ADVERTISEMENT

എവിടെയിരുന്ന് ഒരാള്‍ തൊഴിലെടുക്കുന്നു എന്നതിനെ അപ്രസക്തമാകുന്ന ‘ലൊക്കേഷന്‍ അഗ്നോസ്റ്റിക്’ തൊഴില്‍ സംസ്കാരമാണ് ഇനി വരാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനും ഓഫ് ലൈനും സംയോജിക്കുന്ന ഹൈബ്രിഡ് തൊഴില്‍ സമീപനത്തിലേക്ക് പുതു വര്‍ഷത്തില്‍ കൂടുതല്‍ കമ്പനികള്‍  മാറുമെന്നാണ് സൂചന. പല ജീവനക്കാരും തങ്ങളുടെ ഹോം ടൗണില്‍ ഇരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തില്‍ ടയര്‍-2 നഗരങ്ങളില്‍ ചെറിയ ഓഫീസുകള്‍ തുടങ്ങാനും കോ-വര്‍ക്കിങ് സ്പേസുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും കൂടുതല്‍ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നതായി മോണ്‍സ്റ്റര്‍.കോം അടുത്തിടെ പുറത്ത് വിട്ട വാര്‍ഷിക തൊഴില്‍ ട്രെന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇത് മൂലം ടയര്‍-2 നഗരങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതല്‍ ഡിമാന്‍ഡ് 

വരും മാസങ്ങളില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കമ്പനികൾ പുറത്ത്  കടക്കുന്നതാണ് 2021ല്‍ കണ്ടതെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളാണ് 2022 കരുതി വയ്ക്കുന്നതെന്ന് മോണ്‍സ്റ്റര്‍.കോം സിഇഒ ഷേഖര്‍ ഗാരിസ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഐടി, ഫിന്‍ടെക്, ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് , ക്രിപ്റ്റോ തുടങ്ങി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ തുടര്‍ന്നും അഭിവൃദ്ധിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോണ്‍സ്റ്റര്‍.കോം വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് തൊഴില്‍ രംഗത്ത് 2022ല്‍ പ്രതീക്ഷിക്കാവുന്ന മറ്റ് ട്രെന്‍ഡുകള്‍ ഇനി പറയുന്നവയാണ്.

1. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ് തൊഴില്‍ ആവശ്യകത വളരും

കോവിഡിന് ശേഷം കൂടുതല്‍ മേഖലകള്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവയിലെ തൊഴില്‍ ആവശ്യകത 2022ലും വളരുമെന്നുറപ്പാണ്. 2023 വരെ ഈ മേഖലകളിലെ പഠനത്തിനായുള്ള ഇന്ത്യയിലെ നിക്ഷേപം പ്രതിവര്‍ഷം 33.49 ശതമാനം വച്ച് വളരുമെന്നാണ് കണക്കാക്കുന്നത്. 

2. കസ്റ്റമര്‍ സേവനങ്ങൾക്ക്  കൂടുതല്‍ ചാറ്റ് ബോട്ടുകള്‍

ഇന്ത്യയിലെ നല്ലൊരു ശതമാനം കമ്പനികളും ഇപ്പോള്‍ തന്നെ കസ്റ്റര്‍ സേവനങ്ങൾക്ക് ചാറ്റ്ബോട്ടുകള്‍ നടപ്പാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ഡൗണും ക്വാറന്‍റീനുമായി ജീവനക്കാര്‍ക്ക് വരാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ ചാറ്റ് ബോട്ടുകള്‍ വഴിയാണ് പല കമ്പനികളും കസ്റ്റമര്‍ സര്‍വീസ് സേവനങ്ങള്‍ തുടര്‍ന്നത്.  2022ല്‍ സ്ഥാപനങ്ങളുടെ കസ്റ്റമര്‍ സഹായ സേവനങ്ങളുടെ 45 ശതമാനവും ചാറ്റ് ബോട്ടുകള്‍ വഴിയാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

3. ഫിന്‍ടെക് സ്ഥാപനങ്ങളുടെ വളര്‍ച്ച

അതിവേഗം വളരുന്ന ഇന്ത്യയിലെ ഫിന്‍ടെക് വിപണി 2025 ഓടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യയുടെ വർധിച്ച ഉപയോഗം വഴി ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്കും 2022ല്‍ മികച്ച വളര്‍ച്ച സാധ്യതകളാണ് ഉള്ളത്. 

4. ഐടിയിലും തൊഴില്‍ ആവശ്യകത ഉയരും

കോവിഡ് മഹാമാരിക്കിടെ കൂടുതല്‍ റിക്രൂട്ട്മെന്‍റ് നടത്തിയ ഇന്ത്യയിലെ ഐടി വ്യവസായം ആ  ട്രെന്‍ഡ് 2022ലും തുടരും. ഈ വര്‍ഷം 7 ശതമാനം വളര്‍ച്ച ഐടി മേഖലയ്ക്കുണ്ടാകുമെന്ന് കരുതപ്പെടുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ നാലര ലക്ഷത്തോളം പുതിയ ജീവനക്കാരെ ഐടി വ്യവസായത്തില്‍ ജോലിക്കെടുക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 

5. ബിഗ് ഡേറ്റ അനലറ്റിക്സിലും വളര്‍ച്ച

ബിഗ് ഡേറ്റ അനലറ്റിക്സുമായി ബന്ധപ്പെട്ട് ശേഷികളുള്ള പുതിയ ജീവനക്കാരെ ജോലിക്കെടുക്കാന്‍ 96 ശതമാനം കമ്പനികളും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022ല്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലിയായും ബിഗ് ഡേറ്റ അനലറ്റിക്സ് മാറിയേക്കാം. ഡേറ്റ സയന്‍സ്, ക്ലൗഡ് കംപ്യൂടിങ്, മെഷീന്‍ ലേണിങ് ജോലികളാകും ഇ-റിക്രൂട്മെന്‍റ് വിപണയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത്. 

6. ഡിജിറ്റല്‍ ശേഷികളുള്ള ജീവനക്കാര്‍ക്കും ആവശ്യകത

ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ക്രിപ്റ്റോ തുടങ്ങിയ വ്യവസായങ്ങളില്‍ ഡിജിറ്റല്‍ ശേഷികളുള്ള പ്രഫഷണലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കും. ബ്ലോക്ക് ചെയിന്‍, ഡേറ്റ സയന്‍സ്, ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്ങ് തുടങ്ങിയവയില്‍ നിപുണരായ ജീവനക്കാരെ തേടിയാകും കമ്പനികള്‍ പുതു വര്‍ഷത്തില്‍ പരക്കം പായുക. 

7. സെയില്‍സ് പ്രഫഷണലുകള്‍ക്കും നല്ല കാലം

പല മേഖലകളിലും പ്രത്യേകിച്ച് ഫിന്‍ടെക്, റീട്ടെയ്ല്‍, ഇ-കൊമേഴ്സ്, സോഷ്യല്‍-കൊമേഴ്സ് പോലുള്ള വ്യവസായങ്ങളില്‍ സെയില്‍സ് പ്രഫഷണലുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നും മോണ്‍സ്റ്റര്‍.കോം റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

8. ഫ്രഷര്‍മാരുടെ റിക്രൂട്ട്മെന്‍റ് വര്‍ദ്ധിക്കും

2021ന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയ ഫ്രഷര്‍മാര്‍ക്കുള്ള റിക്രൂട്ട്മെന്‍റ് വര്‍ദ്ധിച്ചിരുന്നു. 2022ലും ഇത് തുടരുമെന്നാണ് കരുതുന്നത്. സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം കുതിച്ചുയരുന്നത് ഫ്രഷർമാരുടെ  റിക്രൂട്ട്മെന്‍റിന് കരുത്ത് പകരുന്ന സംഗതിയാണ്.

Content Summary :  Jobs and hiring trends 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com