ADVERTISEMENT

ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട്, ലോകപ്രശസ്ത സംഗീതജ്ഞൻ ബീഥോവൻ, 19–ാം നൂറ്റാണ്ടിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോയെൻ കിയെക്കഗോത്ത്,  19–ാംനൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും ആയിരുന്ന ഓണോറെ ഡെ ബൽസാക്, യുഎസ് മുൻ പ്രസിഡന്റുമാരായ തോമസ് ജെഫേഴ്സൻ, തിയഡോർ റൂസ്‌വെൽറ്റ്, റൊണാൾഡ് റീഗൻ, അമേരിക്കയിലെ കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, ടൈറ്റാനിക് സിനിമയിലൂടെയും പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായ ലിയനാർഡോ ഡി കാപ്രിയോ, ആക്‌ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാക്കി ചാൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ഷാഹിദ് കപൂർ, കരിഷ്മ കപൂർ, കരീന കപൂർ, ആലിയ ഭട്ട് ഇവരെയെല്ലാം ഒന്നിപ്പിക്കാൻ ഒരു കപ്പ് കാപ്പിക്കു കഴിയും. കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന കാപ്പി മാത്രമാണു മുൻപുണ്ടായിരുന്നതെങ്കിൽ വിവിധയിനം കാപ്പി ഇന്നു ലഭ്യമാണ് – എസ്പ്രെസ്സോ, ലാറ്റെ, ക്യാപുച്ചീനോ, അമേരിക്കാനോ, ഐറിഷ് കോഫി.... പട്ടിക നീളുകയാണ്. കോഫി മെഷീനുകളുടെയും സ്റ്റീമറുകളുടെയും വരവോടെ കാപ്പി ഉണ്ടാക്കുന്നതിൽ തന്നെ വൻ മാറ്റം വന്നു. കാരമൽ, ചോക്ലേറ്റ്, വനില ഫ്ലേവറുകൾക്കു പുറമേ കോഫി സിറപ്പ്, കോഫി ബീൻസ് എന്നിവ ഉപയോഗിച്ചുള്ള കാപ്പിയും ലഭ്യമാണ്. കേരളത്തിൽ കാപ്പിയുടെ വകഭേദമായി ആദ്യമെത്തിയ കോൾഡ് കോഫിക്ക് ഇപ്പോഴുമുണ്ട് ഒട്ടേറെ ആരാധകർ. 

 

സെപ്റ്റംബർ 29 ദേശീയ കാപ്പി ദിനമായി ആചരിക്കുമ്പോൾ ഒക്ടോബർ ഒന്നാണു രാജ്യാന്തര കാപ്പി ദിനം. ഒരു ദിവസത്തെ ഇടവേളയിൽ രണ്ടു കാപ്പിദിനം. ഇൗ വർഷത്തെ കാപ്പി ദിനാചരണത്തിന് ഒരുങ്ങുമ്പോൾ കോഫി സംരംഭകനാകാൻ ക്ഷണിക്കുകയാണു കോഫി ബോർഡ്. 

 

കോഫി സംരംഭകത്വ പരിശീലനം 

ഈ വർഷത്തെ കാപ്പി ദിനാചരണം അടുക്കുന്നതിനിടെ കടുപ്പത്തിലൊരു കാപ്പി കുടിച്ചു കാപ്പി അധിഷ്ഠിത ബിസിനസ്സിന് ഇറങ്ങിയാലോ ? ചോദിക്കുന്നതു മറ്റാരുമല്ല കോഫി ബോർ‍ഡാണ്. ഇന്റർനാഷനൽ കോഫി ഓർഗനൈസേഷനുമായി സഹകരിച്ചു കോഫി ബോർഡ് നടത്തുന്ന കോഫി സംരംഭകത്വ പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. 

 

ഒക്ടോബർ 21 മുതൽ 23 വരെ യുപിയിലെ ലക്നൗവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റിലാണു പരിശീലനം. കാപ്പിയുടെ ഗുണമേന്മ നിർണയം, കാപ്പിപ്പൊടി, വറുത്ത കാപ്പിപ്പരിപ്പ് എന്നിവയുടെ ബിസിനസ് തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കാപ്പിപ്പരിപ്പിൽ നിന്നു വൈവിധ്യമാർന്ന പാനീയങ്ങൾ എങ്ങനെ തയാറാക്കാം, സ്വന്തമായി കഫെ ആരംഭിക്കുമ്പോൾ അറിയേണ്ടതും ഓർക്കേണ്ടതും, കാപ്പിപ്പരിപ്പ് അധിഷ്ഠിത ബിസിനസിന് എങ്ങനെ പിന്തുണ കണ്ടെത്താം എന്നിവയിലാണു ത്രിദിന പരിശീലനം നൽകുന്നത്. ആദ്യം അപേക്ഷിക്കുന്ന 15 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. 10,000 രൂപയും ജിഎസ്ടിയും ഉൾപ്പെടുന്നതാണു ഫീസ്. പരിശീലന ദിവസങ്ങളിലെ ഉച്ചഭക്ഷണ, കാപ്പി എന്നിവയുടെ ചെലവ് ഉൾപ്പെടെയാണു ഫീസ്. താമസ സൗകര്യം സ്വയം കണ്ടെത്തണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ അപേക്ഷകർക്ക് 50 ശതമാനം ഫീസ് ഇളവു ലഭിക്കും. ഇതിന്റെ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. പരിശീലന സമയത്ത് അസ്സൽ സർട്ടിഫിക്കറ്റ് നൽകണം. ഓൺലൈനായി ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.indiacoffee.org, ഇ–മെയിൽ cqd.cofeeboard@gmail.com.https://forms.gle/oGPfcLebSjbcUVmg6 എന്ന ലിങ്കിൽ കയറി റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കാം. 

 

Coffee Entrepreneurship Training Programme In collaboration with International Coffee Organization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com