ADVERTISEMENT

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജി’ നാളെ ഉച്ചതിരിഞ്ഞ് 2 മുതൽ 5 വരെ. പരീക്ഷയ്ക്കു പോകുന്നവർ പാലിക്കേണ്ട നിബന്ധനകൾ അഡ്മിറ്റ് കാർഡിന്റെ മൂന്നും നാലും പുറങ്ങളിലുണ്ട്. ഇവ കൃത്യമായി പാലിക്കണം.

 

 അഡ്മിറ്റ് കാർഡിന്റെ ആദ്യപേജിൽ നിർദിഷ്ടവിവരങ്ങൾ കൃത്യമായി എഴുതിച്ചേർക്കുക. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോ തന്നെയാണ് ഇവിടെ ഒട്ടിക്കേണ്ടത്. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിനു താഴെ രക്ഷിതാവ് ഒപ്പിടണം. വിദ്യാർഥി ഒപ്പിടേണ്ടതും ഇടതു തള്ളവിരലടയാളം പതിക്കേണ്ടതും പരീക്ഷാകേന്ദ്രത്തിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചാണ്; നേരത്തേ ഒപ്പിട്ടു കൊണ്ടുപോകരുത്.

 രണ്ടാം പേജിൽ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോ നിർദേശാനുസര‌ണം ഒട്ടിക്കുക. പരീക്ഷാകേന്ദ്രത്തിൽ വച്ച് വിദ്യാർഥി ഇടതുഭാഗത്തും ഇൻവിജിലേറ്റർ വലതുഭാഗത്തുമായി ഈ ഫോട്ടോയിൽ ഒപ്പിടണം. ഈ ഫോട്ടോയും ഒപ്പും അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലെ തന്നെയെന്ന് ഉറപ്പുവരുത്തും. ഇതേ പേജിലെ നിർദിഷ്ടസ്ഥാനങ്ങളിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. റഫ്‌വർക് ചെയ്യാൻ ടെസ്റ്റ് ബുക്‌ലെറ്റിൽ സ‌്ഥലമുണ്ട്. പരീക്ഷയ്ക്കുശേഷം അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപിക്കാൻ മറക്കരുത്.

 പരീക്ഷാഹാളിൽ നിർബന്ധമായും കൊണ്ടുപോകേണ്ടവ: അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ് (12ലെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / സർക്കാർ നൽകിയ മറ്റു തിരിച്ചറിയൽ രേഖ ഇവയിലൊന്ന്). മറ്റു തിരിച്ചറിയൽ രേഖ, അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി, മൊബൈൽ ഫോണിലെ ഇമേജ് മുതലായവ സ്വീകരിക്കില്ല. ഭിന്നശേഷിക്കാരെന്ന നിലയിൽ കൂടുതൽനേരം വേണ്ടവർ ബന്ധപ്പെട്ട വിശേഷ രേഖകൾ കൊണ്ടുചെല്ലണം. 

പരീക്ഷാഹാളിൽ കൊണ്ടുപോകാവുന്ന മറ്റിനങ്ങൾ: സുതാര്യ വാട്ടർബോട്ടിൽ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാനിറ്റൈസർ (50 മില്ലി). പ്രമേഹരോഗമുണ്ടെന്ന തെളിവുണ്ടെങ്കിൽ അത്യാവശ്യത്തിന് പഴങ്ങൾ, ഷുഗർ ടാബ്‌ലറ്റുകൾ എന്നിവ.

പരീക്ഷാഹാളിൽ കയറ്റാൻ അനുവദിക്കാത്തവ: മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപയുക്തികൾ, ഇൻസ്ട്രുമെന്റ്സ്, പെൻസിൽ / ജ്യോമെട്രി ബോക്സ്, ഹാൻഡ് ബാഗ്, വാലറ്റ്, ബ്രേസ്‌ലറ്റ്, പ്ലാസ്റ്റിക് കൂട്, കടലാസുതുണ്ട്, അച്ചടിച്ചതോ എഴുതിയതോ ആയ പാഠങ്ങൾ, സ്റ്റേഷനറി, ഭക്ഷണസാധനങ്ങൾ, ഇയർഫോൺ, മൈക്രോഫോൺ, കൂളിങ് ഗ്ലാസ് (കറുപ്പുകണ്ണട), ഹെൽത്ത് ബാൻഡ്, പേജർ, കാൽക്കുലേറ്റർ, പേന, സ്കെയിൽ, ഡോക്യുപെൻ, സ്ലൈഡ് റൂൾ, ലോഗരിഥം ടേബിൾ, ക്യാമറ, സ്കാനർ, ടേപ് റിക്കോർഡർ, കാൽക്കുലേറ്ററുള്ള ഇലക്ട്രോണിക് വാച്ച്, ലോഹവസ്തുക്കൾ.

മറ്റു കാര്യങ്ങൾ: ഡ്രസ് കോഡ് പാലിക്കണം. അയഞ്ഞ വസ്ത്രങ്ങൾ, നീണ്ട കയ്യുളള ഉടുപ്പുകൾ, വലിയ ബട്ടൺ എന്നിവ അനുവദിക്കില്ല. ഷൂസ് പാടില്ല. കനംകുറഞ്ഞ ചെരിപ്പാകാം. മതാചാരപ്രകാരമുള്ള വിശേഷവസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്കായി 11.15ന് എങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തണം. 1.15 വരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിച്ച്, 1.30നു ഗേറ്റ് അടയ്ക്കുമെന്നാണ് വ്യവസ്ഥയെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാതെ മറ്റുള്ളവരും കാലേകൂട്ടിയെത്തുക.

നിങ്ങളുടെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സൗകര്യം കിട്ടില്ല. പരീക്ഷാഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. ഹാളിൽ കയറുന്നതിനു മുൻപ് എല്ലാവർക്കും പുതിയ എൻ95 മാസ്ക് തരും. ഇതു മാത്രമേ അവിടെ ഉപയോഗിക്കാവൂ.

 ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾപേന ഇൻവിജിലേറ്റർ തരും. അറ്റൻഡൻസ് ഷീറ്റിൽ നിങ്ങളുടെ പേരിനു നേരെ ഒപ്പിട്ട്, സമയവും അമ്മയുടെ പേരുമെഴുതി, ഫോട്ടോ പതിച്ചുകൊടുക്കണം. സുതാര്യ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ടെസ്റ്റ് ബുക്‌ലെറ്റ് 1.50നു കിട്ടും. ടെസ്റ്റ് ബുക്‌ലെറ്റിലെ പേപ്പർസീൽ തുറക്കരുത്. ബുക്‌ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം 1.55നു മാത്രം ഇതു തുറക്കാം. ടെസ്റ്റ് ബുക്‌ലെറ്റും ഒഎംആർ ആൻസർ ഷീറ്റും പുറത്തെടുക്കുക.

 ഒറിജിനൽ, ഓഫിസ് കോപ്പി എന്ന് ഒഎംആറിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെക്കൊടുക്കാനുള്ളവയാണ്. 

 ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും നമ്പറും കോ‍ഡും ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെക്കൊടുത്ത് മാറ്റിവാങ്ങുക. ടെസ്റ്റ് ബുക്‌ലെറ്റിലെ ആദ്യപേജിന്റെ മുകളിൽ കാണിച്ചിട്ടുള്ളത്ര പേജുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിലെ പേജുകൾ ഇളക്കിക്കൂടാ. 

 കൃത്യം 2 മണിക്കു പരീക്ഷ തുടങ്ങുമെന്ന് ഇൻവിജിലേറ്റർ അറിയിക്കും. പരീക്ഷ തീരുമ്പോൾ അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക്‌ലെറ്റ് മാത്രം വിദ്യാർഥിക്കു കൊണ്ടുപോരാം.

English Summary: National Eligibility cum Entrance Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com