ADVERTISEMENT

പ്രവാസി പുനരധിവാസ പദ്ധതി

കോവിഡിനെ തുടർന്നു വിദേശത്തുനിന്നു കേരളത്തിലേക്കു മടങ്ങിയ പ്രവാസികളുടെ പുനരധിവാസത്തിനു തൊഴിൽ വൈദഗ്ധ്യവും പുതിയ തൊഴിൽ സാധ്യതകളും ഒരുക്കി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സും തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കെയ്സും (KASE – Kerala Academy for Skills Excellence). ഓയിൽ, വാതക (ഗ്യാസ്) മേഖലകളിൽ രാജ്യത്തും വിദേശത്തും ഏറെ ജോലി സാധ്യതകളുള്ള ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പൈപ്പ് ഫാബ്രിക്കേഷൻ/ ഫിറ്റർ, ടിഗ് ആൻഡ് ആർക് വെൽഡർ എന്നീ 3 കോഴ്സുകളിലാണു തൊഴിൽ വൈദഗ്ധ്യവും പരിശീലനവും നൽകുന്നത്. ഇതിനു ചെലവാകുന്ന തുകയുടെ 25% മാത്രം ഉദ്യോഗാർഥികൾ മുടക്കിയാൽ മതി.  ബാക്കി 75% തുക സർക്കാർ വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു നാട്ടിലും വിദേശത്തുമുള്ള കമ്പനികളിൽ ജോലിക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുപ്പിക്കും. 

ഒറ്റനോട്ടത്തിൽ 

∙ ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പൈപ്പ് ഫാബ്രിക്കേഷൻ/ ഫിറ്റർ, ടിഗ് ആൻഡ് ആർക് വെൽഡർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

∙ വിദേശത്തു രണ്ടോ അതിൽ കൂടുതലോ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് ആദ്യ പരിഗണന. 

 

∙ ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പൈപ്പ് ഫാബ്രിക്കേഷൻ/ ഫിറ്റർ എന്നീ കോഴ്സുകൾക്ക് 24,675 രൂപയാണു ഫീസ്. ഇതിന്റെ 25 ശതമാനമായ 6,168 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ അടയ്ക്കേണ്ടത്. താമസച്ചെലവ് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ സ്വന്തം വഹിക്കണം.

∙ ടിഗ് ആൻഡ് ആർക് വെൽഡർ കോഴ്സിന് 45,675 രൂപയാണു ഫീസ്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. ഇതിന്റെ 25 ശതമാനമായ 11,418 രൂപയാണു തിരഞ്ഞെടുക്കപ്പെടുന്നവർ അടയ്ക്കേണ്ടത്. ബാക്കി സർക്കാർ വഹിക്കും. താമസച്ചെലവ് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ സ്വന്തം വഹിക്കണം.

∙ പരിശീലനം 2021 ജനുവരി 18നു ആരംഭിക്കാനാണ് ഉദ്ദേശ്യം. 

∙ കെയ്സിന്റെ മികവിന്റെ കേന്ദ്രമായ അങ്കമാലിയിലെ എസ്പോയർ 

അക്കാദമിയിലാണു 3 കോഴ്സുകൾക്കുമുള്ള 40 ദിവസത്തെ പരിശീലനം.

അപേക്ഷകരെ തിരഞ്ഞെടുക്കുന്നതു വിദേശത്തെ തൊഴിൽ പരിചയത്തിന്റെയും അഭിരുചിയും കണക്കിലെടുത്താണ്. ഇവരുടെ അഭാവത്തിൽ നാട്ടിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കും. 

∙ വിശദവിവരങ്ങൾക്ക്: 9072572998, admin@eramskills.in

 

നവജീവൻ സ്വയംതൊഴിൽ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50–65 പ്രായപരിധിയിലുള്ളവർക്കാണ് നവജീവൻ സ്വയംതൊഴിൽ പദ്ധതി. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത് നടപ്പാക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അപേക്ഷ സമർപ്പിക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ബാങ്ക് മുഖേന 50,000 രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭിക്കും. വായ്പാ തുകയുടെ 25 ശതമാനം ഗവ. സബ്‌സിഡിയാണ്. അപേക്ഷാ ഫോം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ സൗജന്യമായി ലഭിക്കും.

 

ഒറ്റനോട്ടത്തിൽ 

∙ തയ്യൽക്കട, മെഴുകുതിരി നിർമാണം, കേറ്ററിങ് യൂണിറ്റ്, പലചരക്കുകട, കുട നിർമാണം, റെഡിമെയ്‌ഡ് തുണിക്കട, ഫോട്ടോസ്റ്റാറ്റ്–ഡിടിപി സെന്റർ, ഇന്റർനെറ്റ് കഫേ തുടങ്ങിയ സംരംഭങ്ങൾക്കാണു സഹായം. 

∙  വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 

∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്യാത്തവർക്കു റജിസ്റ്റർ ചെയ്ത ശേഷവും അപേക്ഷിക്കാം. www.employmentkerala.gov.in എന്ന വെബ്സൈറ്റിൽ കയറി, നിലവിൽ കൈവശമുള്ള രേഖകൾ സഹിതം റജിസ്ട്രേഷൻ പൂർത്തിയാക്കാം. 

∙ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വരുമാന സർട്ടിഫിക്കറ്റും തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ വിവരങ്ങളും സഹിതം അപേക്ഷിക്കണം.

∙ സംരംഭം തുടങ്ങാൻ അനുമതി ലഭിക്കുന്നവർക്കു പണം ബാങ്ക് മുഖേനയാണു നൽകുക. പരമാവധി ലഭിക്കുക 50,000 രൂപയാണ്. ഇതിൽ 25 ശതമാനം ഗവ. സബ്‌സിഡിയാണ്. ബാക്കി തുകയ്ക്കു ബാങ്ക് നിരക്കിലുള്ള പലിശ നൽകണം. 

കൂടുതൽ വിവരങ്ങൾക്കു കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. 0495 2370179. 

English Summary: Training Provided by Kerala Academy for Skills Excellence and Norka Roots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com