ADVERTISEMENT

ന്യൂഡൽഹി ∙ വിദ്യാഭ്യാസ വകുപ്പിനെ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് ‘മോചിപ്പിക്കാൻ’ കേന്ദ്ര സർക്കാർ തീരുമാനം. 25 വർഷം മുൻപ് മാനവ വിഭവശേഷി മന്ത്രാലയം ആയി മാറിയ വകുപ്പിന് പഴയ പേരു തിരിച്ചുനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ നിർദേശം ഉൾപ്പെടെ സമർപ്പിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റും കേന്ദ്രസർക്കാർ അംഗീകരിച്ചു. 

ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ ചെയർമാനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം തയാറാക്കിയത്. 

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് 1985 ലാണ് വിദ്യാഭ്യാസ വകുപ്പ് മാനവ വിഭവശേഷി വികസന മന്ത്രാലയം ആയത്. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നു ആദ്യമന്ത്രി. ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ് ചെയർമാൻ റാം ബഹാദൂർ റായ് ആണ് 2018 ൽ പേരു തിരിച്ചുകൊണ്ടുവരണമെന്ന ആശയം മുന്നോട്ടുവച്ചത്. രാജീവ് ഗാന്ധിയെ ചിലർ തെറ്റിദ്ധരിപ്പിച്ചാണ് പേരുമാറ്റിയതെന്ന് ആർഎസ്എസ് ബന്ധമുള്ള ഭാരതീയ ശിക്ഷൺ മണ്ഡൽ സംഘടിപ്പിച്ച ചടങ്ങിൽ റായ് പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെയും മനുഷ്യനെയും വിഭവം എന്നു വിശേഷിപ്പിക്കുന്നത് ഇന്ത്യൻ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കിയിരുന്നു.1986 ൽ നടപ്പാക്കുകയും 1992 ൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസനയം. 3 വയസ്സു മുതൽ 18 വയസ്സു വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കണമെന്നും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കണമെന്നും നിർദേശിക്കുന്നു. കല, സംഗീതം, കായികം, യോഗ, സാമൂഹിക സേവനം തുടങ്ങിയവയും ഉൾപ്പെടുത്തും. 

English Summary : HRD to be renamed Ministry of Education as new National Education Policy is approved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com