ADVERTISEMENT

ലൈബ്രറി സയൻസുമായി ബന്ധപ്പെട്ട ഉപരിപഠന, ജോലി സാധ്യതകളെക്കുറിച്ചു വിവരങ്ങൾ നൽകാമോ? 

ശ്യാം മോഹൻ 

കോട്ടയം

ചോദ്യം ഉപരിപഠനത്തെക്കുറിച്ചാണെങ്കിലും ലൈബ്രറി സയൻസിന്റെ അടിസ്ഥാന കാര്യങ്ങൾ കൂടി നമുക്കു നോക്കാം. 

ഗ്രന്ഥശാലയെന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്കു കടന്നുവരുന്നത് ചേതനയില്ലാത്ത അന്തരീക്ഷത്തിൽ ഭദ്രമായി പൂട്ടിവച്ചിരിക്കുന്ന കുറേ പഴയ പുസ്തകങ്ങളും അവയൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ മാത്രം വ്യഗ്രത കാട്ടുന്ന ലൈബ്രേറിയനും ഉൾപ്പെടുന്ന നിർജീവ ചിത്രമായിരിക്കും. ഏതു പുസ്തകവും അതിവേഗം കണ്ടെത്താൻ കഴിയുംവിധം ശാസ്ത്രീയമായ വർഗീകരണരീതിയിൽ (ക്ലാസിഫിക്കേഷൻ) അടുക്കിവയ്ക്കുക, വിഷയത്തിന്റെയും ഗ്രന്ഥകർത്താക്കളുടെയും അടിസ്ഥാനത്തിൽ ഇൻഡക്സ് കാർഡുകളും കംപ്യൂട്ടർ ഫയലുകളും തയാറാക്കുക, ഉപയോക്താക്കൾക്കു ലൈബ്രറിയിൽ വന്നോ ഓൺലൈനായോ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സഹായം നൽകുക, ജേണലുകളടക്കം ആനുകാലിക പ്രസിദ്ധീകരണങ്ങൾ ബൈൻഡ് ചെയ്തും കംപ്യൂട്ടർ ഫയലുകളായും സൂക്ഷിക്കുക, പുതിയ ഗ്രന്ഥങ്ങളെയും പ്രസിദ്ധീകരണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ചു സൂക്ഷിക്കുക, ഏറ്റവും പുതിയവയടക്കം മികച്ച പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലപ്പെടുത്തുക, പ്രയോജനപ്രദമായ വെബ്സൈറ്റുകൾ വിഷയങ്ങളനുസരിച്ച് അക്ഷരക്രമത്തിൽ തയാറാക്കി വയ്ക്കുക തുടങ്ങിയവ നല്ല ലൈബ്രേറിയന്റെ ചുമതലകളിൽപ്പെടും. ചുരുക്കത്തിൽ, ലൈബ്രേറിയൻ വെറും ബുക്–കീപ്പറല്ല, വിവരദായകനാണ് (information dispenser).

റഫറൻസിനും വിജ്ഞാനവിതരണത്തിനും ഉപകരിക്കുന്ന സിഡി–റോം, മൈക്രോഫിഷ് (microfiche), ഫിലിം സ്ട്രിപ്പുകൾ, ഫിലിമുകൾ, വിഡിയോ ടേപ്പുകൾ തുടങ്ങിയ ആധുനിക ശാസ്ത്രസിദ്ധികളും ലൈബ്രറികളിൽ ഉപയോഗിക്കുന്നു. അതായത്, വിജ്ഞാനശേഖരണത്തിലും വിതരണത്തിലുമുള്ള വെല്ലുവിളികളെ‌ ചലനാത്മകമായി നേരിടാൻ താ‌ൽപര്യമുള്ളവരെ കാത്തിരിക്കുന്ന പ്രഫഷനാണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ്.

സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, പബ്ലിക്–പ്രഫഷനൽ ലൈബ്രറികൾ, ഗവേഷണാലയങ്ങൾ, ശ്രേഷ്ഠവിദ്യാകേന്ദ്രങ്ങൾ, ഉന്നത കോടതികൾ, ആധ്യാത്മികകേന്ദ്രങ്ങൾ തുടങ്ങിയവിടങ്ങളിലൊക്കെ ലൈബ്രറികളിൽ തൊഴിലവസരമുണ്ട്. ഗവേഷണം പ്രഫഷനാക്കാൻ താൽപര്യമുള്ളവർക്ക് ആ വഴിയിലും പോകാം.

പഠനമാർഗങ്ങൾ: 

∙കേരള, കാലിക്കറ്റ് സർവകലാശാലകളിൽ രണ്ടു വർഷ ഇന്റഗ്രേറ്റഡ് BLiSc-MLibISc, ഒരു വർഷ എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷിക്കാം.

∙എംജി സർവകലാശാലയിൽ, കുറ‍ഞ്ഞത് 50% മാർക്കോടെ BLiSc ജയിച്ചവർക്ക് ഒരു വർഷത്തെ MLiSc. 

∙കണ്ണൂർ സർവകലാശാലയിൽ രണ്ടു വർഷ ഇന്റഗ്രേറ്റഡ് BLiSc-MLibISc. 

∙ചങ്ങനാശേരി എസ്ബി, കളമശേരി രാജഗിരി, കോഴിക്കോട് ഫാറൂഖ് തുടങ്ങിയ കോളജുകളിൽ ലൈബ്രറി സയൻസിലെ ബാച്‌ലർ, മാസ്റ്റർ ബിരുദ പ്രോഗ്രാമുകളുണ്ട്. ബന്ധപ്പെട്ട സർവകലാശാല/കോളജ് വെബ്സൈറ്റുകൾ നോക്കി വിവരം ശേഖരിക്കാം.

∙പിഎച്ച്ഡി: കേരള, കാലിക്കറ്റ് എന്നിവയ്ക്കു പുറമെ, മധുര കാമരാജ്, ബാംഗളൂർ, മധുര, പോണ്ടിച്ചേരി, ഒസ്മാനിയ, ഹൈദരാബാദ്, പഞ്ചാബ്, ചണ്ഡിഗഡ് തുടങ്ങിയ സർവകലാശാലകളിലും പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. 

∙മികച്ച പിഎച്ച്ഡി സൗകര്യമുള്ള വിദേശ സർവകലാശാലകൾ:

City, University of London; www.city.ac.uk    

The University of Sheffield, UK;  www.sheffield.ac.uk

University of South Carolina College of Information & Communications; www.sc.edu   

University of Illinois - School of Information Sciences; https://ischool.illinois.edu

∙ഡിആർടിസി: ഡോക്യുമെന്റേഷൻ റിസർച്ച് & ട്രെയിനിങ് സെന്റർ: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ എംഎസ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമും ഗവേഷണ സൗകര്യവുമുണ്ട്.

∙എൻകെആർസി: ഇന്ത്യൻ ശാസ്ത്ര ഗവേഷണത്തിലെ ബൃഹദ്സ്ഥാപനമായ സിഎസ്ഐആറിന്റെ ഭാഗമായി ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ‘നാഷനൽ നോളജ് റിസർച്ച് കൺസോർഷം’. ദേശീയ തലത്തിൽ സയൻസ് ഗവേഷണവുമായി ബന്ധപ്പെട്ട സമസ്ത വിവരങ്ങളും ശേഖരിച്ച് വിതരണം ചെയ്യുന്നു. സിഎസ്ഐആറിന്റെ 44 ഗവേഷണ യൂണിറ്റുകളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ഈ സ്ഥാപനത്തിന്റെ ശാസ്ത്ര വിവരശേഖരണം നിസ്തുലമാണ്.

∙സർട്ടിഫിക്കറ്റ്: പത്താം ക്ലാസുകാർക്കു പ്രവേശനമുള്ള നാലു മാസത്തെ ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്, സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി (തിരുവനന്തപുരം പബ്ലിക് ലൈബ്രറി) നടത്തുന്നു. ഈ യോഗ്യത ലൈബ്രേറിയൻ 

നിയമനത്തിനു പ്രയോജനപ്പെടും. വെബ്‌: http://statelibrary.kerala.gov.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com