ADVERTISEMENT

സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്കു സമർഥരെ നിയോഗിക്കുകയുമാണു കെഎഎസിന്റെ ലക്ഷ്യം. 8 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം ഐഎഎസിൽ പ്രവേശിക്കാനാകും. സംസ്ഥാന സിവിൽ സർവീസിൽനിന്ന് ഐഎഎസിലേക്കുള്ള ക്വോട്ട വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. വിജ്ഞാപനത്തോടൊപ്പം പ്രാഥമിക പരീക്ഷയുടെ സിലബസും മാസവും ഇന്നലെ പിഎസ്‌സി പ്രഖ്യാപിച്ചുകഴിഞ്ഞു. 

തസ്തികയും യോഗ്യതയും 

കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ 3 രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. 

സ്ട്രീം 1 (കാറ്റഗറി നമ്പർ 186/2019): നേരിട്ടുള്ള നിയമനം. പ്രായം: 21– 32. പ്രായപരിധി കണക്കാക്കുന്നത് അതതു വർഷത്തെ ജനുവരി ഒന്നാം തീയതി വച്ച്. ആരോഗ്യ സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. 

സ്ട്രീം 2 (കാറ്റഗറി നമ്പർ 187/2019): സർക്കാർ വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽ നിന്നും സ്ഥിരമാക്കപ്പെട്ടവരിൽ നിന്നും നേരിട്ടുള്ള നിയമനം. ഫസ്റ്റ് ഗസറ്റഡ് ഓഫിസറാകാൻ‌ പാടില്ല. പ്രായം: 21– 40. 

സ്ട്രീം 3 (കാറ്റഗറി നമ്പർ 188/2019): ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രായം 50 കഴിയരുത്. പ്രബേഷൻ പൂർത്തിയാക്കുകയോ പ്രബേഷന് യോഗ്യമായ 2 വർഷത്തെ സേവനം പൂർത്തിയാക്കുകയോ വേണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാർക്കു സ്ട്രീം മൂന്നിലേക്ക് അപേക്ഷിക്കാനാകില്ല.

സംവരണവും പ്രായപരിധി ഇളവും

ഭരണഘടന നിശ്ചയിച്ചിട്ടുള്ള സംവരണം 3 സ്ട്രീമിലും ബാധകം. പട്ടിക വിഭാഗത്തിനും വിധവകൾക്കും വിമുക്തഭടൻമാർക്കും 5 വർഷം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 15 വർഷം, അസ്ഥിസംബന്ധമായ പ്രശ്നമുള്ള ഭിന്നശേഷിക്കാർക്ക് 10 വർഷം ഇളവ്. 

ഒഴിവുകൾ

നൂറിലേറെ ഒഴിവുണ്ടാകും എന്നാണു കണക്കാക്കുന്നത്. ഓരോ വർഷവും കെഎഎസിൽ ഉൾപ്പെടുത്തിയ വകുപ്പുകളിൽ നിന്നും പൊതുവിഭാഗത്തിൽ നിന്നും ഉണ്ടാകുന്ന ആകെ സെക്കൻഡ് ഗസറ്റഡ് ഒഴിവുകളുടെ മൂന്നിലൊന്ന് കെഎഎസിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇത് ആകെ ഉണ്ടാകുന്ന ഒഴിവിന്റെ 10 ശതമാനത്തിനു മുകളിൽ ആകാൻ പാടില്ല. 

 

പരീക്ഷയും അഭിമുഖവും 

ആദ്യം സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണു തിരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും. തീയതി പിന്നീട്.

പ്രാഥമിക പരീക്ഷയായ സ്ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ 100 മാർക്കിന്റെ ജനറൽ സ്റ്റഡീസ് പേപ്പർ.

രണ്ടാം ഭാഗത്തിൽ 50 മാർക്കിന്റെ ഭാഷാവിഭാഗം, 30 മാർക്കിന്റെ മലയാള നൈപുണ്യം, 20 മാർക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകൾ. 

പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത എണ്ണം പേരെ സംവരണം കൂടി പരിഗണിച്ച് തിരഞ്ഞെടുത്തു പട്ടികയുണ്ടാക്കും. ഇവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. 

3 വിഭാഗങ്ങൾക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നാണു മുഖ്യപരീക്ഷ.

100 മാർക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണു മുഖ്യപരീക്ഷയിലുള്ളത്. ദൈർഘ്യം 2 മണിക്കൂർ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. 

തുടർ‌ന്ന് 50 മാർക്കിന്റെ അഭിമുഖം. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ചേർത്താണ് റാങ്ക് നിർണയിക്കുക. 

 

തസ്തികയും ഘടനയും

1. കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ ട്രെയിനി) 

2. കെഎഎസ് ഓഫിസർ (സീനിയർ ടൈം സ്കെയിൽ) 

3. കെഎഎസ് ഓഫിസർ (സിലക്‌ഷൻ ഗ്രേഡ് സ്കെയിൽ) 

4. കെഎഎസ് ഓഫിസർ (സൂപ്പർ ടൈം ഗ്രേഡ് സ്കെയിൽ)

കെഎഎസിൽ പ്രവേശിക്കുന്നവർ തൊഴിൽ തുടങ്ങുന്നത് ജൂനിയർ ടൈം സ്കെയിൽ ട്രെയിനിയായിട്ടാണ്. പിന്നീടുള്ള മൂന്നെണ്ണം, ട്രെയിനിയായി സർവീസിൽ പ്രവേശിക്കുന്ന ഓഫിസറുടെ പ്രമോഷൻ പോസ്റ്റുകളാണ്. 6:5:4:3 എന്ന അനുപാതത്തിലാകും മേൽപറഞ്ഞ തസ്തികകളുടെ വിന്യാസം.

 

18 മാസം പരിശീലനം 

കെഎഎസ് ജൂനിയർ ടൈം സ്കെയിൽ ട്രെയിനി ആയി നിയമനം ലഭിക്കുന്നവർക്ക് 18 മാസം പരിശീലനമുണ്ടാകും. 15 ദിവസത്തിൽ കുറയാതെയുള്ള പരിശീലനം പ്ലാനിങ്, ഡവലപ്മെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും വേറെ. പ്രബേഷൻ കാലാവധി 2 വർഷം. വിവരങ്ങൾക്ക് www.keralapsc.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com