ADVERTISEMENT

ബിസിനസ്സ് പച്ചപിടിച്ച് ജീവിതം നന്നാക്കുന്നതിനെക്കുറിച്ച് ദാസനും വിജയനും ഏറെ സ്വപ്നം കാണുന്നുണ്ട് നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ. മലർപ്പൊടിക്കാരന്റെ കിനാവു പോലെ അത് തകർന്നു പോകുന്നുണ്ടെങ്കിലും ജീവിതത്തിൽ നിറവേറ്റാനുള്ള ആഗ്രഹങ്ങളുടെ പട്ടിക അവർ പങ്കുവയ്ക്കുന്നത് കേട്ട് പ്രേക്ഷകർ ഒരുപാട് രസിച്ചിരുന്നു. ജോലി ചെയ്യുമ്പോൾ മാത്രം മതിയോ ആഗ്രഹങ്ങൾ?. പോരെന്നു പറഞ്ഞുകൊണ്ട് ജോലി രാജിവച്ച ശേഷം തനിക്ക് ചെയ്യാനേറെ ആഗ്രഹമുള്ള കാര്യങ്ങളെപ്പറ്റി അഭിമുഖത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് ഒരു സിഇഒ വാർത്തകളിൽ നിറയുന്നത്.  

67.9 ബില്യണ്‍ ഡോളര്‍ (55.3 ബില്യണ്‍ യൂറോ) ആസ്തിയുള്ള അസറ്റ് മാനേജര്‍ സ്ഥാപനമാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ഫണ്ട് മാനേജ്മെന്‍റ്. കഴിഞ്ഞ ദിവസം ഇതിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ്രൂ ഫോര്‍മിക്ക (Andrew Formicaceo) സ്ഥാപനത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 ന് കമ്പനി ഡയറക്ടര്‍ സ്ഥാനവും ഒഴിയുമെന്നു ആന്‍ഡ്രൂ  പ്രസ്താവനയില്‍ അറിയിച്ചു. രാജി വച്ച ശേഷം എന്താണ് അടുത്ത പരിപാടി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആന്‍ഡ്രൂ നല്‍കിയ ഉത്തരമാണ് രസകരം. ഇനി തനിക്ക് കടല്‍തീരത്ത് പോയി വെറുതേ ഇരുന്ന് കാറ്റ് കൊള്ളണമെന്നാണ് ആന്‍ഡ്രൂ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്. മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മുന്‍ സിഇഒ കൂട്ടിച്ചേര്‍ത്തു. 

വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് ആന്‍ഡ്രൂ സ്ഥാപനത്തെയും അറിയിച്ചിരിക്കുന്നത്. പ്രായമായി വരുന്ന മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവിടണമെന്നും ഇദ്ദേഹം പറയുന്നു. 51കാരനായ ആന്‍ഡ്രൂ 2019ലാണ് ജൂപ്പിറ്ററിലെത്തുന്നത്. കമ്പനിയിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ മാത്യു ബീസ്ലി ആന്‍ഡ്രൂവിന്‍റെ പിന്‍ഗാമിയാകും. 

ജൂപ്പിറ്ററില്‍ ചേരും മുന്‍പ് ജാനസ് ഹെന്‍ഡെര്‍സണിലാണ് ആന്‍ഡ്രൂ ഫോര്‍മിക്ക ജോലി ചെയ്തിരുന്നത്. 2017ല്‍ അമേരിക്കന്‍ ഫണ്ട് ഹൗസായ ജാനസും യുകെ സ്ഥാപനമായ ഹെന്‍ഡെര്‍സണും തമ്മിലുള്ള ലയനത്തിന് ചുക്കാന്‍ പിടിച്ചത് ആന്‍ഡ്രൂവാണ്. എന്നാല്‍ ലയനത്തിന് ശേഷം 2018ല്‍ ജാനസ്  ഹെന്‍ഡേര്‍സണ്‍ സിഇഒ ആകാന്‍ ആന്‍ഡ്രൂവിന് സാധിച്ചില്ല. സഹ-സിഇഒ ആയിരുന്ന ഡിക്ക് വീലിനാണ് ഈ നിയോഗം ലഭിച്ചത്. ഒക്ടോബറില്‍ രാജിവയ്ക്കുമെങ്കിലും ആന്‍ഡ്രൂ 2023 ജൂണ്‍ വരെ ജൂപ്പിറ്ററിന്‍റെ ഭാഗമായി തുടരും. പുതിയ സിഇഒ ബീസ്ലി ഈ വര്‍ഷം ജനുവരിയിലാണ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസറായി ജൂപ്പിറ്ററില്‍ ചേരുന്നത്. മുന്‍പ് ആര്‍ട്ടെമിസ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റിലെ സിഐഒ ആയിരുന്നു.

റിട്ടയര്‍ ചെയ്തോ ഇനി  ജീവിതം തുടങ്ങാം

Content Summary : CEO of $68 billion firm quits to ‘sit at the beach and do nothing’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com