എൻജിനീയറിങ് പഠനം മലയാളത്തിൽ: കാര്യങ്ങൾ അത്ര എളുപ്പമല്ല

HIGHLIGHTS
  • സർവകലാശാല പരീക്ഷ നടത്തുമ്പോൾ ഇംഗ്ലിഷിലും മലയാളത്തിലും ചോദ്യക്കടലാസ് തയാറാക്കണം
online-top-webistes-for-job-search
Representative Image. Photo Credit : Fizkes / Shutterstock.com
SHARE

മലയാളത്തിലും ബിടെക്  കോഴ്സ് പഠിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ(എഐസിടിഇ) അനുമതി നൽകിയെങ്കിലും ഇതു നടപ്പാക്കണമെങ്കിൽ  ഒട്ടേറെ കടമ്പകൾ മറികടക്കണം. 

മലയാളം ഉൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ എൻജിനീയറിങ് പഠിക്കാമെന്ന ഐഐസിടിഇയുടെ അറിയിപ്പ് സാങ്കേതിക സർവകലാശാല ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിച്ചിട്ടുണ്ട്.സാങ്കേതിക സർവകലാശാലയോ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയോ(കുസാറ്റ്) മുൻകയ്യെടുത്താൽ പോലും മലയാളത്തിൽ എൻജിനീയറിങ് പഠനം തുടങ്ങുക എളുപ്പമല്ല.

ബിടെക്കിന് ഇരുപതിലേറെ ബ്രാഞ്ചുകളുണ്ട്.8 സെമസ്റ്ററുകളിലായി ആയിരക്കണക്കിന് എൻജിനീയറിങ് പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യണം.ബിടെക് പാസാകുന്നവരിൽ നല്ലൊരു പങ്കും കേരളത്തിനു പുറത്തോ കേരളത്തിലെ രാജ്യാന്തര നിലവാരത്തിലുള്ള കമ്പനികളിലോ ജോലി പ്രതീക്ഷിക്കുന്നതിനാൽ എത്ര പേർ മലയാളത്തിൽ പഠിക്കാൻ താൽപര്യം കാട്ടുമെന്നതും പ്രധാനമാണ്.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കു മലയാളത്തിലുള്ള എൻജിനീയറിങ് പുസ്തകങ്ങളുടെ ലഭ്യത.

ഇംഗ്ലിഷിലും മലയാളത്തിലും പഠിക്കുന്ന വിദ്യാർഥികൾക്കു പ്രത്യേകം ക്ലാസ് എടുക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.രണ്ടു മാധ്യമത്തിലും ക്ലാസ് എടുക്കണമെങ്കിൽ എൻജിനീയറിങ് കോളജുകളിൽ അതിനുള്ള അടിസ്ഥാന സൗകര്യവും അധ്യാപകരും വേണം.സർവകലാശാല പരീക്ഷ നടത്തുമ്പോൾ ഇംഗ്ലിഷിലും മലയാളത്തിലും ചോദ്യക്കടലാസ് തയാറാക്കണം.അറുപതോളം പേപ്പറുകൾക്ക് ഈ രീതിയിൽ രണ്ടു ഭാഷയിലും ചോദ്യക്കടലാസ് തയാറാക്കേണ്ടി വരും.

എൻജിനീയറിങ് വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഏജൻസി എന്ന നിലയിൽ എഐസിടിഇക്ക് പ്രാദേശിക ഭാഷകളിൽ പഠിക്കുന്നതിന് അനുമതി നൽകുന്ന ബാധ്യതയേയുള്ളൂ. അതു നടപ്പാക്കണമെങ്കിൽ സംസ്ഥാനം മുൻകയ്യെടുക്കണം.കോഴ്സ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതു സർവകലാശാല ആയതിനാൽ നിലവാരം ഉറപ്പു വരുത്തേണ്ടത് അവരുടെ ചുമതലയാണ്.ഇത്തരം കോഴ്സുകൾ നടത്തണമെങ്കിൽ സർവകലാശാലയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്യണം.നടപ്പാക്കും മുൻപായി ഗുണ ദോഷങ്ങളെക്കുറിച്ചു വിശദ പഠനവും നടത്തണം.

സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ്,അക്കാദമിക് കൗൺസിൽ,സിൻഡിക്കറ്റ്,ബോർഡ് ഓഫ് ഗവണേഴ്സ് എന്നിവ ഇക്കാര്യം പരിശോധിച്ചു തീരുമാനം എടുത്താലേ കേരളത്തിൽ നടപ്പാക്കാനാകൂ.ചുരുക്കത്തിൽ തിരക്കിട്ട് മലയാളത്തിൽ എൻജിനീയറിങ് പഠനം തുടങ്ങാനാവില്ല.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മേൽനോട്ടം ഇപ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിനാണ്.ഇതു സംബന്ധിച്ച ചർച്ചകളിലേക്കു കൗൺസിൽ ഇതേ വരെ കടന്നിട്ടില്ല.എഐസിടിഇ തീരുമാനത്തിന്റെ കാര്യത്തിൽ വ്യക്തത വന്നാൽ മാത്രമേ അവർ തുടർ നടപടികളിലേക്ക് കടക്കൂ.ഇതു നടപ്പാക്കുന്നതിനു മുൻപായി മറ്റ് ഇന്ത്യൻ ഭാഷകളിൽ എൻജിനീയറിങ് പഠനം നടത്തുന്ന സർവകലാശാലകളുടെ അനുഭവവും പരിശോധിക്കണം.

ഇന്ത്യയിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കുന്നവരിൽ  പകുതിയിലേറെ പേരും ജോലിക്കു യോഗ്യരല്ലെന്നു  നിതി ആയോഗ് നടത്തിയ ഔദ്യോഗിക പഠനത്തിൽ കണ്ടെത്തിയതായി ഉന്നത വിദ്യാഭ്യാസ അധികൃതർ ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ സംഘടനകളും മറ്റും നടത്തിയ വിലയിരുത്തലിലെ കണക്കുകൾ ഇതിനെക്കാൾ മോശമാണ്.ഏതു ഭാഷയിൽ കോഴ്സ് പൂർത്തിയാക്കിയാലും ജോലി അറിയുകയാണ് പ്രധാനം.എൻജിനീയറിങ് പഠനം മലയാളത്തിലേക്കു മാറുമ്പോൾ ജോലി സാധ്യത  ഉണ്ടാകുമോയെന്ന ആശങ്ക അക്കാദമിക് വിദഗ്ധർക്ക് ഉണ്ട്.

English Summary: Challenges In Studying B Tech In Malayalam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA