ADVERTISEMENT

പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക അട്ടിമറിച്ചെന്നാരോപിച്ച് ഒരു വിഭാഗം അധ്യാപകർ മൂല്യനിർണയ ക്യാംപുകൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആദ്യദിനം തന്നെ ക്യാംപുകൾ തടസ്സപ്പെട്ടത്.

 

ഇത്തവണ പ്ലസ്ടുവിന് ഏറ്റവും വലച്ചത് കെമിസ്ട്രി പരീക്ഷയായിരുന്നു. പകുതിയിലധികം ചോദ്യങ്ങളും ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട മൂന്നു പാഠഭാഗങ്ങളിൽനിന്നു മാത്രമായിരുന്നു. സിലബസിനു പുറത്തുനിന്നും ഒരു ചോദ്യമുണ്ടായിരുന്നു.

 

എസ്‌സിഇആർടിയുടെ മേൽനോട്ടത്തിൽ ചോദ്യക്കടലാസ് തയാറാക്കുന്നയാൾ തന്നെ ഉത്തരസൂചികയും നൽകാറുണ്ട്. ഇതു പരീക്ഷയ്ക്കുശേഷം തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്വത്തിൽ പരിശോധിക്കും. അങ്ങനെ അധ്യാപക സമിതി തയാറാക്കിനൽകുന്ന ഉത്തര സൂചികയാണ് പരീക്ഷാ ബോർഡ് ചെയർമാന്റെയും പരീക്ഷാ സെക്രട്ടറിയുടെയും അംഗീകാരത്തോടെ മൂല്യനിർണയത്തിനു നൽകുന്നത്. ചോദ്യക്കടലാസ് സംബന്ധിച്ചു കുട്ടികളുടെ ആശങ്ക പരിഹരിക്കുന്ന തരത്തിലുള്ള ഉദാരസമീപനം വേണമെന്ന നിലപാടിലായിരുന്നു ഇത്തവണ കെമിസ്ട്രിഉത്തരസൂചിക പരിശോധിച്ച അധ്യാപക സമിതി. എന്നാൽ ഇതു തള്ളി ചോദ്യകർത്താവ് തയാറാക്കിയ ഉത്തരസൂചിക തന്നെ മൂല്യനിർണയത്തിനു നൽകിയതാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണമായത്. 

 

ചോദ്യക്കടലാസ് പോലെ കഠിനമായ ഈ ഉത്തരസൂചിക അനുസരിച്ചു മൂല്യനിർണയം നടത്തിയാൽ നല്ലൊരു വിഭാഗം വിദ്യാർഥികളും തോൽക്കുമെന്നാണ് മൂല്യനിർണയത്തിനു നിയോഗിക്കപ്പെട്ട അധ്യാപകരുടെ വിമർശനം. ഉത്തരസൂചിക അട്ടിമറിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കിയ പരീക്ഷാ സെക്രട്ടറിയുടെ നടപടി അന്വേഷിക്കണമെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു.

 

ഉത്തരസൂചികയുമായി ബന്ധപ്പെട്ട അവ്യക്തത നീക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കെഎച്ച്എസ്ടിയു പ്രസിഡന്റ് ഒ.ഷൗക്കത്തലിയും ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീലും പറഞ്ഞു. മൂല്യനിർണയ ക്യാംപുകൾ തടസ്സപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നു കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജ് പറഞ്ഞു.

Content Summary: Plus Two Examination: Answer Paper Valuation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com