ADVERTISEMENT

കാഞ്ഞങ്ങാട് ∙ സ്കൂൾ കലോൽസവമെന്നാൽ ഗ്രാമോൽസവമാണെന്നു കാണിച്ചു തന്ന കാഞ്ഞങ്ങാടിന്റെ ചുവടു പിടിച്ച് അടുത്ത കലോൽസവം ഗ്രാമോൽസവമായി കൊണ്ടാടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അടുത്ത കലോൽസവം കൊല്ലത്തു നടക്കുമെന്നും കലോൽസവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി അറിയിച്ചു. 

ഇന്നു തിരശീല വീഴുന്നത് സാംസ്കാരിക പങ്കുവയ്ക്കൽ കലോൽസവത്തിനാണ്. നമ്മുടെ കുട്ടികൾ ഏറെയും താമസിച്ചത് വീടുകളിലാണ്. ഇവിടെയുള്ളവരുടെ സംസാരവും ഭാഷയും ഭക്ഷണവുമെല്ലാം പലർക്കും പുതുമയാണ്. എല്ലാ മേഖലകളിലെയും പങ്കുവയ്ക്കലാണ് നടന്നത്. ജനങ്ങൾക്കൊപ്പം കഴിഞ്ഞ് ആശയങ്ങൾ പങ്കുവച്ച് പുതിയ ആശയങ്ങളുമായാണ് ഇന്നു നാം വീടുകളിലേക്കു പോകുന്നത്. ഇതൊരു പാഠപുസ്തകമായിരുന്നു. ഈ ജീവിതം നവീനമായ പാഠപുസ്തകമാണ്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചു കലോൽസവത്തിൽ പങ്കെടുക്കുകയെന്ന പഴയ രീതി മാറി. അതുകൊണ്ടാണ് അടുത്ത വർഷം കൂടുതൽ ഗ്രാമോൽസവമായി കലോൽസവം നടത്തുന്നതിന് തീരുമാനിച്ചത്. 

കലോൽസവം വിജയിപ്പിച്ച എല്ലാവരുടെയും പേരെടുത്തു പറയേണ്ടതാണ്. അക്ഷരാർഥത്തിൽ എല്ലാവരും നല്ലതുപോലെ പ്രവർത്തിച്ചു. സംഘാടക സമിതിയും റവന്യു വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും തുടങ്ങി എല്ലാവരും കൂടി സംഘാടനം ഒരു ഉൽസവമാക്കിമാറ്റി. ഇവിടെയുണ്ടായ കൂട്ടായ്മയിലൂടെ സംഘാടനം ഒരു ഉൽസവമാക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ട്രാഫിക് പ്രശ്നങ്ങൾ ഗ്രാമങ്ങളിലേക്കു കലോൽസവങ്ങൾ വരുമ്പോൾ ഉള്ള പ്രശ്നങ്ങൾ മനസ്സിലാക്കിത്തന്നു. ഇതും ഒരു പാഠപുസ്തകമായി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com