ADVERTISEMENT

ചലനപേശികളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ലോകമെമ്പാടും 10 ദശലക്ഷത്തോളം പേര്‍ പാര്‍ക്കിണ്‍സണ്‍സ് രോഗബാധിതരാണെന്നാണു കണക്കുകള്‍. സാധാരണ 60 വയസ്സിനു മുകളിലുള്ളവരെയാണു പാര്‍ക്കിണ്‍സണ്‍സ് ബാധിച്ചു കാണാറുള്ളത്. അനിയന്ത്രിതമായ കൈ വിറയലാണ് ഈ രോഗത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണം. എഴുതാനോ, പേന പിടിക്കാനോ, സ്വന്തം ഒപ്പിടാനോ പോലും പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ക്ക് പലപ്പോഴും സാധിക്കില്ല. 

 

വ്യക്തികളുടെ ദൈനംദിനം ജീവിതത്തെ തന്നെ ഈ വിറയല്‍ ബാധിക്കാറുണ്ട്. എന്നാല്‍ വിറയലിനെ നിയന്ത്രിച്ച് എഴുതാനും വരയ്ക്കാനും പാര്‍ക്കിന്‍സണ്‍സ് രോഗികളെ സഹായിക്കുന്ന ഒരു പേനയുണ്ട്. ഫ്ലിയോ എന്നു പേരിട്ടിരിക്കുന്ന ഈ പേന  രൂപകല്‍പന ചെയ്തത് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥിനി അശ്വതി സതീശനാണ്. തന്റെ ഈ കണ്ടുപിടുത്തത്തിന് 2019ലെ ജെയിംസ് ഡൈസണ്‍ നാഷണല്‍ അവാര്‍ഡും ഈ 23കാരിയെ തേടിയെത്തി. 

 

എഴുതാനോ വരയ്ക്കാനോ സാധിക്കുന്നതു പാര്‍ക്കിണ്‍സണ്‍സ് രോഗബാധിതരെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഗൈറോസ്‌കോപിക് തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ലിയോ വിറയലിനെ എതിര്‍ത്തു കൊണ്ടു നിയന്ത്രിതമായ രീതിയില്‍ ഗ്രിപ്പോടു കൂടി എഴുതാനും വരയ്ക്കാനും രോഗികളെ സഹായിക്കുന്നു. റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയിലാണ് ഈ പേന പ്രവര്‍ത്തിക്കുന്നത്. 

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ(എന്‍എഡി) തന്റെ മൂന്നാം വര്‍ഷ പ്രോജക്ടിന്റെ ഭാഗമായാണ് അശ്വതി ഫ്ലിയോ രൂപകല്‍പന ചെയ്തത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യാന്‍ എന്‍എഡി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അശ്വതി പറയുന്നു. തന്റെ ഡിസൈനിലൂടെ സമൂഹത്തിലൊരു മാറ്റം കൊണ്ടു വരണമെന്ന ആഗ്രഹമാണ് അശ്വതിയെ ഫ്ലിയോയില്‍ എത്തിച്ചത്. ഇതിനായി നിരവധി ആശുപത്രികളും  രോഗികളെയും അശ്വതി സന്ദര്‍ശിച്ചു. അഹമ്മദാബാദിലെ ഒരു പാര്‍ക്കിന്‍സണ്‍സ് ക്ലബില്‍ പെന്‍സില്‍ കയ്യില്‍ പിടിച്ച് വരയ്ക്കാന്‍ സാധിക്കാത്തതിനാല്‍ നിരാശനായ ഒരു ചിത്രകാരനെ കണ്ടു മുട്ടി. ഇത്തരത്തിലുള്ള നിരവധി പേരുടെ വിഷമങ്ങളും സങ്കടങ്ങളും ഫ്ലിയോ യാഥാർഥ്യമാക്കാന്‍ അശ്വതിക്ക് പ്രചോദനമായി. 

 

തന്റെ ഡിസൈന് കൂടുതല്‍ ശ്രദ്ധയും സാമ്പത്തിക സഹായവും കിട്ടുമെന്ന ചിന്തയാണ് ജെയിംസ് ഡൈസണ്‍ പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാന്‍ അശ്വതിയെ പ്രേരിപ്പിച്ചത്. 27 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഡിസൈനര്‍മാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഓപ്പണ്‍ മത്സരത്തിലൂടെയാണ് ജെയിംസ് ഡൈസണ്‍ പുരസ്‌ക്കാര ജേതാക്കളെ കണ്ടെത്തുന്നത്. സമ്മാനത്തുകയായി ലഭിച്ച 2000 പൗണ്ട്  ഉപയോഗിച്ച് ഫ്ലിയോ കൂടുതല്‍ വികസിപ്പിക്കാനാണ് അശ്വതിയുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com