ADVERTISEMENT

നൈപുണ്യ വികസനത്തിലൂടെ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാനുള്ള അവസരമാണ് ഇനി വൊക്കേഷണൽ ഹയർ സെക്കൻഡറിയിലൂടെ വിദ്യാർഥികൾക്കു ലഭിക്കുക. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്ക്യുഎഫ്) ആസ്പദമാക്കിയാണു കോഴ്സുകളുടെ രൂപകൽപ്പനയും. അതിൽ പ്രധാനപ്പെട്ട ചില കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ. 

1.ഓർഗാനിക് ഗ്രോവർ

ആഗോളതലത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുകയാണ്. പരിസ്ഥിതി സൗഹൃദ കാർഷികരീതികൾ അവലംബിച്ചു കൊണ്ട് നടത്തുന്ന കൃഷി രീതികളാണ് ജൈവകൃഷിയിൽ ഉൾപ്പെടുന്നത്.

അമിതമായ രാസവളപ്രയോഗവും, രാസകീടനാശിനികളുടെ ഉപയോഗവും പല രീതിയിലുള്ള പ്രത്യാഘാതങ്ങൾ പ്രകൃതിയിൽ പരിസ്ഥിതിയിൽ ഒക്കെ  ഉണ്ടാക്കികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജൈവകൃഷിയിലൂടെ വിളകളുടെ ഉത്പാദനം വർധിപ്പിക്കൽ ആണ് പ്രധാന ലക്ഷ്യം. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, ജൈവ കുമിള്നാശിനികൾ ഇവയുടെയെല്ലാം ഉത്പാദനം ഉൾപ്പെടുന്നു.അതോടൊപ്പം തന്നെ ജൈവ സെർറ്റിഫിക്കേഷൻ അതിന്റെ മാർഗങ്ങൾ, അതിന്റെ ലക്ഷ്യങ്ങൾ ഇവയൊക്കെ പാഠ്യപദ്ധതിയിലുണ്ട്. 

2. ഫ്ലോറികൾച്ചറിസ്റ്റ്, ഓപ്പൺ കൾടിവേഷൻ

ഫ്ലോറികൾച്ചർ വേഗത്തിൽ വളരുന്ന ഒരു വാണിജ്യ മേഖലയാണ്. ആഘോഷങ്ങൾക്കും സ്നേഹം പങ്കു വയ്ക്കാനുമെല്ലാം ആളുകൾ പൂക്കളെ ആശ്രയിക്കുന്നു. പുഷ്പകൃഷിയെ കുറിച്ച് പ്രായോഗികമായ പരിശീലനം നൽകുന്ന കോഴ്സാണിത്. ഇതിൽ വാണിജ്യാടിസ്ഥാനത്തിൽ കട്ട് ഫ്ലവർ ആയും ലൂസ് ഫ്ലവർ ആയും വളർത്തുന്ന പ്രധാനപ്പെട്ട പൂക്കളുടെ കൃഷി രീതികളെ പറ്റി പഠിക്കുന്നു. നിലമൊരുക്കൽ, നടീൽ പരിചരണം വിളവെടുപ്പ്, സംസ്കരണം എന്നിവ ഉൾപ്പെടുന്നു.ഇതു കൂടാതെ അലങ്കാര ഇലച്ചെടികൾ, അകത്തളങ്ങൾ അലങ്കരിക്കുന്ന ചെടികൾ, പൂക്കളിൽ നിന്നുള്ള മററു മൂല്യവർധിത ഉൽപന്നങ്ങളായ ഡ്രൈ ഫ്ലവർ എന്നിവയെക്കുറിച്ചും പഠിക്കാം.

3. ഡെയറി പ്രോസസ്സിങ് എക്വിപ്മെന്റ് ഓപറേറ്റർ 

പാൽശുദ്ധമാക്കി ശീതികരിച്ച് വിപണനത്തിന് തയ്യാറാക്കുന്ന സ്ഥലമാണ് ഡെയറി പ്ലാന്റ്. വൈവിധ്യമാർന്ന പാലുൽപ്പന്നങ്ങളുടെ നിർമ്മാണവും ഇവിടെ നടക്കുന്നു.വിവിധ തരം പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണു പഠിപ്പിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വിവിധ തരം മെഷീനുകളുടെ പ്രവർത്തനം, കുട്ടികളിൽ ഒരു ഡെയറി പ്ലാൻ്റിൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വസം വളർത്തി എടുക്കുക, പാൽ ഉൽപന്നങ്ങളുടെ ഉൽപാദനത്തെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുക തുടങ്ങിയവയാണു ലക്ഷ്യം.

4. ഗാർഡെനെർ 

 ഉദ്യാനങ്ങളുടെ നിർമ്മാണം, പരിപാലനം, ചെടികളുടെ പ്രജനനരീതികൾ, രോഗനിയന്ത്രണം എന്നിവയെപ്പറ്റിയുള്ള പഠനമാണിത്. ഇന്നു ഗൃഹ നിർമ്മാണത്തിൽ മാത്രമല്ല ഓഫീസുകൾ, ഫ്ലാറ്റുകൾ എന്നിവയുടെ നിർമ്മാണത്തിലും ഉദ്യാനത്തിന്റെ പങ്ക് വളരെ വലുതാണ്. അലങ്കാര വ്യക്ഷങ്ങളും പുൽത്തകിടിയും പാറക്കെട്ടുകളും ആമ്പൽ പൊയ്കകളും എല്ലാം ആധുനിക ഉദ്യാനത്തിൽ ഉൾപ്പെടുന്നു. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്ര പശ്ചാത്തലത്തിനും യോജിച്ച ഉദ്യാനങ്ങളുടെ ഘടന നിർമ്മാണം പരിപാലനം എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണിത്. കൂടാതെ പൂച്ചെടികളുടെ പ്രജനന രീതി ,നടീൽ, കീടരോഗ നിയന്ത്രണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9496327272, 9947383272

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com