ADVERTISEMENT

എംബിഎ പ്രവേശനത്തിനുള്ള കെമാറ്റ് പരീക്ഷയുടെ നടത്തിപ്പു ചുമതല പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയിൽ നിന്നു മാറ്റി പ്രവേശന പരീക്ഷാ കമ്മിഷണർക്കു സർക്കാർ നൽകി. കെമാറ്റ് പരീക്ഷയുടെ യോഗ്യതാ മാർക്ക് കുറയ്ക്കുന്നതിനെ ചൊല്ലി സർക്കാരും കമ്മിറ്റിയുമായുള്ള അഭിപ്രായ ഭിന്നതയാണു കാരണമെന്ന് അറിയുന്നു. ഇതേ തുടർന്ന് അടുത്ത പരീക്ഷയ്ക്കു പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കി.

ഏതാനും വർഷങ്ങളായി പ്രവേശന മേൽനോട്ട സമിതിയുടെ ചുമതലയിൽ വിവിധ സർവകലാശാലകളാണു കെമാറ്റ് നടത്തിയിരുന്നത്. ഓരോ വർഷവും രണ്ടു പരീക്ഷ വീതം അവർ നടത്തിയിരുന്നു. ഈ വർഷത്തെ ആദ്യ പരീക്ഷ അവർ നടത്തുകയും 5700 വിദ്യാർഥികൾ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പരീക്ഷ നടത്താനുള്ള തയാറെടുപ്പിലായിരുന്നു കമ്മിറ്റി.

പ്രവേശന പരീക്ഷയിൽ 15 മാർക്ക് എങ്കിലും നേടാത്തവരെ അയോഗ്യരാക്കുകയാണു കമ്മിറ്റി ചെയ്തിരുന്നത്. ഇതു മൂലം സംസ്ഥാനത്തെ എംബിഎ സീറ്റുകളിൽ ആവശ്യത്തിനു വിദ്യാർഥികളെ ലഭിച്ചിരുന്നില്ല. മിനിമം മാർക്ക് കുറയ്ക്കണമെന്നു മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സർക്കാർ, കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണു പരീക്ഷാ ചുമതല, പ്രവേശന പരീക്ഷാ കമ്മിഷണർക്കു നൽകാൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷ നടത്താൻ സ്വന്തം നിലയിൽ കമ്മിറ്റിക്കു സംവിധാനമില്ലാത്തതിനാലാണു സർവകലാശാലകളെ ഏൽപിച്ചിരുന്നത്.

പരീക്ഷ നടത്തുന്നതു കമ്മിറ്റിയുടെ ജോലിയല്ലെന്നും അതു പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഉത്തരവാദിത്തമാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അടുത്ത പരീക്ഷ മേയ് അവസാന വാരം നടത്താനാണു തീരുമാനം. ഓൺലൈൻ പരീക്ഷയായിരിക്കും.വിശദ വിജ്ഞാപനം പിന്നീട്. അതിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തീയതിക്കകം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com