sections
MORE

വേണ്ടത് ‘യഥാർഥ’ ഓൺലൈൻ പഠനം

pathanamthitta-children-online-class
SHARE

ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണല്ലോ. കേരളത്തിൽ ഓൺലൈൻ പഠനം താരതമ്യേന പുതിയതാണ്. അതുകൊണ്ടുതന്നെ, ക്ലാസ് മുറിയിൽ നടത്തുന്ന പ്രഭാഷണം ടിവിയിലൂടെ ആയാൽ ഓൺലൈൻ പഠനമായി എന്ന തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. ഐടിയെ ക്ലാസ് റൂം പഠനവുമായി ഫലപ്രദമായി കൂട്ടിയിണക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.

ഈ മേഖലയിലെ സമഗ്ര ഗവേഷണങ്ങളുടെ ഫലമായി, ക്ലാസ് റൂം പഠനത്തിന് ഒപ്പം നിൽക്കുന്ന ഓൺലൈൻ സംവിധാനം ഒരുക്കുന്നതിൽ വലിയ വിപ്ലവംതന്നെ ലോകത്തു പലയിടത്തും നടന്നുവരുന്നു. 10 മിനിറ്റ് നീളുന്ന ഒരു ക്ലാസ് കഴിയുമ്പോഴേക്കും അതിൽ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചു നന്നായി മനസ്സിലാക്കാൻ വിദ്യാർഥികൾക്കു കഴിയും. രണ്ടോ മൂന്നോ ക്ലാസുകൾക്കു ശേഷം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷകളും സാധാരണമാണ്. പല കോഴ്സുകളും അധ്യാപകരുമായും വിദഗ്ധരുമായുമുള്ള ഓൺലൈൻ ചർച്ചകൾക്കും അവസരമൊരുക്കുന്നു.

പക്ഷേ, ഓൺലൈൻ പഠനം ക്ലാസ് റൂം പഠനത്തിനു പകരമാകുമോ? ഓൺലൈൻ സംവിധാനത്തിൽ അധ്യാപകരുമായുള്ള സംവാദത്തിനു പരിമിതികളുണ്ട്. കല, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കഴിവു തെളിയിക്കാനുള്ള അവസരമൊരുക്കുന്നതിലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഓൺലൈൻ പഠനത്തിന്റെ ശക്തിയെല്ലാമുള്ളതും അതിന്റെ പരിമിതികളൊന്നുമില്ലാത്തതുമായ കോളജുകളും യൂണിവേഴ്സിറ്റികളുമാണു നമുക്കു വേണ്ടത്.

ഓൺലൈൻ വിദ്യാഭ്യാസം ഒരിക്കലും ക്ലാസ് റൂം പഠനത്തിനു പകരമാകില്ല. ക്ലാസ് റൂം പഠനത്തിന് അനുപൂരകമായി വേണം അതു കൊണ്ടുപോകാൻ. ഇതിന് എസ്‌സിഇആർടിയുടെ നേതൃത്വത്തിലും സർവകലാശാലകളുടെ നേതൃത്വത്തിലും രൂപീകരിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ വിദഗ്ധ അധ്യാപകർക്കു വിവിധ വിഷയങ്ങളിൽ കോഴ്സുകൾ നടത്താം. ക്ലാസല്ല നടത്തുന്നത്; ഒരു പ്രത്യേക വിഷയഭാഗത്തിൽ ആഴത്തിലും പരപ്പിലുമുള്ള വിജ്ഞാനവും നൈപുണ്യവും നേടുന്നതിനുള്ള ക്ലാസുകളും പ്രവർത്തനങ്ങളും വിലയിരുത്തലുകളും ഉൾപ്പെടുന്നതാണ് കോഴ്സ്. ഇത്തരം കോഴ്സുകൾ ടിവി ചാനലിലൂടെ നടത്താൻ പ്രയാസമായിരിക്കും. അതിനു കംപ്യൂട്ടറോ മൊബൈൽ ഫോണോ തന്നെ വേണ്ടിവരും.

അപ്പോൾ ഉയർന്നുവരാവുന്ന പ്രധാന പ്രശ്നം, ഇന്റർനെറ്റ് ലഭ്യതയാണ്. മിക്ക വിദ്യാർഥികളുടെ കയ്യിലും ഇപ്പോൾ മൊബൈൽ ഫോൺ ഉണ്ടെങ്കിലും അതില്ലാത്തവർക്കു കൂടി അവസരമൊരുക്കണം. ചൈനയിൽ വിദൂരവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓൺലൈൻ പഠന‌സൗകര്യമുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ഗ്രാമങ്ങളിൽപോലും ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ലൈബ്രറികളും ആർട്സ് & സ്പോർട്സ് ക്ലബ്ബുകളും ഇല്ലാത്ത പഞ്ചായത്തുകളില്ല. എ ഗ്രേഡ് ലൈബ്രറികൾക്കും ക്ലബ്ബുകൾക്കും ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്നുമുള്ള വിഹിതം ഉപയോഗിച്ച് രണ്ടോ മൂന്നോ കംപ്യൂട്ടറും അതിവേഗ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയാൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ കേരളം പോലെ യോജിച്ച സ്ഥലം വേറെയുണ്ടാകില്ല.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA