ADVERTISEMENT

തലസ്ഥാനത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്–കേരള(ഐഐഐടിഎം–കെ) ഡിജിറ്റൽ സർവകലാശാലയായി മാറുന്നതോടെ വലിയ മാറ്റമാണ് ഈ രംഗത്ത് ഉണ്ടാവുക.ഈ സ്ഥാപനത്തെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എന്ന പേരിൽ ഡിജിറ്റൽ സർവകലാശാലയാക്കി മാറ്റുന്നതിന് ഓർഡിനൻസ് ഇറക്കാനാണു മന്ത്രിസഭാ  തീരുമാനം. 

അഫിലിയേറ്റഡ് കോളജുകളില്ല
പുതിയ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ ഉണ്ടാവില്ല.ഐഐഐടിഎം–കെയ്ക്ക് ഇപ്പോൾ ബിരുദം നൽകുന്നതിനു പരിമിതിയുണ്ട്.സർവകലാശാലയായി മാറുന്നതോടെ ബിരുദം നൽകുന്നതിനുള്ള എല്ലാ അധികാരങ്ങളും ലഭിക്കും.ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക,ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഗവേഷണവും സംരംഭങ്ങളും വ്യാവസായിക-അക്കാദമിക് പ്രവർത്തനങ്ങളും നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണു പുതിയ സർവകലാശാല സ്ഥാപിക്കുന്നത്.സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശം ഈ സർവകലാശാലയ്ക്ക് ഉണ്ടാകും.

നിലവിൽ കമ്പനി നിയമം അനുസരിച്ചാണ് ഐഐഐടിഎം–കെ പ്രവർത്തിക്കുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ സ്വത്തുക്കളും വിഭവങ്ങളും ഉപയോഗിക്കാൻ പുതിയ സർവകലാശാലയ്ക്ക് അവകാശം നൽകും.സർവകലാശാല പ്രവർത്തിച്ചു തുടങ്ങുന്നതോടെ  സ്വത്തുക്കൾ  കൈമാറും.ബിരുദാനന്തര ബിരുദ കോഴ്സുകളും പിഎച്ച്ഡിയുമായിരിക്കും അവിടെ നടത്തുക.സാങ്കേതിക സർവകലാശാലയ്ക്ക് ഇപ്പോൾ ഗവേഷണ കേന്ദ്രങ്ങളില്ല.

വിദേശ ഫണ്ട് ആകർഷിക്കാം
ഇന്ത്യയിലെയും വിദേശത്തെയും ഏജൻസികളുമായി സഹകരിച്ചു ഫണ്ട് ആകർഷിക്കുകയെന്നതു പുതിയ സർവകലാശലയുടെ ലക്ഷ്യമാണ്.വിദേശ വിദ്യാർഥികൾക്കും അവിടെ പ്രവേശനം നൽകാം.അക്കാദമിക് രംഗത്ത് രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിക്കും.മികവിന്റെ കേന്ദ്രങ്ങളും പരിശീലന വിജ്ഞാന വ്യാപന കേന്ദ്രങ്ങളും തുടങ്ങാൻ സർവകലാശാലയ്ക്ക് അധികാരമുണ്ട്.മറ്റു സർവകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെ നിശ്ചിത കാലയളവിലേക്ക് അവിടെ നിയോഗിക്കാം. 

ഐടി വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ്‌നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്‌മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്കു ഡിജിറ്റൽ സർവകലാശാല ഊന്നൽ നൽകും.ഈ മേഖലയിലെ  മാനവശേഷിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയ്ക്കു കീഴിൽ 5 സ്കൂളുകൾ സ്ഥാപിക്കും. സ്കൂൾ ഓഫ് കംപ്യൂട്ടിങ്, സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടമേഷൻ, സ്കൂൾ ഓഫ് ഇൻഫമാറ്റിക്സ്, സ്കൂൾ ഓഫ് ഡിജിറ്റൽ ബയോസയൻസ്, സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്കൂളുകൾ.

ചാൻസലർ സ്ഥാനം ഗവർണർക്ക് 
പുതിയ ഡിജിറ്റൽ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു ഗവർണർ ആയിരിക്കും.ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കും പ്രോ ചാൻസലർ.ഇപ്പോൾ മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.സർവകലാശാലയുടെ ഭരണത്തിനായി വൈസ് ചാൻസലർ,ഡീൻമാ‍ർ, റജിസ്ട്രാർ എന്നിവർ ഉണ്ടാകും.പ്രോ വൈസ് ചാൻസലർ തസ്തികയില്ല.

ഡിജിറ്റൽ സയൻസിലോ കംപ്യൂട്ടർ സയൻസിലോ വിദഗ്ധനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ്,ഭരണ രംഗങ്ങളിൽ അനുഭവ സമ്പത്തും ഉള്ളയാളായിരിക്കും വൈസ് ചാ‍ൻസലർ.ബോർഡ് ഓഫ് ഗവണേഴ്സ് ആണു സർവകലാശാലയുടെ ഭരണ സമിതി.ഐടി,ധനം,ഉന്നത വിദ്യാഭ്യാസം എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ,സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ,കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പ്രതിനിധി,ഐടി രംഗത്തെ രാജ്യാന്തര വിദഗ്ധൻ,വ്യവസായ–വിദ്യാഭ്യാസ രംഗങ്ങളിലെ നാലു വിദഗ്ധർ,രണ്ട് അധ്യാപക പ്രതിനിധികൾ,ഒരു വിദ്യാർഥി പ്രതിനിധി എന്നിവർ ബോർഡിൽ അംഗങ്ങളായിരിക്കും.പുറമേ സെനറ്റിനു തുല്യമായ ജനറൽ കൗൺസിലും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com