ADVERTISEMENT

തിരുവനന്തപുരം∙ മരണദുഃഖത്തിൽപ്പെട്ടവരെ സഹാനുഭൂതിയോടെ ആശ്വസിപ്പിക്കാനൊരു കോഴ്സ് വരുന്നു. ഉറ്റവരുടെ മരണത്തിൽ പിടയുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പലപ്പോഴും നോക്കി നിൽക്കേണ്ടി വന്നിട്ടുള്ളവരാകും നമ്മളൊക്കെ. അറിവില്ലായ്മ പലപ്പോഴും അരോചകമാകുകയും ചെയ്യും. അവരെ ചേർത്തു നിർത്തി എങ്ങനെ ആശ്വാസമേകാം എന്നു പഠിപ്പിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. കോവിഡ് മൂലം അപ്രതീക്ഷിത മരണങ്ങൾ വർധിച്ചതും പ്രോട്ടോകോൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മൂലം ആശ്വസിപ്പിക്കാൻ പോലും ആളുകളില്ലാത്ത അവസ്ഥയുമാണ് ഇങ്ങനെയൊരു കോഴ്സ് തുടങ്ങാൻ നിമിത്തമായത്. 

കോഴ്സ് ഇങ്ങനെ:

2006 മുതൽ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായ മിഷൻ ബെറ്റർ ടുമാറോ-നന്മ, കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ സഹകരണ കേന്ദ്രം), ഓസ്ട്രേലിയയിലെ ഡെത്ത് ലിറ്ററസി ഇൻസ്റ്റിറ്റ്യൂട്ട് (മരണ സാക്ഷരത ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവയോട് ചേർന്ന് നടത്തുന്ന 15-മണിക്കൂർ അടിസ്ഥാന മരണദുഃഖ സഹാനുഭൂതി കോഴ്സ് ആണിത്. ഓൺലൈനായും നേരിട്ടുമാണ് കോഴ്സ് പൂർത്തിയാകുക. ചെറിയ സമൂഹങ്ങളെയും അയൽപക്ക സംഘങ്ങളെയും മരണദുഃഖം നേരിടാൻ അടിസ്ഥാന കഴിവുകൾ നൽകി പ്രാപ്തരാക്കുക എന്നതാണ് കോഴ്‌സിന്റെ ലക്‌ഷ്യം.

കോഴ്സ് എന്തിന്? 

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ സഹകരണ കേന്ദ്രം ഡയറക്ടർ ഡോ.കെ.സുരേഷ് കുമാർ പറയുന്നു: ‘‘കേരളത്തിന്റെ പ്രത്യേക സാമൂഹിക ചുറ്റുപാടിൽ മരണത്തിന്റെ ആഘാതം നേരിടാൻ ഒരു വ്യക്തിയെ സഹായിക്കുന്നത് കുടുംബം, ബന്ധുക്കൾ, മറ്റു സമുദായ ബന്ധങ്ങൾ എന്നിവയാണ്. ഇതു പ്രവർത്തിക്കുന്നത് മരണാനന്തര കർമ്മങ്ങളിൽ സഹായിക്കുക, പങ്കു ചേരുക, അടിയന്തമായി വേണ്ടുന്ന മാനസിക വൈകാരിക പിന്തുണ നൽകുക എന്നിങ്ങനെ പലവിധങ്ങളായ സഹാനുഭൂതിയിൽ അധിഷ്ഠിതമായ വഴികളിലൂടെയാണ്. അപ്പോഴും കേരളത്തിൽ മരണദു:ഖത്തെ നേരിടാൻ വ്യവസ്ഥാപിതമായ ഒരു പദ്ധതി നിലവിലില്ല, അതിന്റെ ആവശ്യം ഇതു വരെ നേരിട്ടിട്ടുമില്ല.

കാലത്തിനൊപ്പം മരണദു:ഖത്തിന് പിന്നിലെ സാഹചര്യങ്ങളും പരിസരവും മാറിയിരിക്കുന്നു. സമൂഹം നിത്യേന നേരിടുന്നത് പുതിയ വെല്ലുവിളികളും ഇതു വരെ പ്രകടമാകാതെ പോയിരുന്ന ജീവിത യാഥാർഥ്യങ്ങളുമാണ്. സാമൂഹികാന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ മൂലം കുടുംബങ്ങൾ ഒറ്റപ്പെട്ടു പോവുകയും കുടുംബത്തിൽ ഒരു മരണം നേരിടേണ്ടി വരുന്ന സമയത്ത് മരണദു:ഖത്തെ എങ്ങനെ നേരിടണം എന്നറിയാതെ ഉഴലുകയും ചെയ്യുക എന്നത് ഇന്ന് സാധാരണമാണ്. തലമുറകൾ കടന്നു പോകുമ്പോൾ ആചാര അനുഷ്‌ഠാനങ്ങളിൽ വന്നു ചേർന്ന മാറ്റങ്ങളും അവ പഴയ തലമുറയിൽ പെട്ടവരിൽ ഉണ്ടാക്കുന്ന വേദനകളും മറ്റൊരു വെല്ലുവിളിയാണ്. ഇത്തരം ഒരു അവസ്ഥയിൽ നിൽക്കുന്ന നമ്മുടെ സമൂഹമാണ് പെട്ടെന്ന് അനിശ്ചിതത്വത്തിന്റെ ഒരു വല്ലാത്ത ലോകത്തിലേക്കു കോവിഡ് മഹാമാരി മൂലം എടുത്തെറിയപ്പെട്ടത്. 

മഹാമാരിയുടെ വിലക്കുകൾ കാരണം യഥാവിധി മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്ന് മാത്രമല്ല, മരണദു:ഖത്തിൽ ആശ്വാസമേകാൻ പലപ്പോഴും ഉറ്റവരോ ഉടയവരോ അടുത്ത് ഉണ്ടാകാൻ പോലും പറ്റാത്ത അവസ്ഥയാണിന്ന് നമ്മൾ നേരിടുന്നത്. അപ്രതീക്ഷിത മരണങ്ങൾ തരുന്ന ആഘാതം വേറെ. ഇതാണ് മരണദു:ഖത്തെ ശാസ്ത്രീയമായി നേരിടേണ്ട ആവശ്യകതയെ പറ്റി ചിന്തിക്കാൻ ഇടയാക്കിയത്.

ഈ ദുഷ്കര കാലത്തിനോടുള്ള ക്രിയാത്മകമായ പ്രതികരണമാണ് മരണദു:ഖത്തെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞു നേരിടാൻ ജനതയെ സജ്ജരാകുക എന്നത്. ദുരിത കാലത്തിൽ അന്യോന്യം അറിഞ്ഞു കൊണ്ട് സഹാനുഭൂതിയോടെ താങ്ങാകുക എന്ന ഒറ്റ ഉദ്ദേശത്തോടെ സാമൂഹ്യ നന്മ, മാനസികാരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മൂന്ന് സംഘടനകൾ ഒന്നിച്ചു ചേർന്നാണ് ഈ പരിശീലന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മരണം മൂലം ഉണ്ടാകുന്ന ദുഃഖത്തെ ഹൃസ്വകാലാടിസ്ഥാനത്തിലും ദീർഘകാലയാടിസ്ഥാനത്തിലും ശാസ്ത്രീയമായി നേരിടാനും അതിജീവിക്കാനും കഴിവതും കൂടുതൽ ആൾക്കാരെ സജ്ജരാകുക എന്നതാണ് ഈ പരിശീലന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം. ഈ പരിശീലത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ ഏതാനും വിദഗ്ദ്ധരെ സൃഷ്ടിക്കുക എന്നതല്ല, മറിച്ചു മാറിയ സാഹചര്യത്തിൽ മരണദുഃഖം നേരിടാൻ ഒരു സമൂഹത്തെ തന്നെ സജ്ജമാക്കുക എന്ന വലിയ ലക്ഷ്യമാണ് മുന്നിൽ കാണുന്നത്’’.

കോഴ്സിന്റെ ലക്ഷ്യങ്ങൾ?

ഉറ്റവരുടെ മരണത്താൽ ഉഴലുന്നവരെ അവരവരുടെ സാംസ്‌കാരിക തലത്തിൽ തന്നെ ഇടപെട്ട് അവരെ ചേർത്ത് നിറുത്തി, മരണദുഃഖത്തിൽ നിന്ന് കരകയറാൻ സഹായിക്കുക, സമൂഹത്തെ മരണദുഃഖ പരിപാലനത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു സജ്ജരാക്കുക, മരണദുഖിതർക്ക് നിത്യ ജീവിതത്തിലെ ഇടപെടലുകളിൽ ദീർഘകാലം മാനസിക പിന്തുണ ലഭ്യമാക്കുക എന്നിവയാണ് കോഴ്സിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. 

കോഴ്സ് ആർക്കൊക്കെ? 

മരണദുഃഖം നേരിടുന്നവരെ ചേർത്തു പിടിച്ചു സഹാനുഭൂതിയോടെ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൈ പിടിച്ചു കൊണ്ട് വരാൻ സന്നദ്ധരായ ആർക്കും കോഴ്സിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത ഒരു ഘടകമല്ല, സഹജീവനെ അറിയാനുള്ള മനസ്സാണ് മാനദണ്ഡം. കോഴ്സിനെ അപേക്ഷിക്കുന്നവർ കുറഞ്ഞത് 21 വയസ്സ് കഴിഞ്ഞവരാകണം. 

പഠന മാധ്യമം

ഈ കോഴ്സ് നയിക്കുന്നവരിൽ ഇന്ത്യയ്ക്കു പുറത്തു നിന്നുള്ളവരും ഉള്ളതിനാൽ മലയാളത്തിനൊപ്പം ഇംഗ്ലീഷ് കൂടി പഠന മാധ്യമം ആയിരിക്കും. എന്നാൽ, ആവശ്യാനുസരണം പരിഭാഷ സൗകര്യം ഉണ്ടായിരിക്കും.  

ഫീസ്, സർട്ടിഫിക്കറ്റ് 

കോഴ്സിൽ പങ്കെടുക്കാൻ 100 രൂപയാണു ഫീസ്.  അർഹരായ അപേക്ഷകർക്ക് ഇളവുണ്ടാകും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എംബിടി-നന്മ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ, മരണ സാക്ഷരത ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്നു നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.  

കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും https://forms.gle/z31xB1mw52eJEzfT8

വിലാസം: മിഷൻ ബെറ്റർ റ്റുമാറോ (എംബിടി), നന്മ ഫൗണ്ടേഷൻ,ഏഴാം നില, ആർടെക്ക് മാഗ്നെറ്റ്, വഴുതക്കാട്, തിരുവനന്തപുരം, കേരളം - 695 014

ഇമെയിൽ: office@missionbettertomorrow.org 

ഫോൺ: 99953 99299

Content Summary : Foundation Course in Bereavement Support by Mission Better Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com