ADVERTISEMENT

ഓൺലൈൻ ക്ലാസുകൾ പാതി പിന്നിട്ടുകഴിഞ്ഞു. എല്ലാവരും പരീക്ഷച്ചൂടിലേക്കു കടക്കുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ചോദ്യങ്ങളേറെയുണ്ട്. ഓൺലൈൻ ക്ലാസുകളും പരീക്ഷാ നടത്തിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സിബിഎസ്ഇ അക്കാദമിക്സ് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ പറയുന്നതു കേൾക്കാം.

 

സ്കൂളുകളിലെ ഓൺലൈൻ പഠനത്തെക്കുറിച്ച് സിബിഎസ്ഇയുടെ വിലയിരുത്തൽ എങ്ങനെ?

90 % സ്കൂളുകളും വിദ്യാർഥികളുമായി കണക്ടഡാണ്. മുടങ്ങാതെ ക്ലാസ് നടക്കുന്നു. അതേസമയം, സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ സ്കൂളുകളിൽ 30 ശതമാനത്തോളം കുട്ടികൾക്ക് ഇപ്പോഴും ഓൺലൈൻ  ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല. അവരെ വ്യക്തിഗതമായി സഹായിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ നോട്സ് വിദ്യാർഥികൾക്ക് എത്തിച്ചുകൊടുക്കുക, അതുതന്നെ ചുരുക്കി ലളിതമായി നൽകുക, ഫോണിൽ സംശയനിവാരണം നടത്തുക തുടങ്ങിയ മാർഗങ്ങളുണ്ട്. മുതിർന്ന ക്ലാസിലെ കുട്ടികൾ ചെറിയ ക്ലാസുകാരെ പഠിപ്പിക്കുന്ന ‘പിയർ ലേണിങ്’ രീതിയും നടപ്പാക്കുന്നു.

 

പരീക്ഷയെക്കുറിച്ചാണ് എല്ലാവരുടെയും ആശങ്ക ?

വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷവും എഴുത്തുപരീക്ഷ തന്നെ നടത്തും. ഓൺലൈൻ പരീക്ഷ നടത്തിയാൽ എല്ലാവർക്കും തുല്യമായി ആ സൗകര്യം ലഭിക്കണമെന്നില്ല.

joseph-immanuel
ഡോ. ജോസഫ് ഇമ്മാനുവൽ

 

ചില സംസ്ഥാനങ്ങൾ സ്കൂൾ പരീക്ഷ വൈകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷ എന്നു നടക്കും ?

അന്തിമ തീരുമാനമായിട്ടില്ല. സാഹചര്യം മാറി വരികയാണെങ്കിൽ ഉടൻ തന്നെ തീയതികളും നടപടിക്രമങ്ങളും തീരുമാനിക്കാനാകും. കുറച്ചുകൂടി സമയം വേണമെന്നു പല ഭാഗത്തുനിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കും.

 

ലാബ് ക്ലാസുകളില്ലാത്ത സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷ എങ്ങനെയായിരിക്കും ?

സ്കൂളുകൾ പ്രവർത്തിക്കുന്ന ചിലയിടങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുണ്ട്. അത്തരം സ്ഥലങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷ നടക്കും. മറ്റുള്ളിടങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷ നടത്താനാകില്ല. അവരുടെ പ്രായോഗികജ്ഞാനം വിലയിരുത്താൻ മറ്റു മാർഗങ്ങൾ തേടും. 

 

സിബിഎസ്ഇ പരീക്ഷാ രീതികളിൽ വരുന്ന മാറ്റത്തെക്കുറിച്ച് ?

പത്താം ക്ലാസിൽ കഴിഞ്ഞവർഷം തന്നെ 10 % ചോദ്യങ്ങൾ ആപ്ലിക്കേഷൻ ബേസ്ഡ് ആയിരുന്നു. ഇത് ഈ വർഷം 20 % ആക്കും. ഒപ്പം പന്ത്രണ്ടാം ക്ലാസിലും 10 % ചോദ്യങ്ങൾ ഇത്തരത്തിലാക്കും. ഘട്ടംഘട്ടമായി ഇതു വർധിപ്പിച്ച് ഭാവിയിൽ 60 % വരെയാക്കും. ചെറിയ ക്ലാസുകളിലും സമാനമായി മാറ്റമുണ്ടാകും. പുതിയ കാലത്തിനനുസരിച്ചു കുട്ടികളുടെ പ്രാപ്തി വർധിപ്പിക്കുകയാണു ലക്ഷ്യം. 

 

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ?

കൂടുതൽ മികറ്റവുറ്റ ബോധനരീതിയിലേക്കു സ്കൂളുകളെ കൊണ്ടുവരാനുള്ള അവസരമായാണ് നയത്തെ കാണുന്നത്. പരീക്ഷാ മാറ്റങ്ങൾ പറഞ്ഞല്ലോ. അധ്യാപകരുടെ വിഭവശേഷി വർധിപ്പിക്കൽ, സ്കൂളുകളുടെ ഗുണനിലവാരം പരിശോധിക്കൽ, അക്രഡിറ്റേഷൻ തുടങ്ങിയ മാറ്റങ്ങളുമുണ്ടാകും.

 

കലോത്സവം, ശാസ്ത്രമേള പോലെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ ഉണ്ടാകാനിടയില്ലല്ലോ.ഇതിനുള്ള പരിഹാരം ?

പരമാവധി പാഠ്യേതര പ്രവർത്തനങ്ങൾ ദിക്ഷാ പ്ലാറ്റ്ഫോമിലൂടെയും സ്വയംപ്രഭ ചാനൽ വഴിയും നടത്തുന്നുണ്ട്. മത്സരമായിട്ടല്ലാതെ, എല്ലാവർക്കും പങ്കെടുക്കാവുന്ന പ്രവർത്തനമായി ആര്യഭട്ട ഗണിത് ചാലഞ്ച്, സയൻസ് ഒളിംപ്യാഡ് തുടങ്ങി ഒട്ടേറെ പരിപാടികളുണ്ട്.


English Summary:CBS E Academics Director Joseph Immanuel About Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com