ADVERTISEMENT

പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകൾക്ക് ഒഎംആർ പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ ഏതെങ്കിലും ഒന്നോ ഒന്നിലധികമോ നടത്തിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഒാരോ തസ്തികയുടെയും സ്വഭാവമനുസരിച്ചാണ് ഇതു പിഎസ്‌സി തീരുമാനിക്കുക. വളരെക്കുറച്ച് അപേക്ഷകരേയുള്ളൂ എങ്കിൽ ഇന്റർവ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അല്ലെങ്കിൽ ഒഎംആർ പരീക്ഷയും ഉണ്ടാകും. 

 

∙ഷോർട് ലിസ്റ്റ്: 

റാങ്ക് ലിസ്റ്റ് തയാറാക്കുംമുൻപ് ഇന്റർവ്യൂകൂടി നടത്താൻ നിശ്ചയിച്ചിട്ടുള്ള തസ്തികകൾക്ക് ഒഎംആർ പരീക്ഷയ്ക്കു ശേഷം പ്രസിദ്ധീകരിക്കുന്നതാണു ഷോർട് ലിസ്റ്റ്. 

 

∙സാധ്യതാ ലിസ്റ്റ്: 

ഇന്റർവ്യൂ ഇല്ലാതെ തിരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ച തസ്തികകൾക്ക് ഒഎംആർ പരീക്ഷയ്ക്കു േശഷം പ്രസിദ്ധീകരിക്കുന്നതാണ് സാധ്യതാ ലിസ്റ്റ്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്, എൽഡി ക്ലാർക്ക്, ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലൊന്നും പിഎസ്‌സി ഇന്റർവ്യൂ നടത്താറില്ല. 

 

∙അർഹതാ ലിസ്റ്റ്: 

സാധ്യതാ ലിസ്റ്റ്, ഷോർട് ലിസ്റ്റ് എന്നിവയ്ക്കു പുറമേ ഇപ്പോൾ അർഹതാ ലിസ്റ്റ് എന്ന പേരിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്കു ശേഷം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുകളാണ് അർഹതാ ലിസ്റ്റ്. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ നിലവാരത്തിലുള്ള പൊതുപരീക്ഷകൾക്കുശേഷം ആദ്യം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് അർഹതാ ലിസ്റ്റ്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മെയിൻ പരീക്ഷ നടത്തിയ ശേഷമായിരിക്കും സാധ്യതാ ലിസ്റ്റ്/ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

 

∙റാങ്ക് ലിസ്റ്റ്: 

സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഇന്റർവ്യൂവിനുശേഷമാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. സിവിൽ പൊലീസ് ഓഫിസർ പോലെയുള്ള തസ്തികകളിലും മെയിൻ പരീക്ഷയ്ക്കുശേഷം ഷോർട് ലിസ്റ്റാണു പ്രസിദ്ധീകരിക്കുക. കായികക്ഷമതാ പരീക്ഷകൂടി നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

 

കട്ട്‌ ഓഫ് എത്ര, എങ്ങനെ?

റിപ്പോർട്ട് ചെയ്ത ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശയുടെ എണ്ണം, കാലാവധിക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മിനിമം മാർക്ക് അഥവാ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണമാണ് ആദ്യം തീരുമാനിക്കുക. അതിനനുസരിച്ച് ഒരു മാർക്ക് നിശ്ചയിക്കുന്നു. നിശ്ചിത കട്ട് ഓഫ് മാർക്ക് ലഭിച്ച് ഷോർട്/സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടാലും വിജ്ഞാപനപ്രകാരമുള്ള എല്ലാ യോഗ്യതകളും ഉണ്ടെങ്കിലേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തൂ. കട്ട് ഓഫ് മാർക്ക് ഉദ്യോഗാർഥിയെ പിഎസ്‌സി അറിയിക്കാറില്ല. പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിനു താഴെയാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെടാനുള്ള മിനിമം മാർക്ക് പ്രസിദ്ധീകരിക്കുക.

 

Content Summary : PSC Criteria for ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com