ADVERTISEMENT

കോവിഡ് കഴിഞ്ഞ വര്‍ഷം തല്ലിക്കെടുത്തിയത് നിരവധി വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്വപ്‌നങ്ങളെ കൂടിയാണ്. യാത്രാ വിലക്കും ലോക്ഡൗണും എല്ലാം കൂടി വന്നപ്പോള്‍ പലരും തങ്ങളുടെ വിദേശ പഠന മോഹം തത്ക്കാലത്തേക്ക് മാറ്റി വച്ചു. ഇതിനാല്‍ തന്നെ ഈ വര്‍ഷം വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് മത്സരം കടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

2020ന്റെ രണ്ടാം പകുതിയില്‍ സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ ഓഫര്‍ ലഭിച്ചിട്ടും പോകാതിരുന്ന അഞ്ചിലൊരു വിദ്യാര്‍ത്ഥിയും ഈ വര്‍ഷം വീണ്ടും അപേക്ഷിക്കുമെന്ന് സ്റ്റഡി ഗ്രൂപ്പ് എന്ന രാജ്യാന്തര വിദ്യാഭ്യാസ സേവനദാതാവ് നടത്തിയ സര്‍വേയില്‍ പറയുന്നു. യുകെ അടക്കമുള്ള രാജ്യങ്ങള്‍ പഠനശേഷം വര്‍ക്ക് വിസകള്‍ വാഗ്ദാനം ചെയ്യുന്നത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ട്. സാറ്റ് പോലുളള പരീക്ഷകളിലും പല സര്‍വകലാശാലകളും ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതും അപേക്ഷാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 

 

അപേക്ഷാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സമ്മതപത്രം ഉള്‍പ്പെടെയുള്ള പ്രവേശന നടപടിക്രമങ്ങള്‍ നീളുന്നതിന് കാരണമാകാം. എംബിഎ, ഡേറ്റാ സയന്‍സ്, ഫിനാന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പോലുള്ള മുഖ്യധാര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാനും കടുത്ത മത്സരം വേണ്ടി വന്നേക്കാമെന്ന് വിദേശ പഠന ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹ്യുമാനിറ്റീസ് വിഷയങ്ങള്‍, സംഗീതം, വൈന്‍ ടേസ്റ്റിങ്ങ്, ഫുഡ് ടെക്‌നോളജി, ലക്ഷ്വറി മാനേജ്‌മെന്റ്, സൈക്കോളജി പോലുള്ള ഓഫ് ബീറ്റ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിച്ചേക്കാം.

 

പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സ് ആദ്യം തിരഞ്ഞെടുത്ത ശേഷം അത് പഠിക്കാന്‍ മികച്ച അവസരമൊരുക്കുന്ന രാജ്യങ്ങള്‍ തേടുന്നതാകും നല്ല സമീപനമെന്ന് കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ ലിവറേജ് എഡു സ്ഥാപകന്‍ അക്ഷയ് ചതുര്‍വേദി പറയുന്നു. 

 

വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് പഠന പ്ലാറ്റ്‌ഫോമായ യോക്കറ്റ് സ്ഥാപകന്‍ സുമീത് ജെയിനും അഭിപ്രായപ്പെടുന്നു. പല സര്‍വകലാശാലകളും പ്രവേശന പരീക്ഷകളിലും പ്രക്രിയയിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് അനന്തര ലോകത്തില്‍ സമ്പദ് വ്യവസ്ഥ തിരികെ വരുന്നതോടെ പല രാജ്യങ്ങളിലും തൊഴില്‍ സാധ്യതയും വര്‍ദ്ധിക്കുമെന്ന് സുമീത് കൂട്ടിച്ചേര്‍ക്കുന്നു. 

 

പല രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ പകുതി ഓണ്‍ലൈനും പകുതി ഓഫ്‌ലൈനുമായി ക്ലാസുകള്‍ നടത്തുന്ന ഹൈബ്രിഡ് മാതൃകയാണ് പിന്തുടരുന്നത്. ഈ മാതൃക ഇനിയും കുറച്ച് നാള്‍ കൂടി തുടരാനാണ് സാധ്യത. ഇത് മനസ്സില്‍ വച്ചു കൊണ്ട് വേണം വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി അപേക്ഷ നല്‍കേണ്ടത്.

English Summary: Admission in foreign universities likely to be tough in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com