ADVERTISEMENT

മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് അലോട്മെന്റ് ലഭിച്ചവർ, പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കേണ്ട ഫീസ് ഇന്നു മുതൽ 26 വരെ തീയതികളിൽ ഓൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖേനയോ അടച്ച ശേഷം 26ന് ഉച്ചകഴിഞ്ഞു മൂന്നിനു മുൻപ് കോളജിൽ പ്രവേശനം നേടണം. പാലക്കാട് കരുണ മെഡിക്കൽ കോളജിലേക്ക് ഓപ്ഷൻ സ്വീകരിച്ചെങ്കിലും സർക്കാർ നിർദേശത്തെ തുടർന്ന് അലോട്മെന്റിൽ ഉൾപ്പെടുത്തിയില്ല. അടുത്ത ഘട്ടത്തിൽ ഈ കോളജ് പരിഗണിക്കും. എംബിബിഎസ്, ബിഡിഎസ്, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള അലോട്മെന്റാണ് ഇപ്പോൾ നടത്തിയത്. വിശദാംശങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.

 

അലോട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, കോഴ്സ്, കോളജ്, കാറ്റഗറി, ഫീസ് എന്നിവ അലോട്മെന്റ് മെമ്മോയിൽ ഉണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടച്ചു കോളജിൽ ചേരാത്തവരുടെ അലോട്മെന്റും ഹയർ ഓപ്ഷനും റദ്ദാകും. മുഴുവൻ പേരും കോളജിൽ ചേരണം.

 

അലോട്മെന്റ് ലഭിച്ചവർ ഹോം പേജിൽ നിന്നു ഡേറ്റാ ഷീറ്റ് ഡൗൺ ലോഡ് ചെയ്ത് എടുക്കണം. പ്രവേശനം നേടുമ്പോൾ ഡേറ്റാ ഷീറ്റ്, അലോട്മെന്റ് മെമ്മോ, പ്രോസ്പെക്ടസിൽ പറയുന്ന മറ്റു രേഖകൾ എന്നിവ  ഹാജരാക്കണം. സ്വാശ്രയ കോളജുകളിലെ വാർഷിക ട്യൂഷൻ ഫീസും മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസും വെബ്സൈറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 

 

അലോട്മെന്റ് ലഭിച്ച പട്ടിക വിഭാഗം, ഒഇസി, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ഒഇസിക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമുദായത്തിലെ വിദ്യാർഥികൾ, ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ, ശ്രീചിത്രാ ഹോം–ജുവനൈൽ ഹോം–നിർഭയ ഹോം എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. ഈ വിദ്യാർഥികൾക്കു സ്വാശ്രയ കോളജുകളിലെ ന്യൂനപക്ഷ, എൻആർഐ സീറ്റിൽ അലോട്മെന്റ് ലഭിച്ചാൽ ടോക്കൺ ഫീസ് അടയ്ക്കണം. ഫീസ് ഇളവിന് അർഹതയില്ല. 

 

സ്വാശ്രയ ഫീസ്:  സമ്മതപത്രവും നൽകണം

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അലോട്മെന്റ് ലഭിച്ചവർ കഴിഞ്ഞ 11നു സർക്കാർ ഇറക്കിയ ഉത്തരവ് അനുസരിച്ചുള്ള ഫീസ് അടച്ചാൽ മതി. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചിരുന്ന ഫീസാണിത്. കോടതിയോ കോടതി നിശ്ചയിക്കുന്ന അധികൃതരോ തീരുമാനിക്കുന്ന ഫീസ് ഇതിനെക്കാൾ കൂടുതലാണെങ്കിൽ നൽകണം. അധിക തുക അടയ്ക്കാൻ തയാറാണെന്നുള്ള സമ്മതപത്രത്തിന്റെ മാതൃക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അതു കോളജ് അധികാരികൾക്കു നൽകണം. അലോട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ച തുക മാത്രം കോളജിൽ അടച്ചാൽ മതി. ഫീഷറീസ് (ബിഎഫ്എസ്‌സി) കോഴ്സിന്റെ സെമസ്റ്റർ ഫീസ് 8052 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

 

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ എൻആർഐ ക്വോട്ടയിൽ അലോട്മെന്റ് ലഭിച്ചവർ ഈ ക്വോട്ടയിലേക്കു പരിഗണിക്കുന്നതിന് ആവശ്യമായതും ന്യൂനത പരിഹരിക്കുന്നതിനു മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നതുമായ രേഖകൾ രണ്ടാം ഘട്ട അലോട്മെന്റിനു രണ്ടു ദിവസം മുൻപോ ഒന്നാം ഘട്ട അലോട്മെന്റ് മുതൽ ഒരു മാസത്തിനുള്ളിലോ (ഏതാണോ ആദ്യം) സമർപ്പിക്കേണ്ടതാണ്.

English Summary: Medical Allotment 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com