പ്രയോഗത്തിന്റെ  അർഥം എളുപ്പത്തിൽ മനസ്സിലാകും. വിളക്ക് കത്തിച്ച് പറയുടെ അടിയിൽ വച്ചാൽ അന്ധകാരമാണ് ഉണ്ടാവുക. പറയെ പറ്റി കേട്ടിട്ടു പോലുമില്ലാത്ത ഒരു എക്സിമോയ്ക്ക് ഈ ഉപമ കേട്ടാൽ ഒന്നും തന്നെ മനസ്സിലാവില്ല.

നിത്യജീവിത പരിസരങ്ങളിൽ നിന്നുള്ള ഇത്തരം ഉപമകളും പ്രയോഗങ്ങളും കാര്യങ്ങൾ ഭംഗിയായി ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കും. ‘ചേമ്പിലയിൽ വെള്ളം വീണതു പോലെ കാര്യങ്ങൾ മനസ്സിലാക്കാത്ത വിഡ്ഢിയാണോ നീ’ എന്നൊരാൾ ചോദിച്ചാൽ ചേമ്പു കണ്ടിട്ടുള്ളവർക്കേ അക്കാര്യം പിടികിട്ടുകയുള്ളൂ. ലോകത്തു 30 രാജ്യങ്ങളിൽ മാത്രമേ ചേമ്പു വളരുന്നുള്ളൂ. ചേമ്പിനെ പരിചയമുള്ളവർക്കു മാത്രമേ ചേമ്പിലയിൽ വെള്ളം വീണാൽ എന്തു സംഭവിക്കുമെന്നു പിടികിട്ടു കയുള്ളൂ. ‘ചേറിലെ താമര പോലെ’ എന്നു കേട്ടാൽ താമരയെക്കുറിച്ചു നന്നായി അറിയാവുന്നവർക്കു മാത്രമേ ഈ പ്രയോഗം പിടികിട്ടുകയുള്ളൂ. ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം’ എന്നു കേട്ടാൽ ചന്ദ്രനെ കണ്ടിട്ടുള്ള ഒരാൾക്കു രാജാവിന്റെ മുഖം എങ്ങനെയിരിക്കുന്നുവെന്ന് അപ്പോൾ തന്നെ ധരിക്കാൻ പറ്റും. അധ്യാപ‌കർ ഓരോ വിഷയവും പഠിപ്പിക്കുമ്പോഴും അതിന് അനുയോജ്യമായ ഉപമകൾ പ്രയോഗിക്കണം. 

ഇവ നന്നായി ഉപയോഗിക്കുമ്പോഴാണ് ഒരു ക്ലാസ് കുട്ടികൾക്കു രസകരമായി തോന്നുന്നതും അവർ പാഠഭാഗങ്ങൾ മനസ്സിലുറപ്പിക്കുന്നതും. ‘സോക്രട്ടിക് മെതേഡ്’ എന്നൊരു വിദ്യയുണ്ട്. ദാർശനികനായ സോക്രട്ടീസ് ഏകദേശം 400 വർഷങ്ങൾക്കു മുൻപ് ഗ്രീസിൽ പ്രയോഗിച്ച ശൈലിയാണിത്. ഒന്ന്...രണ്ട്...മൂന്ന് എന്നിങ്ങനെ പോയിന്റ് ക്രമത്തിൽ അദ്ദേഹം ഒരു കാര്യവും പഠിപ്പിച്ചിരുന്നില്ല. പകരം കുട്ടികളോടു തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കും. അതിന്  ഉത്തരം കുട്ടികൾ പറയും. 

എന്താണോ പഠിപ്പിക്കാൻ ഉദ്ദേശിച്ചത് അക്കാര്യം കുട്ടികളുടെ മനസ്സിൽ നിന്നു സ്വയം വെളിപ്പെടുത്തുന്ന രീതിയിൽ ക്രമപ്പെടുത്തിയതായിരുന്നു സോക്രട്ടീസിന്റെ ചോദ്യങ്ങൾ. ഈ ശൈലിയിലുള്ള സോക്രട്ടീസിന്റെ 28 ക്ലാസ്സുകൾ ശിഷ്യനായ പ്ലേറ്റോ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. 

എജ്യൂക്കേഷൻ എന്ന വാക്കുണ്ടാക്കുന്നതു ലാറ്റിൻ ഭാഷയിലെ ‘എജ്യൂകാറ’ എന്ന വാക്കിൽ നിന്നാണ്. ‘ടു ബ്രിങ് ഔട്ട്’ എന്നാണ് ഈ പദത്തിനർഥം. കുട്ടിയുടെ മനസ്സിൽ നിന്നു ശരിയായ ആശയങ്ങൾ പുറത്തു കൊണ്ടുവരിക. ഇങ്ങനെ മനസ്സിൽ നിന്നും സ്വയം ഊറിവരുന്ന അറിവ് ഒരു കാലത്തും നശിക്കില്ല. മറവിക്കു കീഴടങ്ങുകയുമില്ല. വിദ്യാർഥികളിൽ നല്ല ആശയങ്ങൾ ജനിപ്പിക്കുകയാണു മികച്ച അധ്യാപകന്റെ ലക്ഷണം. 

തയാറാക്കിയത്: ടി.ബി. ലാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com