ADVERTISEMENT

1956ൽ ഒന്നാം ക്ലാസിൽ ചേരുമ്പോൾ കേരളപ്പിറവി വരാൻ പോകുന്നെന്നൊന്നും അറിയില്ലായിരുന്നു. സ്കൂളിൽ അത്തരത്തിൽ എന്തെങ്കിലും ആഘോഷം ഉണ്ടായതായും ഓർക്കുന്നില്ല. തൊടുപുഴ കോലാനി ചുങ്കം സെന്റ് ജോസഫ് എൽപി സ്കൂളിലായിരുന്നു ചേ‍ർന്നത്. തെനങ്കുന്നത്തെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. കല്ലും മണ്ണും നിറഞ്ഞ ഇടവഴികൾ താണ്ടി, പറമ്പുകൾ ചാടിക്കടന്ന്, കൂട്ടുകാർക്കൊപ്പം വെള്ളക്കെട്ടിൽ തുള്ളിക്കളിച്ചായിരുന്നു അവിടേക്കും തിരിച്ചുമുള്ള യാത്ര. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമില്ലാത്ത കൂട്ടുകെട്ടുകൾ. ആശാൻ കളരി കഴിഞ്ഞാണു പള്ളിക്കൂടത്തിൽ ചേരുന്നത്. യൂണിഫോം ഇല്ല. ചെരിപ്പുള്ളവർ തന്നെ കുറവ്. മൂത്ത ചേട്ടൻ വാങ്ങിത്തന്ന റബർ ചെരിപ്പുണ്ടായിരുന്നു എനിക്ക്. വിശാലമായ പാടശേഖര‌ത്തിന്റെ നടുവിലായിരുന്നു ഞങ്ങളുടെ എൽപി സ്കൂൾ. അതിന്നുമുണ്ട്. 

 

അക്കാലത്തു ഫോട്ടോ എടുക്കൽ അത്യപൂർവം. ആദ്യ കുർബാന സ്വീകരണത്തിനു മാത്രമേ ഫോട്ടോ എടുക്കുന്നതു കണ്ടിട്ടുള്ളൂ. അപ്പച്ചൻ ചാണ്ടി എ. പാറയിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. സ്നേഹസമ്പന്നനെങ്കിലും വലിയ കണിശക്കാരൻ. അമ്മച്ചി റോസി നേരെ മറിച്ചാണ്. ഫ്ലെക്സിബിളും ഫാഷനബിളും ആയിരുന്നു. അമ്മച്ചി നന്നായി വസ്ത്രം തയ്ക്കും. അതുകൊണ്ടു നൈലക്സ് ഉടുപ്പൊക്കെയാണു ചെറുപ്പത്തിൽ ഇട്ടിരുന്നത്. മുടി അൽപം മുൻപോട്ടിറക്കി മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിത്തന്നിരുന്നു അമ്മച്ചി. കുട്ടിക്കാലത്തു കുടിച്ച ആട്ടിൻപാലിന്റെ കരുത്താകാം ഈ പ്രായത്തിലും തളരാതെ മുന്നോട്ടു നയിക്കുന്നതെന്നു തോന്നാറുണ്ട്. വീട്ടിൽ ആടിനെ കറക്കുമ്പോൾ പച്ചപ്പാൽ ചൂടോടെ കുടിക്കുമായിരുന്നു. ഞങ്ങൾ കുട്ടികൾ അതിനു വേണ്ടി ഗ്ലാസിൽ പഞ്ചസാരയിട്ട് ആട്ടിൻ കൂടിനു മുൻപിൽ കാത്തു നിൽക്കുക പതിവായിരുന്നു.

English Summary : School re opening story by Rajini Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com