എസ്എസ്എൽസി, പ്ലസ്ടു ചോദ്യപ്പേപ്പർ ഘടന: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ

HIGHLIGHTS
  • ഉയർന്ന ഗ്രേഡുകാരുടെ എണ്ണം കുറയ്ക്കാനുള്ള ‘സർജിക്കൽ സ്ട്രൈക്ക്
students-tense-over-changes-in-sslc-plus-two-question-paper-patterns
SHARE

തിരുവനന്തപുരം∙ എസ്എസ് എൽസി, പ്ലസ്ടു പരീക്ഷയുടെ  (SSLC, Plus Two )ചോദ്യപ്പേപ്പർ ഘടന പുറത്തുവന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും മാർക്കും 70% ആയി പരിമിതപ്പെടുത്തി 30% മാർക്ക് നോൺ ഫോക്കസ് ഏരിയയിൽനിന്നു മാത്രമാക്കിയ പരിഷ്കാരമാണു വിദ്യാർഥികളെ വെട്ടിലാക്കിയത്.  

അധ്യയനവർഷം തുടങ്ങുമ്പോൾ ഇത്തരം ഒരു പരിഷ്കാരം വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നില്ല. അതിനാൽ കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചായിരുന്നു പഠനം. പരീക്ഷയ്ക്കു രണ്ടു മാസം മാത്രം ശേഷിക്കെയാണ് നോൺ ഫോക്കസ് ഏരിയയ്ക്കും പരീക്ഷയിൽ കാര്യമായ പരിഗണന ഉണ്ടാകുമെന്നു വ്യക്തമാകുന്നത്. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്നവർക്ക് എ ഗ്രേഡ് പോലും (80% മാർക്കിനു മുകളിൽ) നേടാനാവില്ല. 

രണ്ടര മാസം മുൻപാണു സ്കൂളുകൾ തുറന്നത്. പൂർണ തോതിൽ ക്ലാസുകൾ നടന്നതുമില്ല. ഇപ്പോൾ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വീണ്ടും ക്ലാസുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പാഠപുസ്തകത്തിന്റെ 60% പാഠങ്ങൾ ഉൾപ്പെടുന്ന ഫോക്കസ് ഏരിയ തന്നെ പരീക്ഷയ്ക്കു മുൻപു പഠിപ്പിച്ചു തീർക്കാനാവാത്ത സാഹചര്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.  ക്ലാസുകൾ വേണ്ടവിധം നടക്കാത്തതിനാൽ പഠിപ്പിച്ച പാഠങ്ങൾ തന്നെ ഹൃദിസ്ഥമാക്കാൻ ഭൂരിഭാഗം വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. 

കഴിഞ്ഞ വർഷം പാഠപുസ്തകത്തിന്റെ 40% പാഠങ്ങളായിരുന്നു ഫോക്കസ് ഏരിയയെങ്കിൽ ഇത്തവണ 60% ആയി വർധിപ്പിച്ചിരുന്നു. ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾ 80ൽ നിന്ന് 70% ആയി കുറച്ച് 30% പൂർണമായും നോൺ ഫോക്കസ് ഏരിയയിൽ നിന്നാക്കാൻ തീരുമാനിച്ചത് കഴിഞ്ഞ മാസമാണ്. ഓപ്ഷനലായി ഉൾപ്പെടുന്ന അധിക ചോദ്യങ്ങൾ 100 ശതമാനത്തിൽ നിന്ന് 50% ആയി കുറയ്ക്കുകയും ചെയ്തു. അയഞ്ഞ സമീപനം സ്വീകരിച്ച കഴിഞ്ഞ വർഷം എ പ്ലസ് ഗ്രേഡുകാരുടെ എണ്ണം കുതിച്ചുയർന്നതു മൂലമുള്ള പ്രതിസന്ധി പരിഗണിച്ചാണ് ഇത്തവണ ഉയർന്ന ഗ്രേഡുകാരുടെ എണ്ണം കുറയ്ക്കാനുള്ള ‘സർജിക്കൽ സ്ട്രൈക്ക്’.  

പാഠപുസ്തകം സമഗ്രമായി പഠിക്കുന്നവർക്കു മാത്രം ഉന്നത ഗ്രേഡുകൾ ലഭിക്കുകയുള്ളൂ എന്നത് പഠന നിലവാരം വർധിപ്പിക്കുമെന്നാണ് ഈ പരിഷ്കാരത്തിന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിരത്തുന്ന ന്യായീകരണം. എന്നാൽ പരീക്ഷയുടെ പടിവാതിൽക്കൽ ഇത്തരം പരിഷ്കാരങ്ങൾ വിദ്യാർഥികളോടുള്ള ചതിയാണെന്ന് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. ഈ പരിഷ്കാരം പിൻവലിക്കണമെന്ന് ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു.

Content Summary : Students tense over changes in SSLC, Plus-Two question paper patterns

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA