സൗജന്യമായി കെ-ഡിസ്ക് ബ്ലോക് ചെയിന്‍ കോഴ്സ് പഠിക്കാം; മികച്ച കരിയര്‍ സ്വന്തമാക്കാം

HIGHLIGHTS
  • 100 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കുക വനിതകള്‍ക്ക്, ആണ്‍കുട്ടികള്‍ക്ക് 70% സ്കോളര്‍ഷിപ്പ് ലഭിക്കും
  • പ്രവേശന പരീക്ഷ മാർച്ച് 5ന് നടക്കും
  • അപേക്ഷകള്‍ ഫെബ്രുവരി 26 മുമ്പ് www.abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം
  • കൂടുതല്‍ വിവരങ്ങള്‍ക്ക് : 7594051437, 0471– 2700813
K-DISC-04
SHARE

പുതിയ കാലഘട്ടത്തില്‍ ഏറെ പ്രധാന്യമുള്ള ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്‍റ്, ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യകളില്‍ വൈദഗ്ദ്ധ്യം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കി കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്). എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്മെന്‍റ് കോഴ്സ്  സ്കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് കെ-ഡിസ്ക് ഒരുക്കുന്നത്. ഫുള്‍സ്റ്റാക്ക്, ബ്ലോക്ക് ചെയിന്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായുള്ള സര്‍ട്ടിഫിക്കേഷനുകളാണ് എബിസിഡി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐസിറ്റി അക്കാദമി ഓഫ് കേരള, കേരള ഡിജിറ്റല്‍ സർവകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി എന്നിവര്‍ സംയുക്തമായി നടത്തുന്ന കോഴ്സില്‍ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന വനിതകള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക്  70 ശതമാനവും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.

ആഗോളതലത്തില്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയ പുത്തന്‍ സാങ്കേതികവിദ്യ രംഗത്തെ തൊഴില്‍ സാധ്യത പെണ്‍കുട്ടികള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് 100 ശതമാനം സ്കോളര്‍ഷിപ്പോടെ എബിസിഡി കോഴ്സ് പഠിക്കാന്‍ അവസരമൊരുക്കുന്നത്.

മാറിയ കാലഘട്ടത്തില്‍ വിവിധ രംഗങ്ങളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം വിദഗ്ദ്ധരെ ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പുത്തന്‍ സാങ്കേതിക വിദ്യ ഒരുക്കുന്ന തൊഴില്‍ അവസരവും ഏറെ വലുതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യത്തിന്‍റെയും സര്‍ക്കാരിന്‍റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. അതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തൊഴില്‍ വിപണിയില്‍ മൂല്യം കൂടും.

ksdic-.course-fee

വെബ് ആപ്ലിക്കേഷന്‍ രംഗത്തെ ഓള്‍റൗണ്ടറാകാന്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്‍റ്

വെബ് ആപ്ലിക്കേഷന്‍ രംഗത്ത് എല്ലാ മേഖലയിലും മികവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ കോഴ്സാണ് ഫുള്‍സ്റ്റാക് ഡെവലപ്പ്മെന്‍റ്. ഒരു വെബ് ആപ്ലിക്കേഷന്‍റെ ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും സമര്‍ഥമായി വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ളവരെയാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ എന്ന് വിളിക്കുന്നത്. ഫ്രണ്ട് എന്‍ഡ് ഡെവലപ്പറെയും ബാക്ക് എന്‍ഡ് ഡെവലപ്പറെയും പോലെ നിശ്ചിതമായ ജോലികളില്‍ മാത്രം ഒതുങ്ങാതെ ഒരു വെബ് ആപ്ലിക്കേഷന്‍ പൂര്‍ണമായും ഡിസൈന്‍ ചെയ്യാനും വികസിപ്പിച്ചെടുക്കാനും കഴിവുള്ളവരാകും ഇക്കൂട്ടര്‍. ജിമെയില്‍, ഫെയ്സ്ബുക്ക്, ആമസോണ്‍ മുതലായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നാം കാണുന്ന വിവരങ്ങളടങ്ങുന്നതാണ് ഫ്രണ്ട് എന്‍ഡ്. അതേസമയം ഉപഭോക്താക്കള്‍ സൈറ്റില്‍ കാണുന്ന വിവരങ്ങള്‍ പിന്നാമ്പുറമായി കൈമാറ്റം ചെയ്യപ്പെടുകയും അവ ഡാറ്റാബേസില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് ബാക്ക് എന്‍ഡില്‍ സംഭവിക്കുന്നത്.

ഫുള്‍സ്റ്റാക്ക് വിവിധതരം

ഫ്രണ്ട് എന്‍ഡിലും ബാക്ക് എന്‍ഡിലും ഡാറ്റാബേസില്‍ വിവരങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കുന്ന സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ വിവിധതരം ഫുള്‍സ്റ്റാക്കുകള്‍ ഉണ്ടെങ്കിലും  MEAN സ്റ്റാക്ക്, MERN സ്റ്റാക്ക്, MEVN സ്റ്റാക്ക്, LAMP സ്റ്റാക്ക് എന്നിവയാണ് ഏറെ പ്രചാരമുള്ളവ.

MEAN സ്റ്റാക്കില്‍ ANGULAR സാങ്കേതിക വിദ്യയാണ് ഫ്രണ്ട് എന്‍ഡിന് വേണ്ടിയുള്ളത്, ബാക്ക് എന്‍ഡില്‍ NodeJS, Express JS എന്നിവയും, ഡാറ്റാബേസിനായി MongoDBയുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം MERN, MEVN തുടങ്ങിയ സ്റ്റാക്കുകളില്‍, ANGULAR ന് പകരം ReactJS, VueJS തുടങ്ങിയവയാണുള്ളത്. Linux, Apache, MySQL, PHP മുതലായ സാങ്കേതികതകള്‍ ഉപയോഗിച്ചുള്ള ക്ലാസിക്ക് സ്റ്റാക്ക് വിദ്യയാണ് LAMP.

ksdic.-learning-path

വെര്‍ച്വല്‍ ഇന്‍റേണ്‍ഷിപ്പ്

ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്‍റ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് ടിസിഎസ് അയോണില്‍ വെല്‍ച്വല്‍ ഇന്‍റേണ്‍ഷിപ്പ് സൗകര്യം ഉണ്ടായിരിക്കും.

എന്താണ് ബ്ലോക്ക് ചെയിന്‍? 

ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയെ കുറിച്ച് അത്ര പരിചയമില്ലെങ്കിലും ഇന്നത്തെ കാലത്ത് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമാകും. അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക രംഗത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കിയ ക്രിപ്റ്റോ കറന്‍സിക്ക് ബ്ലോക് ചെയിന്‍ അധിഷ്ഠിതമാണെന്ന് തിരിച്ചറിയുമ്പോഴാണ് ഈ ടെക്നോളജിയുടെ പ്രാധാന്യം നമുക്ക് മനസിലാകുക.

ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിനെ ബ്ലോക്ക് എന്നു വിളിക്കാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികള്‍ക്ക് ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങള്‍ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റല്‍ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.

ആഗോളതലത്തില്‍ തന്നെ ബ്ലോക്ക് ചെയിന്‍വഴി ആയിരക്കണക്കിനു സെര്‍വറുകളില്‍ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാനും കഴിയും.

ത്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം

ബ്ലോക്ക് ചെയിന്‍ കോഴ്സിനെ അസോസിയേറ്റ്, ഡവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ 3 ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാം.

1. ബ്ലോക്ക്ചെയിന്‍ അസോസിയേറ്റ് ട്രെയിനിങ്

ബ്ലോക്ക് ചെയിന്‍ െഡവലപ്പര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ആദ്യ ചവിട്ടുപടിയാണ് അസോസിയേറ്റ് ട്രെയിനിങ് പ്രോഗ്രാം. െഡവലപ്പര്‍ അല്ലാത്തവര്‍ക്കും ബിസിനസുകാര്‍ക്കും നിലവിലുള്ള ബിസിനസ് പരിവര്‍ത്തനം ചെയ്യുന്നതില്‍  ബ്ലോക്ക് ചെയിന്‍റെ  സാധ്യതകള്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് നികുതി കൂടാതെ 3000 രൂപയാണ് ഫീസ്.

2. ബ്ലോക്ക്ചെയിന്‍ ഡവലപ്പര്‍ ട്രെയിനിങ്

എബിസിഡി കോഴ്സിന്‍റെ രണ്ടാം ഘട്ടമാണ് െഡവലപ്പര്‍. ബ്ലോക് ചെയിനെ കുറിച്ച് ധാരണയുള്ളവര്‍ക്കും  അസോസിയേറ്റ് പ്രോഗ്രാം പാസായവര്‍ക്കും ബ്ലോക് ചെയിന്‍ െഡവലപ്പറാകുവാന്‍ സഹായിക്കുന്ന രീതിയിലാണ് കോഴ്സിന്‍റെ രൂപകല്‍പ്പന.

ഹൈപ്പര്‍ ലെഡ്ജര്‍ ഫാബ്രിക്, എഥീറിയം െഡവലപ്പര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് െഡവലപ്പര്‍ ട്രെയിനിങ് കോഴ്സ് നടത്തുന്നത്. വിദ്യാർഥികളുടെ താത്പര്യപ്രകാരം ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.  90 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന്  8000 രൂപയാണ് ഫീ.

K-DISC-05

3.ബ്ലോക് ചെയിന്‍ ആര്‍ക്കിടെക് ട്രെയിനിങ്

എബിസിഡി കോഴ്സിന്‍റെ ഏറ്റവും ഉയര്‍ന്നതലത്തിലുള്ള പ്രോഗ്രാമാണിത്. െഡവലപ്പര്‍ പ്രോഗ്രാം പൂര്‍ത്തീകരിച്ചവര്‍ക്ക് അനുയോജ്യമായ കോഴ്സാണ് ബ്ലോക്ക് ചെയിന്‍ ആര്‍ക്കിടെക്ച്ചര്‍. കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയുടെ ലൈവ് പ്രോജക്ടില്‍ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ െഡവലപ്പര്‍മാര്‍ക്ക് അവസരം ലഭിക്കുന്നുവെന്നതാണ് കോഴ്സിന്‍റെ പ്രത്യേകത. പ്രോജക്ടിന്‍റെ ഭാഗമാകുന്നതോടെ െഡവലപ്പര്‍മാര്‍ക്ക് ബ്ലോക്ക് ചെയിന്‍റെ എല്ലാ വശങ്ങളെ കുറിച്ചുമുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് കരസ്ഥമാക്കുവാന്‍ സാധിക്കുന്നു. ബ്ലോക്ക് ചെയിന്‍ ആര്‍ക്കിടെക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി ലൈവ് പ്രോജക്ടില്‍ കുറഞ്ഞത് എട്ട് ആഴ്ച്ചയെങ്കിലും പ്രവര്‍ത്തിക്കണം. എട്ട് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന കോഴ്സില്‍ 10000 രൂപയാണ് ഫീ.

തൊഴില്‍ സാധ്യത

പുത്തന്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വ്യവസായിക മേഖല മാറ്റത്തിന്‍റെ പാതയിലാണ്. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങളാണ് ഇപ്പോള്‍ ഫുള്‍സ്റ്റാക് ഡെവലപ്പറെ കാത്തിരിക്കുന്നത്. ഐടി മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ കോഴ്സാണിത്. ഇന്ത്യയില്‍ ഫുള്‍ സ്റ്റാക്ക് ഡെവലപ്പേഴ്സിന് ലഭിക്കുന്ന പ്രതിവര്‍ഷ സാലറി 6 മുതല്‍ 8 ലക്ഷം വരെയാണ്.

കൃഷി മുതല്‍ ആരോഗ്യ മേഖലയില്‍ വരെ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ ഈ മേഖലയിലെ വിദഗ്ദ്ധരെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങളാണ്. ക്രിപ്റ്റോ കറന്‍സിയുടെ കടന്നുവരവോടെ സാമ്പത്തിക മേഖലയില്‍ കരുത്താര്‍ജ്ജിച്ച ബ്ലോക്ക് ചെയിന്‍ ടെക്നോളജി രംഗത്ത് ജപ്പാന്‍, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍  ഇപ്പോള്‍ തന്നെ ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ് ഉള്ളത്. കൂടാതെ, പുതിയകാലഘട്ടത്തില്‍ ഫിന്‍ടെക് കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും കൂടുതലായി രൂപപ്പെടുന്നതും പരിശീലനം നേടുന്നവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ബാങ്കുകള്‍, ലോജിസ്റ്റിക് കമ്പനികള്‍, ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും ബ്ലോക്ക് ചെയിന്‍ വിദഗ്ദ്ധര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

പ്ലേസ്മെന്‍റ്

ഐസിറ്റി അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ 525 വിദ്യാർഥികള്‍ക്ക് ബ്ലോക്ക് ചെയിന്‍ മേഖലയിലെ ലോകത്തെ മുന്‍നിര കമ്പനികളില്‍ ഇതിനോടകം പ്ലേസ്മെന്‍റ് ലഭിച്ചിട്ടുണ്ട്. െഡവലപ്പര്‍ കോഴ്സ് പൂര്‍ത്തീകരിച്ചവരില്‍ 70 ശതമാനവും ആര്‍ക്കിടെക്ച്ചര്‍ കോഴ്സ് പൂര്‍ത്തീകരിച്ചവരില്‍ 78 ശതമാനവും പ്ലേസ്മെന്‍റ് നേടിയുണ്ട്. ലോകത്തെ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടെ നൂറോളം കമ്പനികള്‍ റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്തിട്ടുണ്ട്.

K-DISC-03

പഠനം ഓണ്‍ലൈനില്‍

ഓണ്‍ലൈനായി സംഘടിപ്പിച്ചിരിക്കുന്ന ക്ലാസില്‍ രാജ്യത്തിന്‍റെ ഏതു കോണിലുള്ള വിദ്യാർഥികള്‍ക്കും കോവിഡ് കാലഘട്ടത്തില്‍ സുരക്ഷിത സ്ഥാനത്തിരുന്നു ക്ലാസില്‍ പങ്കെടുക്കാമെന്നതാണ് കോഴ്സിന്‍റെ പ്രത്യേകത. വിദഗ്ദ്ധരുടെ ലൈവ് ക്ലാസുകള്‍ക്കൊപ്പം റെക്കോഡഡ് ക്ലാസുകളും ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ പഠനം സജ്ജമാക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവെക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

പ്രവേശന രീതി

എന്‍ജിനീയറിങ് സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ന്യൂമറിക്കല്‍ എബിലിറ്റി,ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.

പ്രവേശന പരീക്ഷ മാർച്ച് 5ന് നടക്കും. അപേക്ഷകള്‍ ഫെബ്രുവരി  26 മുമ്പ് www.abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :7594051437, 0471–2700813.

Content Summary: K-DISC Block Chain Course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS