ADVERTISEMENT
sheeba_george_IAS
ഷീബ ജോർജ് ഐഎഎസ്

കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയിൽ തുടങ്ങി ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസിനെക്കുറിച്ചു നമ്മൾ മനസ്സിലാക്കിത്തുടങ്ങിയത് വാർത്തകളിലൂടെയാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചു മനസ്സിലാക്കിയതും അങ്ങനെ തന്നെ. എന്നാൽ ഇത്തരം വാർത്തകളൊന്നും ശ്രദ്ധിക്കാൻ കഴിയാത്ത ഒരു വിഭാഗം നമുക്കിടയിലുണ്ട്. കേൾക്കാനും സംസാരിക്കുവാനും കഴിയാത്തവർ. സംസാരവും വാക്കുകളുടെ ഉപയോഗവും കുറവായതു കൊണ്ടു തന്നെ ഇവർ പത്രവാർത്തകളെ അധികം ആശ്രയിക്കാറുമില്ല. പിന്നെ ആകെയുള്ള ആശ്രയം ചാനലുകളിൽ വന്നു കൊണ്ടിരുന്ന ആംഗ്യഭാഷാ വാർത്തകളായിരുന്നു. ആംഗ്യഭാഷ അവതരിപ്പിക്കുന്ന പലർക്കും ലോക്ഡൗൺ മൂലം ചാനലുകളിൽ എത്താൻ സാധിക്കാതെ വന്നതോടെ ഇതും മുടങ്ങി. പക്ഷേ, ഇവരെ അങ്ങനെയങ്ങ് കൈവിടുവാൻ നിഷിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്) അധ്യാപിക സിൽവി മാക്സി മേന തയാറായില്ല. നിഷിലെ വിദ്യാർഥികൾക്കായി മുമ്പു ചെയ്തിരുന്നു വാർത്തകൾ വീണ്ടും തുടങ്ങിയാലോ എന്ന് സിൽവി ടീച്ചർ ആലോചിച്ചു. സോഷ്യൽ ജസ്റ്റിസ് ഡയറക്ടറും നിഷിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷീബ ജോർജ് ഐഎഎസുമായി സംസാരിച്ചപ്പോൾത്തന്നെ പച്ചക്കൊടി ലഭിച്ചു. വാർത്തകൾ ആധികാരികം ആയിരിക്കണം എന്ന നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിഷിനുവേണ്ടി വാർത്തകൾ തയാറാക്കി ശീലമുള്ളതിനാൽ വീട്ടിലിരുന്ന് പ്രധാനപ്പെട്ട വാർത്തകൾ ലളിതമായി തയാറാക്കുന്നതും അവതരിപ്പിക്കുന്നതും ടീച്ചർ തന്നെയാണ്. തിരുവനന്തപുരം മാർ ഇവാനിയോസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ മകൾ കൃപയുടെ സഹായത്തോടെ ഷൂട്ട് ചെയ്യുന്ന ഈ വിഡിയോ വിനയചന്ദ്രന് അയച്ചു കൊടുക്കും. ആംഗ്യവാർത്ത അവതരിപ്പിക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിനയചന്ദ്രനാണ്. നിഷ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എസ്.വി.ഷാജി ഇത് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. നിഷിൽ നിന്ന് മൂന്നു വർഷം മുമ്പ് ഇന്ത്യൻ ആംഗ്യഭാഷയിൽ പഠനം പൂർത്തിയാക്കിയ വിനയചന്ദ്രൻ ഫ്രീലാൻസായി ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ ചെയ്യുന്നു. ലോകാരോഗ്യസംഘടന ഉൾപ്പെടെ നിരവധി സംഘടനകളിൽ വൊളന്റിയറാണ് ഈ ചെറുപ്പക്കാരൻ.

വാർത്തകൾക്കു പുറമേ കോവിഡ് രോഗപ്രതിരോധത്തെപ്പറ്റിയും ലോക്ഡൗൺ ദിവസങ്ങളിലെ വിരസത ഒഴിവാക്കാനുള്ള ആക്‌ടിവിറ്റികളെപ്പറ്റിയും ഈ വിഡിയോയിലുണ്ട്. ‘NISH Tvm’ എന്ന യൂട്യൂബ് പേജിൽ ഈ വാർത്തകൾ ലഭ്യമാണ്. നിഷിലെ വിദ്യാർഥികൾക്കു മാത്രമല്ല ശ്രവണ പരിമിതിയുള്ള എല്ലാവർക്കും ഉപകാരപ്രദമാണ് ഈ വിഡിയോ. ശ്രവണ തകരാറുള്ളവർക്കായി നിഷിന്റെ കോവിഡ് 19 ഹെൽപ് ലൈനും പ്രവർത്തിക്കുന്നുണ്ട്.

silvy_family

വാർത്തകൾ അവതരിപ്പിക്കാനുള്ള സ്റ്റുഡിയോ നിഷിൽ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ലോക്ഡൗൺ വന്നത്. സ്റ്റുഡിയോ തയാറായിക്കഴിഞ്ഞാൽ വിദ്യാർഥികളെക്കൊണ്ടു തന്നെ വാർത്ത അവതരിപ്പിക്കുവാനാണ് തീരുമാനം.

2011ൽ നിഷിലെ ഇംഗ്ലിഷ് അധ്യാപികയായി ജോലി തുടങ്ങിയ സിൽവി ആംഗ്യഭാഷ പഠിച്ചു തുടങ്ങിയത് കോട്ടയം സിഎംഎസ് കോളജിൽ പഠിക്കുമ്പോഴാണ്. ശ്രവണശേഷിയില്ലാത്ത സുഹൃത്തിനോട് സംസാരിക്കാനായിരുന്നു ഇത്. ആംഗ്യഭാഷയിലൂടെ നിഷിലെ കൂട്ടികളെ കരാട്ടേ പഠിപ്പിച്ച സിൽവി ടീച്ചർ ചിട്ടപ്പെടുത്തിയ ‘മുദ്രനടനം’ ഏറെ പ്രംശസ നേടിയിരുന്നു. മുദ്രനടനത്തിലൂടെ കോവിഡ് 19 ബോധവൽക്കരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ സിൽവി ടീച്ചർ ഒരുക്കിയിട്ടുണ്ടായിരുന്നു. പ്രദീപ് സോമസുന്ദരം ആലപിച്ച ഈ വിഡിയോയിലെ ഗാനം രചിച്ചത് സിൽവിയുടെ ഭർത്താവ് മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാക്സി വിശ്വാസ് മേനയാണ്. വിഡിയോ ചിത്രീകരിച്ചത് മകൾ കൃപയും.  ഇത്തരം കാര്യങ്ങൾ മനോഹരമായി ചെയ്യുവാൻ സാധിക്കുന്നത് കുടുംബം നൽകുന്ന പിന്തുണ കൊണ്ടാണെന്ന് സിൽവി ‍ടീച്ചർ പറയുന്നു.

English Summary : Special NISH News in Indian Sign Language

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com