ADVERTISEMENT

കാഞ്ഞങ്ങാട് ∙ മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. അന്തിമ ഫലം വരുമ്പോൾ ആനന്ദമഴയിൽ കുതിർന്നു നിൽക്കുകയാണ് കാഞ്ഞങ്ങാട്.

മൽസരങ്ങൾ ആദ്യ ദിനം പിന്നിട്ട് പോരാട്ടം ശക്തമായപ്പോൾ മുതൽ കോഴിക്കോടും പാലക്കാടും കണ്ണൂരും മാറി മാറി മുന്നിട്ടു നിൽക്കുന്നതായിരുന്നു കാഴ്ച. അന്തിമ ഫലം വന്നപ്പോൾ കിരീടം സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് പാലക്കാട്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അടുത്ത കലോൽസവം കൊല്ലത്ത് നടക്കും. സമാപന ചടങ്ങിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

പോയിന്റു നില:
1. പാലക്കാട് - 951
2. കോഴിക്കോട് - 949, കണ്ണൂർ – 949
3. തൃശൂര്‍ - 940
4. മലപ്പുറം - 909
5. എറണാകുളം - 904
6. തിരുവനന്തപുരം - 898
7. കോട്ടയം - 894
8. വയനാട് - 876
9. കാസര്‍കോട് - 875
10. ആലപ്പുഴ – 868
11 കൊല്ലം - 860
12. പത്തനംതിട്ട - 773
13. ഇടുക്കി - 722

സംസ്കൃതോൽസവത്തിൽ എറണാകുളവും തൃശൂരും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുമായി കാസർകോടിനാണ് രണ്ടാം സ്ഥാനം. അറബിക് കലോൽസവത്തിൽ 95 പോയിന്റ് തന്നെ നേടി പാലക്കാടും കണ്ണൂരും കാസർകോടും കോഴിക്കോടും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുമായി വയനാടാണ് രണ്ടാം സ്ഥാനത്ത്. എച്ച്എസ്എസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് ആലപ്പുഴ മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ്എസ് ആണ്. പാലക്കാട് ആലത്തൂർ ബിഎസ്എസ്ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 73 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. 66 പോയിന്റുമായി കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്.

തുടർച്ചയായി രണ്ടാം വർഷമാണ് പാലക്കാട് കലാ കിരീടമണിയുന്നത്. 12 വർഷത്തിനു ശേഷമായിരുന്നു കഴിഞ്ഞ വർഷം പാലക്കാടിന്റെ കിരീട നേട്ടം. അതിനു മുമ്പുള്ള വർഷങ്ങളിലെല്ലാം കോഴിക്കോട് കൈവശം വച്ചിരിക്കുകയായിരുന്നു കലാ കിരീടം. ഇതിനിടെ 2015 ൽ പാലക്കാടും കോഴിക്കോടും കിരീടം പങ്കുവച്ചിരുന്നു.

കപ്പ് ആർക്കായാലും 28 വർഷങ്ങൾക്കു ശേഷം കലോൽസവത്തിന് ആതിഥ്യം നൽകാനായതിന്റെ സന്തോഷത്തിലാണ് കാസർകോട്. ചെറിയ സൗകര്യങ്ങളുടെ പരിധിയിലും വലിയ മനസ്സുകൊണ്ട് ആതിഥ്യമരുളിയ നാട്ടുകാരാണ് ഈ കലോൽസവത്തിലെ ജേതാക്കളെന്ന് എടുത്തു പറയേണ്ടി വരും. രാത്രിയും പകലും നോക്കാതെ ട്രാഫിക് നിയന്ത്രിക്കുന്നതു മുതൽ ആയിരക്കണക്കിനു ജനങ്ങൾക്കു സൗജന്യ കുടിവെള്ളം എത്തിക്കുന്നതു വരെ ഓരോ മേഖലയിലുമുണ്ടായിരുന്നു കാസർകോട്ടുകാരുടെ കരസ്പർശം.

1957 ല്‍ 400 വിദ്യാർഥികളുമായി 20 ല്‍ താഴെ മത്സരങ്ങൾക്കായി ഒരു വേദിയില്‍ തുടക്കമിട്ട സ്കൂൾ കലോൽസവം ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലയുടെ ഉൽസവമായാണ് അറിയപ്പെടുന്നത്. 239 ഇനങ്ങളിലായി 1200ൽ പരം വിദ്യാർഥികളാണ് ഇത്തവണ മൽസരത്തിനുണ്ടായിരുന്നത്. 28 വേദികളിൽ മൽസരങ്ങൾ അരങ്ങേറി.

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നത വിളിച്ചോതുന്നതാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഓരോ ഇനവും. മൽസരങ്ങൾ എന്നതിലുപരി നാടിന്റെ കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതെ നിലനിൽക്കുന്നതും പുതു തലമുറയിലേക്കു പകരുന്നതും ഈ കലോൽസവത്തിലൂടെയാണെന്നു പറഞ്ഞാൽ  അതിശയോക്തിയാവില്ല. സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാലു തലങ്ങളിലായാണ് കുട്ടികൾ മാറ്റുരയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com