ADVERTISEMENT

പത്താം ക്ലാസ് പരീക്ഷക്കാലം 10ന് തുടങ്ങുകയാണ്. എട്ടിൽ നിന്ന് 17 ലേക്കു പരീക്ഷക്കാലവും റാങ്കിൽ നിന്ന്  ഗ്രേഡിലേക്ക് പരീക്ഷാഫലവും പറിച്ചു നട്ട പുതിയ കാലത്തും പഴയ എസ്എസ്എൽസി പരീക്ഷയുടെ അതിവേഗ ഓർമകൾ പഴയ തലമുറയിൽ നിറയുകയാണ്. കൂൾ ടൈമിനെക്കുറിച്ച്  കേട്ടു കേൾവിപോലും ഇല്ലാതിരുന്ന അക്കാലത്ത് ബുധനാഴ്ചയല്ലാതെ പരീക്ഷ തുടക്കം  പതിവില്ല (ഇക്കുറി ചൊവ്വാഴ്ചയാണ് തുടക്കം– വിദ്യയ്ക്ക് നന്ന്  ബുധൻ എന്നൊരു വിശ്വാസവും ഈ തുടക്കത്തിന് ഉണ്ടായിരുന്നത്രെ).  

 

ആദ്യ ദിനം മലയാളം ഒന്നും രണ്ടും പേപ്പറുകൾ. രാവിലെ 10മുതൽ 12 വരെ ഒന്നാം പേപ്പർ. വ്യത്തവും അലങ്കാരവും സന്ധിയും സമാസവും പേരച്ചവും വിനയച്ചവും എല്ലാം ചേർന്ന ഒന്നാം പേപ്പർ കഴിഞ്ഞാൽ 1.55 വരെ ഒഴിവു വേളെയാണ്. രണ്ടിന് രണ്ടാം പേപ്പർ, വിശദമാക്കി പഠിക്കേണ്ടാത്ത പുസ്തകത്തിന് പുറമെ സ്വന്തം നിലയിൽ കാര്യങ്ങൾ വിശദമാക്കാൻ ഉള്ള ചോദ്യങ്ങൾ. രണ്ടാം ദിവസം ഇംഗ്ലീഷ്– മലയാളം പോലെ രാവിലെ ഒന്നാം പേപ്പർ, ഉച്ചയ്ക്ക് രണ്ടാം പേപ്പർ. മുന്നാം ദിനം മുതൽ ഇനിയുള്ള മുന്നു ദിവസത്തെ പരീക്ഷകളുടെ കോമ്പിനേഷൻ മോരും മുതിരയും പോലെ കൂടിച്ചേരാത്തത്.  മുന്നാം ദിവസം രാവിലെ രാഷ്ട്ര ഭാഷ ഹിന്ദി–  ചോദ്യോത്തരവും വ്യാകരണവും എല്ലാമായുള്ള മൽപ്പിടിത്തം കഴിയുന്ന പരീക്ഷാർഥി ഉച്ചയ്ക്ക് എഴുന്നത് ചരിത്രവും രാഷ്ട്രമീംമാസയും ഉൾപ്പെടുന്ന പേപ്പർ. 

 

ഇനിയുള്ള രണ്ടു ദിവസം അവധിയാണ് , ശനിയും ഞായറും കൊണ്ട് പഠിപ്പിസ്റ്റുകൾ അടുത്ത മൂന്നു ദിവസത്തേക്കുള്ള വിഷയങ്ങളിലുടെ ഓട്ട പ്രദിക്ഷണവും ഗണിത ശാസ്ത്രവും ഒന്നു കൂടി ചെയ്തും ഉറപ്പിക്കും. തിങ്കളാഴ്ച രാവിലെ ഊർജതന്ത്രമാണ് പരീക്ഷ. ഉച്ചയ്ക്ക് ഭൂമിശാസ്ത്രവും സിവിക്സും. ഏഴാം നാളിൽ രാവിലെ രസതന്ത്രവും ഉച്ചയ്ക്ക് ജീവശാസ്ത്രവും . അവസാന ദിനത്തിലേക്ക് പരീക്ഷ കടക്കുമ്പോൾ കണക്കിലുടെ വിഷയങ്ങളുടെ കോംമ്പിനേഷൻ തിരിച്ചു വരും. രാവിലെ അൾജിബ്രയും  മറ്റും ഉൾപ്പെടുന്ന ഒന്നാം പേപ്പർ. ഉച്ചകഴിഞ്ഞ് തിയറിക്ക് പ്രാധാന്യം ഉള്ള രണ്ടാം പേപ്പർ. 50ൽ നിന്ന് 100 ലേക്ക് മാർക്കിന്റെ തോത് വർധിപ്പിച്ച എസ്എസ്‌സി കാലം ഒഴികെ എല്ലാകാലത്തും ആകെ മാർക്ക് 600ൽ. 480 ന് മേൽ മാർക്കു നേടിയാൽ‌ ഡിസ്റ്റിങ്ഷൻ, 360 ന് മുകളിലെങ്കിൽ ഒന്നാം ക്ലാസ് , മുന്നുറിന് മേൽ രണ്ടാം ക്ലാസ്. ലാംഗേജിന് 90 ഉം സബ്ജക്റ്റുകൾ ആകെ 120 ഉം മാർക്കു നേടി 210 കടക്കുന്നവരെല്ലാം വിജയികൾ. സബ്ജക്റ്റ് മിനിമമായി ഓരോ വിഷയത്തിനും പത്തു മാർക്കു വേണമെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com