ADVERTISEMENT

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇന്നുമുതൽ 25 വരെ അപേക്ഷിക്കാം. 2021- 22 വർഷത്തെ പ്രവേശനമാണിത്. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണ് റാങ്കിങ്ങും പ്രവേശനവും.

 

വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒറ്റ അപേക്ഷ മതി. ജനറൽ അപേക്ഷകരും സർവീസ് ക്വോട്ടക്കാരും 400 രൂപ അപേക്ഷാഫീ നൽകണം; പട്ടികവിഭാഗക്കാർ 200 രൂപ. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തുസൂക്ഷിക്കുക. ചലാൻ ഉപയോഗിച്ച് ബാങ്കിൽ പണമടയ്ക്കാനും സൗകര്യമുണ്ട്. വിശദനിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. സർവീസ് ക്വോട്ടക്കാർ ട്രഷറിയിൽ ഫീസ് അടയ്ക്കുന്നതടക്കമുള്ള വിശേഷ നിബന്ധനകൾ പാലിക്കണം.

 

കോഴ്‌സുകൾ

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോ തെറപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഓഫ്‌താൽമിക് അസിസ്‌റ്റൻസ്, ഡെന്റൽ മെക്കാനിക്‌സ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി, കാർഡിയോ വാസ്‌ക്യുലർ ടെക്‌നോളജി, ന്യൂറോടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്‌റ്റൻസ്, റെസ്‌പിറേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്മെന്റ് ടെക്‌നോളജി.

 

ഉപകരണങ്ങൾ മാലിന്യങ്ങൾ നീക്കി, ശുദ്ധീകരിച്ച്, അണുവിമുക്തമാക്കി സൂക്ഷിച്ച് ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യാനുസരണം അയച്ചുകൊടുക്കുന്ന ചുമതലയാണ് സ്റ്റെറൈൽ സപ്ലൈയ്ക്കുള്ളത്.

 

ഫാർമസി കോഴ്സ് രണ്ടേകാൽ വർഷവും ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി എന്നിവ രണ്ടര വർഷവും റേഡിയോ ഡയഗ്‌നോസിസ് & റേഡിയോ തെറപ്പി ടെക്നോളജി കോഴ്സ് മൂന്നു വർഷവുമാണ്. മറ്റുള്ളവ രണ്ടു വർഷം.

 

യോഗ്യത

ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. ഫാർമസി കോഴ്സിന് ബയോളജിക്കു പകരം മാത്‌സ് ആയാലും മതി. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചവരില്ലെങ്കിൽ, മറ്റു വിഷയക്കാരെയും പരിഗണിക്കും. ഐച്ഛികവിഷയങ്ങൾക്ക് 40% മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35%. ഫാർമസി കോഴ്സിന് മിനിമം മാർക്കില്ല. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനൊഴികെ വിഎച്ച്എസ്ഇക്കാർക്കും അവസരമുണ്ട്.

 

സർവീസ് ക്വോട്ടക്കാരൊഴികെ എല്ലാവർക്കും 2021 ഡിസംബർ 31ന് 17 വയസ്സു തികയണം; 35 കവിയരുത്. ആർക്കും വയസ്സിളവില്ല. പക്ഷേ ഡിഫാം മാനേജ്മെന്റ് ക്വോട്ടയ്ക്കു മാത്രം ഉയർന്ന പ്രായപരിധിയില്ല.

 

നോമിനികൾ, വിഎച്ച്‌എസ്‌ഇ, സാനിറ്ററി ഇൻസ്‌പെക്ടർ, സ്‌പോർട്‌സ്, വിമുക്‌തഭടർ മുതലായ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. പ്രഫഷനൽ കോഴ്‌സുകൾക്കുള്ള കേരളസർക്കാരിന്റെ സംവരണ വ്യവസ്ഥകൾ പാലിക്കും. സിലക്‌ഷനും അലോട്മെന്റും നടത്തുന്നത് ഓൺലൈൻ ഓപ്ഷൻ സമർപ്പണം വഴിയാണ്.

 

സ്ഥാപനങ്ങളും സീറ്റുകളുമടങ്ങിയ ലിസ്റ്റ് ഒന്നാം അനുബന്ധത്തിലുണ്ട്. ഇത്തവണത്തെ സീറ്റ്‌വിവരങ്ങളും ഫീസ്നിരക്കുകളും അലോട്മെന്റിനു മുൻപു പ്രസിദ്ധപ്പെടുത്തും. സർവീസ് കാൻഡിഡേറ്റ്‌സിനെ സംബന്ധിച്ച നിബന്ധനകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്. സിലക്‌ഷന്റെ ചുമതല വഹിക്കുന്നത് LBS Centre for Science & Technology, Palayam, Thiruvananthapuram - 695033; ഫോൺ : 0471-2560364.

 

Content Summary: Paramedical Diploma Courses Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com