ADVERTISEMENT

പ്രശ്നപരിഹാരങ്ങൾക്കുള്ള ആശയ രൂപീകരണത്തിൽ വിദ്യാർഥികൾക്കും അവസരം നൽകുന്ന ‘റീബൂട്ട് ഹാക്കത്തൺ’ കേരളം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസവകുപ്പും അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്) ചേർന്ന് നടത്തിയ റീബൂട്ട് ഹാക്കത്തണിന്റെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മത്സരിച്ച 26 ടീമുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യ 3 ടീമുകൾക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. ആഭ്യന്തര വകുപ്പിലെയും ടൂറിസം വകുപ്പിലെയും വിഷയങ്ങൾ ആധാരമാക്കി നടന്ന 36 മണിക്കൂർ ഹാക്കത്തണിൽ കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞിരപ്പള്ളി  അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം അമൃത വിശ്വവിദ്യാപീഠം എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്നു ടീമുകളും സംസ്ഥാന തലത്തിൽ നടക്കുന്ന ഫിനാലെയിൽ പങ്കെടുക്കും. 

ഡിജിപി ലോക്നാഥ് ബെഹ്റ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അസാപ് സിഇഒ ഡോ. വീണ എൻ.മാധവൻ, എൽബിഎസ് പ്രിൻസിപ്പൽ ഡോ. എം.അബ്ദുൽ റഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ്, ഒ.രാജഗോപാൽ എംഎൽഎ എന്നിവർ പ്രസംഗിച്ചു. 

മറ്റു വകുപ്പുകളിലെ പ്രശ്നങ്ങൾ അടിസ്ഥാനമാക്കി വിവിധ ജില്ലകളിലായി 9 ഹാക്കത്തൺ കൂടി ഇനി നടക്കും.

സമ്മാനം ഈ ഐഡിയകൾക്ക്

∙ കൊല്ലം ടികെഎം: ആഭ്യന്തര വകുപ്പിന് സഹായകമാകാവുന്ന ‘ലൈ ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയർ’. കണ്ണു ചിമ്മൽ, മുഖഭാവങ്ങൾ, ശബ്ദം, എന്നിവയിലൂടെ പ്രതി പറയുന്നത് നുണയാണോ എന്നു കണ്ടെത്താം. 

∙ കാഞ്ഞിരപ്പള്ളി  അമൽജ്യോതി: കേരളത്തിലെ വിനോദ സഞ്ചാര സ്ഥലങ്ങളെക്കുറിച്ച് വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയുടെ സഹായത്തോടെ കൃത്യമായ വിവരണങ്ങൾ നൽകാൻ കഴിയുന്ന പ്ലാറ്റ്ഫോം. 360 ഡിഗ്രി വിഡിയോകളിലൂടെ സ്ഥലങ്ങൾ കാണാം. സ്മാർട് ഡിജിറ്റൽ ഗൈഡായും ഈ സംവിധാനം മാറും. 

∙ കൊല്ലം അമൃത വിശ്വവിദ്യാപീഠം:   റോഡിലെ തത്സമയ ട്രാഫിക് വിലയിരുത്തി സിഗ്നലുകൾ സ്വയം മാറുന്ന സംവിധാനം. ‘അൾട്രാസോണിക് സെൻസർ’ വഴിയാകും പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com