ADVERTISEMENT

സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലയിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പു നിർദേശം തയാറാക്കിയെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തീരുമാനം നീളുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐഎച്ച്ആർഡി,എൽബിഎസ്, കണ്ടിന്യുയിങ് എജ്യുക്കേഷൻ സെന്റർ എന്നിവയും സഹകരണ വകുപ്പിനു കീഴിലുള്ള കേപ്പും ലയിപ്പിക്കാനായിരുന്നു നിർദേശം.ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ ലയിപ്പിക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന കേപ്പും ലയിപ്പിച്ചു കൂടേയെന്ന നിർദേശം പിന്നീടു വരികയായിരുന്നു.ഭരണ,അക്കാദമിക് മേഖലകളിലെ സൗകര്യത്തിനും ചെലവു ചുരുക്കുന്നതിനുമായിരുന്നു ഇത്തരമൊരു നിർദേശം.

ഐഎച്ച്ആർഡിക്കു കീഴിൽ  ഒൻപതും എൽബിഎസിനു കീഴിൽ രണ്ടും കണ്ടിന്യുയിങ് എജ്യുക്കേഷൻ സെന്ററിനു കീഴിൽ മൂന്നാറിലും  എൻജിനീയറിങ് കോളജുകളുണ്ട്.കേപ്പിനു കീഴിൽ ഒൻപത് എൻജിനീയറിങ് കോളജുകളാണ് ഉള്ളത്.ഐഎച്ച്ആർഡിക്ക് എട്ടു പോളിടെക്നിക്കുകളും ടെക്നിക്കൽ സ്കൂളുകളും എൽബിഎസിന് ഉപകേന്ദ്രങ്ങളും ഉണ്ട്.കേപ്പിനു കീഴിൽ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും നൈപുണ്യ വികസന കേന്ദ്രവും പ്രവർത്തിക്കുന്നു.

സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ചേരാൻ  ഇപ്പോൾ വിദ്യാർഥികൾ കുറവാണ്.ചില കോളജുകളിൽ അധ്യാപകർ മതിയായ ജോലിയില്ലാതെ കഴിയുന്നു.ലയിപ്പിച്ചാൽ ഈ അധ്യാപകരുടെ സേവനം എല്ലാ കോളജുകളിലും വിനിയോഗിക്കാനാകും.ഇപ്പോൾ ഓരോ സ്ഥാപനത്തിനും പ്രത്യേക ഡയറക്ടർമാരും ഭരണ സംവിധാനവുമാണ്.അതും ഒഴിവാക്കാം.ഇത്തരം ലക്ഷ്യങ്ങളോടെയാണ് ലയന നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊണ്ടു വന്നത്.

ഈ സ്ഥാപനങ്ങൾക്ക് ഇപ്പോൾ സർക്കാർ ധനസഹായമില്ല.എന്നാൽ സർക്കാർ മുൻകയ്യെടുത്തു ലയിപ്പിച്ചാൽ പിന്നീട് സർക്കാരിനു സാമ്പത്തിക ബാധ്യതയാകുമോയെന്ന ആശങ്കയുണ്ട്.ഇതു മൂലമാണ് ധനവകുപ്പ് പച്ചക്കൊടി കാട്ടാത്തതെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com