ADVERTISEMENT

പകല്‍ പുസ്തകം കൊണ്ടു നടക്കുന്ന ബാക്ക് പാക്ക്. രാത്രിയായാല്‍ ഇത് പഠിക്കാനും കളിക്കാനുമുള്ള വെളിച്ചം പകരുന്ന സോളാര്‍ ലൈറ്റായി മാറും. വാട്ടര്‍ പ്രൂഫായ ജുഗ്നു എന്ന ഈ ബാഗ് ആണ് വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗ്രാമങ്ങളില്‍ താരം. ഗുവാഹത്തി ഐഐടി പ്രഫസര്‍ ചാരു മോംഗയാണ് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ഇത്തരത്തിലുള്ള 200 ബാക്ക് പാക്കുകള്‍ രൂപകല്‍പന ചെയ്തത്. ഏഴു ജില്ലകളിലെ 20 ഓളം സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് ഇവ വിതരണം ചെയ്തു. 

 

അസമിലെ ഗ്രാമങ്ങളില്‍ വെളിച്ചം പകര്‍ന്ന ജുഗ്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെയും ശ്രദ്ധ പിടിച്ചു പറ്റി. മന്ത്രി ഇതിനെ പറ്റി ട്വീറ്റും ചെയ്തു. കുട്ടികളില്‍ നൂതന ചിന്തകള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി പ്രഫസര്‍ ചാരു ഇടയ്ക്കിടെ ഗ്രാമങ്ങളിലെ വിദ്യാർഥികള്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു ശില്‍പശാലയിലാണ് ഈ ആശയം ഉയര്‍ന്നു വന്നത്. 

 

നേരത്തെ സൂര്യന്‍ അസ്തമിക്കുന്നതും ഇടയ്ക്കിടെ  വൈദ്യുതി നിലയ്ക്കുന്നതും മൂലം പഠിക്കാനും കളിക്കാനും അധികം സമയം തങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് 

വിദ്യാർ‍‌ഥികള്‍ പ്രഫസറോട് പരാതിപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമായാണ് പ്രഫസര്‍ ജുഗ്നു വികസിപ്പിച്ചത്. ഒരു ലാബ് കിറ്റും ഈ ബാഗിനുള്ളില്‍ വച്ച് ചാരു കുട്ടികള്‍ക്ക് നല്‍കി. ഇതുപയോഗിച്ച് സ്വന്തമായ കണ്ടു പിടുത്തങ്ങള്‍ നടത്തുന്ന തിരക്കിലാണ് ഇവിടുത്തെ കുട്ടികള്‍. 

 

പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി ഇന്നവേഷന്‍ ഹബുകളും പ്രഫസര്‍ ചാരുവിന്റെ നേതൃത്വത്തില്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഈ ഹബുകളിലൂടെ കുട്ടികളെ പരിചയപ്പെടുത്തുന്നു. തങ്ങള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൗരോര്‍ജ്ജ അധിഷ്ഠിത പരിഹാരങ്ങളുമായി നിരവധി കുട്ടികള്‍ മുന്നോട്ട് വരുന്നുണ്ടെന്നും ചാരു പറയുന്നു. സൗരോര്‍ജ്ജ ബോട്ടുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

English Summary: IIT Prof. Charu Monga Designs Jugnu School Bag With Solar Panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com