ADVERTISEMENT

കോലഴി ചിന്മയ വിദ്യാലയത്തിലെ എൽകെജി, യുകെജി ക്ലാസുകളിൽ ദിവസവും അധ്യാപകർ കുട്ടികളെ വരവേൽക്കുന്ന കാഴ്ചയാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. നമസ്തേ പറയണോ ചേർത്തണയ്ക്കണോ കയ്യടിക്കണോ ഷെയ്ക് ഹാൻഡ്നൽകണോ എന്നത് കുട്ടിയുടെ ഇഷ്ടം!

‘ഗുഡ് മോർണിങ് ടീ‍ീ‍ീച്ചർ..’ എന്ന പ്രഭാതഭേരി മുഴക്കി അധ്യാപകരെ ക്ലാസിലേക്കു കുട്ടികൾ സ്വീകരിക്കുന്ന പതിവിന് കോലഴി ചിന്മയ വിദ്യാലയത്തിലൊരു തിരുത്ത്. 

സ്കൂളിലെ എൽകെജി, യുകെജി ക്ലാസുകളുടെ വാതിൽക്കൽ കുട്ടികളെ വരവേൽക്കാൻ അധ്യാപകരാണ് കാത്തുനിൽക്കുന്നത്. ഓരോ കുട്ടിയും അധ്യാപകരെ ഇഷ്ടാനുസരണം നമസ്തേ പറഞ്ഞും ആലിംഗനം ചെയ്തും കൈകൾ ചേർത്തടിച്ചും ഷെയ്ക് ഹാൻഡ് നൽകിയും അഭിവാദ്യം ചെയ്യും! ചിന്മയ വിദ്യാലയത്തിൽ ഈ അക്കാദമിക് വർഷത്തിലാണ് വ്യത്യസ്തമായ അഭിവാദന രീതി നടപ്പിലാക്കിയത്. ഡെപ്യൂട്ടി ഡയറക്ടർ ശോഭന ദേവദാസിന്റെ മനസിൽ വിരിഞ്ഞ ആശയം കിൻഡർഗാർട്ടൻ ഇൻചാർജ് ഉഷ വിനോദിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘം നടപ്പിലാക്കുകയായിരുന്നു. 

ഓരോ ക്ലാസ് മുറിയുടെയും വാതിലിൽ നാലു ചിത്രങ്ങൾ തൂക്കിയിട്ടുണ്ടാകും. നമസ്തേ, ആലിംഗനം, ഷെയ്ക് ഹാൻഡ്, കൈ ചേർത്തടിക്കൽ എന്നിങ്ങനെയാണ് ചിത്രങ്ങൾ. 

ഓരോ കുട്ടിക്കും ഇഷ്ടമുള്ള ചിത്രം അധ്യാപകരെ തൊട്ടുകാണിച്ചശേഷം അതേ രീതിയിൽ അഭിവാദ്യം ചെയ്തു ക്ലാസിൽ പ്രവേശിക്കാം. അധ്യാപകരോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്ന അഭിവാദന രീതിയായ ആലിംഗനത്തോടാണ് ഏറെ കുട്ടികൾക്കും പ്രിയം. എങ്കിലും ഓരോ ദിവസവും ഓരോ രീതിയിലാണ് ഏറെപ്പേരും അഭിവാദ്യം ചെയ്യുക. വിദ്യാർഥികളുമായുള്ള മാനസിക അടുപ്പം ഏറെ വർധിപ്പിക്കാൻ പുതിയ അഭിവാദനരീതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. 

സ്കൂളിലെത്താൻ കുട്ടികളിൽ കാണപ്പെട്ടിരുന്ന മടി പൂർണമായി ഒഴിവാക്കാനും പുതിയ രീതി സഹായിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com