ADVERTISEMENT

ഒരിക്കലും ഒന്നാം ക്ലാസിൽ നിന്നു ജയിക്കാത്ത ഒരു പ്രൈമറി സ്‌കൂൾ അധ്യാപികയായിരുന്നു അമ്മ. മുതിർന്ന ക്ലാസിൽ പഠിപ്പിക്കാൻ അമ്മയ്‌ക്ക് ഇഷ്‌ടമല്ലായിരുന്നു. മുലപ്പാലിന്റെ മണവും കൊഞ്ചലിന്റെ ഈണവുമുള്ള കുഞ്ഞുങ്ങളുടെ ഇളംവിരലുകൾ അക്ഷരങ്ങൾക്കു പാകമാകുംവിധം പണിയുന്ന തച്ചനായിരുന്നു അവർ. വീട്ടിൽ നോക്കാനാരുമില്ലാത്തതിനാൽ ഒരു വയസ്സു മുതൽ അമ്മയുടെ ക്ലാസിലിരുന്നാണ് ഞാൻ വളർന്നത്. ഈയിടെ ഒരു പട്ടണത്തിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ഡ്രൈവർ ചോദിച്ചു: ‘ലേഖക്കുട്ടി അല്ലേ?’ അല്ലെന്നു പറയാൻ തുടങ്ങുമ്പോഴേക്കും ഞാനോർത്തു; എന്റെ ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും എന്റെ പേര് അങ്ങനെയാണ് ഉച്ചരിക്കാറ്. ‘വസുമതി മേന്റത്തിന്റെ മോള്?’ ഇനി സംശയമില്ല. അമ്മയുടെ ശിഷ്യനായിരിക്കാം ഇയാൾ. ‘നിന്നെ കുട്ടിയായിരിക്കുമ്പോ ഞങ്ങള് എത്ര എടുത്തിട്ടുണ്ടെന്നോ..  നടക്കാൻ തുടങ്ങിയപ്പോ തൊട്ടു നിന്നെ ടീച്ചർ സ്‌കൂളിൽ കൊണ്ടുവരും. ഞങ്ങളു നോക്കും. എന്തൊരു കുറുമ്പിയായിരുന്നു. വാശിക്കാരി. പുഴുപ്പല്ലി.’ അയാൾക്ക് എല്ലാം ഓർമയുണ്ട്. അമ്മയുടെ ശിഷ്യരെല്ലാം ഓട്ടോ ഡ്രൈവർമാരോ കാർ ഡ്രൈവർമാരോ ആണെന്ന് ഞങ്ങൾ അമ്മയോടു പറയാറുണ്ട്. അമ്മയ്‌ക്കതു സന്തോഷമാണ്. ജീവിതത്തിന്റെ രഥം തിരിക്കാനുള്ള വെളിച്ചമാണ് അമ്മ അവർക്കു കൊടുത്തതെന്ന ആത്മവിശ്വാസമാണ് ആ ചിരി.

സ്‌കൂളിൽ നിന്നു വേറിട്ടൊരു ജീവിതം എനിക്കുണ്ടായിരുന്നില്ല . എപ്പോഴും പഠിച്ചു തീർന്നില്ലെന്ന തോന്നലിലാണ് ഞാനുണരുന്നത്. ഡിഗ്രി പരീക്ഷയ്‌ക്ക് എല്ലാ പേപ്പറിലും തോറ്റ് ഫിസിക്‌സ് ലാബിന്റെ സമീപത്ത് ഞാൻ തളർന്നിരിക്കുന്ന ഒരു സ്വപ്‌നമാണ് എത്രയോ കാലമായി കാണുന്നത്. ഇപ്പോഴും ജൂൺ മാസമാകുമ്പോൾ ഒന്നോ രണ്ടോ നോട്ടുബുക്കുകളും ഏതാനും പേനകളും വാങ്ങിയില്ലെങ്കിൽ എനിക്കു സമാധാനമില്ല. മക്കൾക്കു പുസ്‌തകം വാങ്ങുമ്പോൾ മത്സരബുദ്ധിയോടെ ഞാൻ വാങ്ങിക്കൂട്ടുന്ന നോട്ടുപുസ്‌തകങ്ങൾ മരുഭൂമികളുടെ ശൂന്യതയും പേറിയങ്ങനെ പരന്നു കിടക്കും.

malayalam-writer-k-rekha-june-first-memoir-school-reopening
കെ. രേഖ

എല്ലാ ജൂൺ മാസത്തിലും സ്‌കൂൾ തുറക്കുന്ന ദിവസം അമ്മ മൂളുന്ന കേൾക്കാം–‘ആഹ്ലാദമേറുന്നു നാളെ പാഠശാല തുറക്കും ദിവസം പുസ്‌തകസഞ്ചിയുമായി ഉണ്ണിയൊത്തിറങ്ങുന്ന ദിവസം.’ ഒരു ജൂൺ മാസം ഒന്നാംതീയതിയാണ് അച്‌ഛൻ മരിക്കുന്നത്. എന്നിട്ടും ഈ പാട്ടിന്റെ സന്തോഷവുമായാണ് ഞാൻ ആ വർഷം നാലാം ക്ലാസിലേക്ക് സ്‌കൂളിൽ പോയത്. സങ്കടങ്ങളിലും ചിരിക്കാനുള്ള പാഠപുസ്‌തകം പഠിപ്പിച്ചതും അമ്മയായിരുന്നു. പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗ്രാമത്തിലെ സ്‌കൂളിൽ നിന്നു പോയത് ഇരിങ്ങാലക്കുടയിലെ കോൺവെന്റിലേക്കാണ്. അതൊരു നഗരത്തിന്റെ സ്‌കൂളായിരുന്നു. അവിടെ എനിക്കു ശ്വാസം മുട്ടി.

ഗ്രാമത്തിന്റെ വിരലടയാളം പതിഞ്ഞ എന്റെ ചുണ്ടുകളും മനസ്സും കയ്യും വിറച്ചു. മഴക്കാലത്ത് നനഞ്ഞൊതുങ്ങിയ പക്ഷിയെപ്പോലെ  ഈറനണിഞ്ഞ് വൈകി ക്ലാസ്‌മുറിയിലെത്തുന്നവളുടെ നോവ്, ചളിയുടെ പുള്ളികൾ നിറഞ്ഞ പച്ചപ്പാവാട; ഓർക്കുമ്പോൾ ഇപ്പോഴും തണുക്കുന്നു, ചുരുങ്ങി ചുരുണ്ടുപോകുന്നു. മഠത്തിലെ പ്രായമായ ജോലിക്കാരായിരുന്നു അവിടെ എന്റെ കൂട്ട്. അഞ്ചുമണിക്കേ എന്റെ ഗ്രാമത്തിലേക്കുള്ള ബസ് വരികയുള്ളൂ. ഒരു മണിക്കൂറോളം ആളൊഴിഞ്ഞ സ്‌കൂൾ മുറ്റത്തും ഞാനും സന്ധ്യയും ഗ്രാമവാസികൾ പട്ടണത്തിലെ സ്‌കൂളിലെത്തിയാലുള്ള പ്രയാസം കണ്ണിൽ കണ്ണിൽ കൈമാറി ഇരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരേ മഞ്ഞ നിറമുള്ള ബാഗുമായി സ്‌കൂളിലെത്തിയ ആളാണു സന്ധ്യ. ഇപ്പോൾ എറണാകുളത്തെവിടെയോ ബാങ്ക് മാനേജരുടെ തിരക്കിൽ ജീവിക്കുന്നു, അവൾ.

ഇടയ്‌ക്ക് പട്ടണത്തിലെത്തുന്ന അമ്മ ഞങ്ങൾ രണ്ടുപേർക്കും ഐസ്‌ക്രീം വാങ്ങിത്തന്നു. റിട്ടയർ ചെയ്‌ത ശേഷം അമ്മ പെൻഷൻ വാങ്ങാൻ വരുന്ന ദിവസം ഞങ്ങൾ കാത്തിരുന്നു; ആ മധുരത്തിനായി.  ആ സ്‌കൂൾ എനിക്കു വേദനയുടെ ഓറഞ്ച് പൂക്കളാണ്.  പച്ചപ്പാവാടയും വെള്ള ഷർട്ടും യൂണിഫോം ധരിച്ച്  ഇരുവശത്തും പിന്നിയ മുടി   ചുവപ്പു റിബൺകൊണ്ടു കെട്ടി പത്താംക്ലാസിലെ വിടവാങ്ങൽ ദിനമെടുത്ത ഫോട്ടോ പോലും ഞാൻ വാങ്ങിയില്ല. ഇപ്പോഴും അതു വഴി പോകുമ്പോൾ മുറ്റത്തെ ഓറഞ്ച് പൂവിടുന്ന മരം, മിനുത്തു വെളുത്ത തറയുള്ള പള്ളി, അവിടത്തെ മാതാവിന്റെ എല്ലാം കേൾക്കുന്ന കണ്ണ്, പണക്കാരായ സഹപാഠികളുടെ അധിക ഉയരം, പെരുമ്പാമ്പുറങ്ങുന്ന പിറകുവശത്തെ കൂട്, ഞങ്ങൾ വൈകുന്നേരങ്ങളിൽ ആരും കാണാതെ ചാടി വീണു നോവിക്കുന്ന ലൂബിക്ക എന്ന ലോലോലിക്ക പൂക്കുന്ന പിറകുവശത്തെ ദുർബലമായ ചെടി ഇതൊക്കെ ഓർക്കാനിഷ്‌ടമില്ലാതെ ഓർക്കാറുണ്ട്.

അവിടുത്തെ ഒറ്റപ്പെടലിനിടെയാണ് ഞാൻ കവിതയെഴുതുന്നത്. എല്ലാ ഒറ്റപ്പെടലുകാരെയും പോലെ ഏകാന്തതയുടെ വേദനയായിരുന്നു ആ കവിതയുടെ ജീവൻ. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്. അന്നെത്ര വേദനിച്ചുകാണും ആ കുഞ്ഞുമനസ്സ്. ആ കുഞ്ഞുമനസ്സിന്റെ പച്ചപ്പാവാടയിട്ട ഓർമകളാണ് അക്ഷരങ്ങളുടെ നിധിശേഖരം എനിക്കു തരാൻ ദയവുകണിച്ചതെന്നു ചിലപ്പോഴെങ്കിലും നന്ദിയോടെ ഓർക്കാറുണ്ട്.

English Summary: Writer K. Rekha's School re-opening day memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com