ADVERTISEMENT

ജീവിതം വീട്ടകങ്ങളിലാക്കിയ മഹാമാരിക്കിടെ പുതിയ അധ്യയന, പരിശീലന രീതികള്‍ ഓണ്‍ലൈന്റെ സഹായത്തോടെ നടപ്പില്‍ വരുത്തി ശ്രദ്ധേയമായി തിരുവനന്തപുരത്തെ ലീഡ് ഐഎഎസ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ വെറും ക്ലാസ്സുകള്‍ നടത്തുന്നതിലും പരീക്ഷകള്‍ നടത്തുന്നതിലും ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് ഇവര്‍ തെളിയിക്കുന്നു. 

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം 2020 ഏപ്രിൽ മാസത്തിലാണ് തിരുവനന്തപുരത്ത് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.  സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുവേണ്ടി നാലു സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച സ്റ്റഡിസർക്കിളാണ്‌ പിന്നീട് ലീഡ് ഐഎഎസായത്.

ഉത്തരമെഴുത്തു പരിശീലിക്കാനായി അതിരാവിലെയുള്ള ഇവരുടെ ഒത്തുചേരലുകളില്‍ പഠന രീതികളെക്കുറിച്ചും കോച്ചിങ് മേഖലകളെക്കുറിച്ചുമുള്ള ചർച്ചകളും പതിവായി. ഈ നാലു പേരിൽ ഒരാൾ ഐഎഎസിലേക്കും മറ്റൊരാൾ ഐആർഎസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. പഠനം എളുപ്പവും ഫലപ്രദവുമാക്കാൻ ഇവര്‍ ഉപയോഗിച്ച പല രീതികളുമാണ്‌ പിന്നീട് ലീഡ് ഐഎഎസില്‍ അക്കാഡമിക് പ്രോഗ്രാമുകളായത്.

ആദ്യ മാസങ്ങൾ എളുപ്പമായിരുന്നില്ല. ക്ലാസുകൾ നടത്താൻ ഒരു കെട്ടിടം വാടകയ്ക്കെടുത്തപ്പോഴേക്കും ലോക്‌ഡൗൺ  പ്രഖ്യാപിച്ചു. ലോക്ഡൗണിനിടെ ആറുമാസത്തോളം സ്ഥാപനം പൂട്ടി ഇടേണ്ടിവന്നു. എന്നാൽ എന്ത് വിലകൊടുത്തും മുന്നോട്ടു പോകണം എന്ന നിലപാടിൽ തന്നെയായിരുന്നു ഇതിന്റെ സ്ഥാപകര്‍. അങ്ങനെ ലീഡിന്റെ ആദ്യത്തെ അക്കാദമിക പദ്ധതിയായ ‘പ്രിലിംസ് കില്ലർ’ കോഴ്സ് നടത്താൻ ലോക്ഡൗൺ സമയത്ത് ആറു ജില്ലകളിൽ 10 മെന്റേഴ്സ്  ജോലിചെയ്തു. 

പ്രിലിംസ് കില്ലര്‍ കോഴ്സിന്റെ ഭാഗമായി ലീഡ് നടപ്പാക്കിയ പ്രിലിംസ് സിമുലേറ്റര്‍ ഓണ്‍ലൈനിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ഒരു അക്കാദമിക പദ്ധതിയായിരുന്നു. കോച്ചിങ് മേഖലയിൽ മാതൃകാ പരീക്ഷകൾ നടത്തുന്നത് സാധാരണയാണ്. എന്നാൽ പരീക്ഷാസമയത്തുണ്ടാകുന്ന സമ്മർദ്ദങ്ങളെ അതിജീവിച്ച്, സമയക്രമം പാലിച്ച്, എങ്ങനെ ചോദ്യങ്ങളെ അഭിമുഖീകരിക്കാം എന്ന് അധ്യാപകൻ തന്നെ സ്വയം കാണിച്ചുകൊടുക്കുന്ന തൽസമയ രീതിയായിരുന്നു ലീഡിന്റെ പ്രിലിംസ് സിമുലേറ്റർ പരിപാടി. ഒരു പ്രിലിംസ് എക്സ്പർട്ട് പരീക്ഷയെ  എങ്ങനെയാണ് സമീപിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അവസരം. ഇത് പഠിതാക്കൾക്ക് പുതിയ ഉൾക്കാഴ്ച നൽകുന്ന ഒന്നായി. 

‘‘സൂം പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്ന സ്ക്രീൻ ഷെയറിങ് സംവിധാനം വഴി മാത്രമേ ഇങ്ങനെയൊരു സെഷൻ സംഘടിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരു പ്രിലിംസ് എക്സ്പർട്ട്  ചിന്തിക്കുന്നതും ചോദ്യപേപ്പറിൽ കുത്തികുറിക്കുന്നതും ഒഎംആർ ഷീറ്റിൽ ഉത്തരം രേഖപ്പെടുത്തുന്നതുമെല്ലാം തത്സമയം വിദ്യാർത്ഥികൾ നിരീക്ഷിച്ചു.’’ – പ്രിലിംസ് മെന്ററായ ഡോ. സാന്ദ്ര പറയുന്നു.

പീർ ടു പീർ ലേണിങ് പഠനത്തിലൂടെ പുതുമാതൃക സൃഷ്ടിക്കാൻ  ഓൺലൈൻ പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. നാലു വിദ്യാർഥികൾ വീതമുള്ള ചെറു ഗ്രൂപ്പുകളിലായി സംഘടിപ്പിച്ച വർക് ഷോപ്പുകൾ എഴുത്തു പരിശീലനത്തിന് ഏറെ സഹായകരമായി. ഒരു മെന്ററിന്റെ സാന്നിധ്യത്തിൽ ഓരോ വിദ്യാർഥിയുടെയും ഉത്തരം സ്ക്രീൻ ഷെയർ ചെയ്ത് താരതമ്യം ചെയ്തുകാണിച്ചായിരുന്നു ഈ  പരിശീലനപരിപാടി. പ്രിലിംസ് മോക് ടെസ്റ്റുകൾക്ക് ശേഷം 10 പേരടങ്ങുന്ന  ഗ്രൂപ്പുകളായി റൗണ്ട് ടേബിള്‍ ചർച്ചകളും സംഘടിപ്പിച്ചു. ഓരോരുത്തരുടെയും ചിന്തകളും അറിവുകളും പങ്കുവെക്കാനും ഒന്നിച്ച് പഠിക്കുവാനും ഈ കൂട്ടായ്മ അവസരമൊരുക്കി. ഇത്തരത്തിലുള്ള ചെറിയ പഠനക്കൂട്ടായ്മകള്‍ ക്ലാസ്റൂമിലെ പോലെ കുട്ടികള്‍ക്ക് ഇടപെടാനും ഓണ്‍ലൈനിന്റെ പരിമിതികളെ മറികടക്കാനും സഹായിച്ചു. 

ഇതിനിടയില്‍ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് അപ്പായ ടെലഗ്രാമിന്റെ സാധ്യതകള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നും ലീഡ് ഐഎഎസ് കാണിച്ചുതന്നു. ഇവര്‍ നിർമിച്ചെടുത്ത  ടെലഗ്രാം ബോട്ട്, വിദ്യാഭ്യാസ മേഖലയിൽ  ഇത്തരത്തിലുള്ള ആദ്യത്തെ ചുവടുവെപ്പാണ്. ഈ ഓട്ടോമേറ്റഡ്  ബോട്ടിലൂടെ പരിശീലന സംബന്ധിയായ എല്ലാ വിവരങ്ങളും പഠനസഹായികളും ഏതുസമയവും ലഭ്യമാകും. കൂടാതെ ലീഡിന്റെ ഫൈറ്റേഴ്സ് ക്ലബ് എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി ലേണിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. 

ഉത്തരമെഴുത്ത് മെച്ചപ്പെടുത്താനുള്ള പതിവ് രീതികളില്‍ നിന്ന് മാറ്റം കൊണ്ടുവരാനും ഓണ്‍ലൈനിന്റെ സാധ്യതകള്‍ ലീഡ് പ്രയോജനപ്പെടുത്തി. 1,750 മാർക്കിന്റെ വിവരണാത്മക പരീക്ഷയാണ് സിവിൽ സർവീസ് മെയിൻസ്. അതിനാൽ തന്നെ മെയിൻസിന് നല്ല മാർക്ക് കിട്ടാൻ എഴുത്തു ശൈലിയും അവതരണ രീതിയുമെല്ലാം മെച്ചപ്പെടുത്തേണ്ടതുണ്ട്. സാധാരണരീതിയിൽ ആഴ്ചയിൽ ഒന്നു വീതം എഴുത്തുപരീക്ഷ നടത്തി വിലയിരുത്തൽ നടത്താറാണു പതിവ്. എന്നാൽ ലീഡ് ഐഎഎസ് ഈ പതിവ് ശൈലിക്കു പകരം ദൈനംദിന ഉത്തരമെഴുത്ത് പരിശീലനത്തിന് തുടക്കമിട്ടു. ഓണ്‍ലൈന്‍ സം‌വിധാനങ്ങള്‍ മെന്റേഴ്സുമായി എളുപ്പത്തില്‍ ഇടപെടാനുള്ള സൗകര്യമൊരുക്കി. ഈ സാധ്യത പ്രയോജനപ്പെടുത്തിയതുകൊണ്ടാണ്‌ ദിവസം‌തോറുമുള്ള ഉത്തരമെഴുത്തും അതിന്റെ ഫീഡ്ബാക്കും സാധ്യമായത്.   

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൊണ്ടുവന്ന ഏറ്റവും വലിയ മെച്ചം അതിന്റെ വൈപുല്യം മാത്രമല്ല, അത് അക്കാദമിക പ്രവര്‍ത്തനങ്ങളുടെ നിരന്തര പ്രവർത്തനങ്ങളിലേക്കും നയിച്ചു എന്നതാണ്‌. രാവിലെ 7 മുതൽ രാത്രി 10 വരെയും അക്കാദമിക പ്രവർത്തനങ്ങൾ ഇന്ന് തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു. മാത്രമല്ല, ഓരോ വിദ്യാർഥിയുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ പഠനത്തെ മുൻപത്തേക്കാൾ ഫലപ്രദമായി ട്രാക്ക് ചെയ്യാനും ഓൺലൈൻ രീതി സഹായകരമാകുന്നു. ക്ലാസ്സുകള്‍ അറ്റൻഡ് ചെയ്ത് വിദ്യാർഥി മടങ്ങിയ സ്ഥാനത്ത് എല്ലാ ദിവസവും ടെസ്റ്റുകളും വര്‍ക്‌ക്ഷോപ്പുകളും ഒന്നിന്‌ പുറകെ മറ്റൊന്നെന്ന രീതിയില്‍ നടത്താന്‍ ഓണ്‍ലൈന്‍ സൗകര്യമുള്ളതുകൊണ്ട് സാധിച്ചു. അതിനാല്‍ തന്നെ റിലേ ലേണിങ് എന്ന നൂതനമായൊരു പരിശീലന സമ്പ്രദായവും ലീഡില്‍ ഉരുത്തിരിഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറ്റാരും കാണാതിരുന്ന സാധ്യതകളില്‍ ഒന്നായിരുന്നു ഇത്. 

‘‘ലോക്‌ഡൗൺ മൂലം യാതൊരുവിധ അക്കാദമിക സേവനങ്ങൾ ലഭ്യമല്ലാതിരുന്ന സമയത്ത് സിവിൽ സർവീസ് വിദ്യാർഥികൾക്ക് താങ്ങായി നിൽക്കണം എന്നതായിരുന്നു ആഗ്രഹം. അതിനായുള്ള പരിശ്രമത്തിനിടയിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നവയാണ് റിലേ ലേണിങ്, ഹൈബ്രിഡ് ലേണിങ് സൊലൂഷ്യൻസ് തുടങ്ങിയവ. ഈ പുത്തൻ പഠനപ്രവർത്തനങ്ങളെ ഏറെക്കുറെ പ്രഫഷനലൈസ് ചെയ്യാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഓഫ് ലൈൻ സെഷനുകൾ പൂർണമായി ആരംഭിച്ചാലും ഈ ഓൺലൈൻ പ്രവർത്തനങ്ങൾ തുടരണമെന്ന് തന്നെയാണ്  തീരുമാനം.’’ – ലീഡിന്റെ സ്ഥാപകരിലൊരാളായ ശരത്ത് പറയുന്നു.

English Summary: Scope Of Online Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com